സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുതയില്ല; ഹര്‍ജികള്‍ തള്ളി സുപ്രീംകോടതി
ന്യൂദല്‍ഹി: സ്വവര്‍ഗവിവാഹത്തിന് നിയമപരമായ അംഗീകാരം നല്‍കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളി സുപ്രീംകോടതി. 3-2 നാണ് ഹര്‍ജികള്‍ തള്ളിയത്. നാല് വിധിന്യായങ്ങളുണ്ടെന്ന് നേരത്തെ തന്നെ കോടതി വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ എസ് കെ കൗള്‍, എസ് ആര്‍ ഭട്ട്, ഹിമ കോഹ്ലി, പി എസ് നരസിംഹ എന്നിവരാണ് വിധി പുറപ്പെടുവിച്ചത്.
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും ജസ്റ്റിസ് എസ് കെ കൗളും മാത്രമാണ് സ്വവര്‍ഗ വിവാഹം അംഗീകരിക്കണമെന്ന ഹര്‍ജിയെ അംഗീകരിച്ചത്. ബാക്കി മൂന്ന് പേരും ഹര്‍ജി അംഗീകരിച്ചില്ല. സ്വവര്‍ഗരതി വരേണ്യ സങ്കല്‍പ്പമല്ല എന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ക്വിയര്‍ വിഭാഗത്തിലുള്ളവര്‍ക്കും മൗലികവാകാശങ്ങള്‍ ഉണ്ട് എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സ്‌പെഷ്യല്‍ മാരേജ് ആക്ടിലെ സെക്ഷന്‍ നാല് ഭരണഘടനാവിരുദ്ധമാണെന്നും ദത്താവകാശ നിയമങ്ങള്‍ ക്വിയര്‍ കമ്മ്യൂണിറ്റിയോട് വിവേചനം കാണിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണങ്ങളോട് രവീന്ദ്ര ഭട്ട് യോജിച്ചില്ല. സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കാന്‍ നിയമം ഉണ്ടാക്കാന്‍ കോടതിക്ക് ഭരണകൂടത്തെ നിര്‍ബന്ധിക്കാനാവില്ല എന്ന് ഭട്ട് പറഞ്ഞു. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് സംബന്ധിച്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കുന്നതിനും ജസ്റ്റിസ് രവീന്ദ്ര ഭട്ട് വിയോജിപ്പ് പ്രകടിപ്പിച്ചു. സ്വവര്‍ഗ ദമ്പതികള്‍ക്കായി ഒരു സാമൂഹികമോ നിയമപരമോ ആയ വ്യവസ്ഥ സൃഷ്ടിക്കാന്‍ കോടതികള്‍ക്ക് കഴിയില്ല.
റേഷന്‍ കാര്‍ഡുകള്‍, പെന്‍ഷന്‍, ഗ്രാറ്റുവിറ്റി, പിന്തുടര്‍ച്ചാവകാശം എന്നിവയുള്‍പ്പെടെയുള്ള സ്വവര്‍ഗ ദമ്പതികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പാനലുമായി മുന്നോട്ട് പോകാന്‍ ബെഞ്ച് കേന്ദ്രത്തെ അനുവദിച്ചു. സ്വവര്‍ഗ വിവാഹം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് 18 സ്വവര്‍ഗ ദമ്പതികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഭരണഘടനാ ബെഞ്ചില്‍ ഹിമ കോലി ഒഴികെയുള്ളവര്‍ പ്രത്യേക വിധി പ്രസ്താവം നടത്തി. സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത വേണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ മേയ് 11 ന് വാദം പൂര്‍ത്തിയാക്കിയത്. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. അതേസമയം സ്വവര്‍ഗ വിവാഹം സംബന്ധിച്ച നിയമനിര്‍മാണത്തിലേക്കു കടക്കാന്‍ കോടതിക്ക് കഴിയില്ലെന്ന് നേരത്തെ തന്നെ ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. ഇതില്‍ പാര്‍ലമെന്റാണ് തീരുമാനം കൈക്കൊള്ളേണ്ടത് എന്നായിരുന്നു ചന്ദ്രചൂഢ് പറഞ്ഞത്.












Click it and Unblock the Notifications