ശമ്പളം 200% ഉയരും; സര്‍ക്കാരിന് മുന്നില്‍ ആവശ്യവുമായി ജീവനക്കാര്‍, നിര്‍ണായക യോഗം അടുത്ത 25ന്
ന്യൂഡല്‍ഹി: എട്ടാം ശമ്പള കമ്മീഷന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ട് പോകവെ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിനിധികള്‍ സുപ്രധാന യോഗം ചേരുന്നു. നാഷണല്‍ കൗണ്‍സില്‍- ജോയിന്റ് കണ്‍സള്‍ട്ടേറ്റീവ് മെഷിനറി (എന്‍സി-ജെസിഎം) ഫെബ്രുവരി 25ന് ഡല്‍ഹിയിലാണ് യോഗം വിളിച്ചിരിക്കുന്നത്.
ഡ്രാഫ്റ്റ് കമ്മിറ്റിയിലെ എല്ലാ അംഗങ്ങള്‍ക്കും ഡല്‍ഹിയിലെ യോഗത്തിന് ക്ഷണമുണ്ട്. ഒരാഴ്ച്ച ഡല്‍ഹിയില്‍ തങ്ങി അഭിപ്രായ സമന്വയം രൂപീകരിച്ച് ശമ്പള കമ്മീഷന് മുമ്പില്‍ അവതരിപ്പിക്കാനാണ് തീരുമാനം. എല്ലാ വിഭാഗത്തില്‍പ്പെടുന്ന ജീവനക്കാരുടെ ശമ്പളം, ആനുകൂല്യങ്ങള്‍, അവധികള്‍ എന്നിവയെല്ലാം വിശദമായി ചര്‍ച്ച ചെയ്ത് കരട് രൂപം തയ്യാറാക്കി സമര്‍പ്പിക്കും.

എട്ടാം ശമ്പള കമ്മീഷന്‍ പരിഗണിക്കേണ്ട ഫിറ്റ്‌മെന്റ് ഫാക്ടര്‍ എത്രയാകണം എന്ന് ഈ യോഗം ശുപാര്‍ശ ചെയ്യും. ഏഴാം ശമ്പള കമ്മീഷന്‍ അടിസ്ഥാനമാക്കിയ ഫിറ്റ്‌മെന്റ് ഫാക്ടര്‍ 2.57 ആയിരുന്നു. അതായത്, 157 ശതമാനം ശമ്പള വര്‍ധനവ്. ക്ഷാമ ബത്ത 2016ലെ അടിസ്ഥാന ശമ്പളത്തിന്റെ 125 ശതമാനം ആയിരുന്നു. എന്നാല്‍ പുതിയ ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ ക്ഷാമ ബത്ത പൂജ്യം ആയിരിക്കും.
എട്ടാം ശമ്പള കമ്മീഷന്‍ നടപ്പാക്കുമ്പോള്‍ ഓരോ ആറ് മാസത്തിലും ക്ഷാമ ബത്ത ചേര്‍ക്കുകയാണ് ചെയ്യുക. വിപണി വിലനിലവാരം കൂടി പരിഗണിച്ചാണ് ആറ് മാസത്തില്‍ ക്ഷാമ ബത്ത നിര്‍ണയിക്കുക. ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ചു. ഈ വേളയില്‍ നല്‍കിയ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 58 ശതമാനം ആയിരുന്നു.
200 % ശമ്പള വര്‍ധനവ് വരുമോ
ഏഴാം ശമ്പള കമ്മീഷന്‍ നിശ്ചയിച്ചതിനേക്കാള്‍ ഉയര്‍ന്ന ഫിറ്റ്‌മെന്റ് ഫാക്ടര്‍ എട്ടാം ശമ്പള കമ്മീഷന്‍ നിര്‍ണയിക്കണം എന്നാണ് ജീവനക്കാരുടെ വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എഫ്എന്‍പിഒ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെടുന്നത് 3.0 ഫിറ്റ്‌മെന്റ് ഫാക്ടറാണ്. എന്നാല്‍ എന്‍സി-ജെസിഎം ഇതുവരെ വിഷയത്തില്‍ പരസ്യപ്രതികരണം നടത്തിയിട്ടില്ല. ഡ്രാഫ്റ്റ് അംഗങ്ങള്‍ക്കിടയില്‍ ധാരണയായ ശേഷമാകും ഇവരുടെ പ്രതികരണം.
ഫിറ്റ്‌മെന്റ് ഫാക്ടര്‍ 3.0, 3.05, 3.1, 3.2, 3.25 എന്നിങ്ങനെ വിവിധ ലെവല്‍ ജീവനക്കാര്‍ക്ക് വ്യത്യസ്ത ഫിറ്റ്‌മെന്റ് ഫാക്ടറാണ് എഫ്എന്‍പിഒ ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ വര്‍ഷത്തില്‍ അഞ്ച് ശതമാനം ശമ്പള വര്‍ധനവ് എല്ലാ ലെവലിലുള്ള ജീവനക്കാര്‍ക്കും വേണം എന്നും സംഘടന ആവശ്യപ്പെട്ടു.
ഫിറ്റ്‌മെന്റ് ഫാക്ടര്‍ 3.0 ആയി കണക്കാക്കിയാല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം 200 ശതമനം ഉയരും. നിലവിലുള്ള കുറഞ്ഞ അടിസ്ഥാന ശമ്പളമായ 18000 രൂപ 54000 ആയി ഉയരും. കൂടിയ അടിസ്ഥാന ശമ്പളമായ 225000 രൂപ 731000 രൂപയായി ഉയരും. എല്ലാ സംഘടനകളില്‍ നിന്നും അഭിപ്രായം സ്വീകരിച്ച് എട്ടാം ശമ്പള കമ്മീഷന്‍ അടുത്ത വര്‍ഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കേന്ദ്രമന്ത്രിസഭ അംഗീകരിച്ചാല്‍ ശമ്പള പരിഷ്‌കരണം നടപ്പാകും.












Click it and Unblock the Notifications