ഒരടി പോലും പിന്നോട്ടില്ല, മെയ് ആദ്യപകുതിയിൽ പാർലമെന്റ് മാർച്ചിന് ആഹ്വാനം ചെയ്ത് കർഷകർ
ദില്ലി: കര്‍ഷക സമരം കൂടുതല്‍ ശക്തമാക്കാനുളള തീരുമാനവുമായി കര്‍ഷക സംഘടനകള്‍. കര്‍ഷകര്‍ വീണ്ടും പാര്‍ലമെന്റിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. മെയ് ആദ്യപകുതിയില്‍ ആയിരിക്കും കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ച് എന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. കഴിഞ്ഞ നാല് മാസത്തില്‍ അധികമായി ആയിരക്കണക്കിന് കര്‍ഷകര്‍ ദില്ലി അതിര്‍ത്തിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് സമരത്തിലാണ്.
മെയ് മാസത്തിലെ പാര്‍ലമെന്റ് മാര്‍ച്ചില്‍ കര്‍ഷകരും തൊഴിലാളികളും മാത്രമായിരിക്കില്ല പങ്കെടുക്കുകയെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. സ്ത്രീകളും ദളിതരും ആദിവാസികളും തൊഴില്‍രഹിതരായ യുവാക്കളും അടക്കം സമൂഹത്തിന്റെ വിവിധ തുറകളില്‍പ്പെട്ട ആളുകള്‍ സമരത്തിന്റെ ഭാഗമാകും. കര്‍ഷസമരത്തിന്റെ മൂന്ന് പ്രധാന കേന്ദ്രങ്ങള്‍ ആയ സിംഘു, തിക്രി, ഗാസിപൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പ്രതിഷേധക്കാര്‍ കാല്‍നടയായി ദില്ലിയിലേക്ക് മാര്‍ച്ച് ചെയ്യുക. പാർലമെന്റ് മാർച്ചിന്റെ തിയ്യതി പിന്നീട് പ്രഖ്യാപിക്കും

ഏപ്രില്‍ 1 മുതല്‍ തന്നെ കേന്ദ്ര സര്‍ക്കാരിന് എതിരെയുളള സമരം കടുപ്പിക്കാനാണ് കര്‍ഷകരുടെ തീരുമാനം. ഏപ്രില്‍ 1ന് കെഎംപി ഹൈവേ 24 മണിക്കൂര്‍ തടയാന്‍ കര്‍ഷകര്‍ തീരുമാനിച്ചിരിക്കുകയാണ്. കേന്ദ്ര ബജറ്റ് ദിനമായ ഫെബ്രുവരി ഒന്നിന് ആയിരുന്നു പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ റിപ്പബ്ലിക്ക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ദില്ലി ചലോ മാര്‍ച്ച് സംഘര്‍ഷഭരിതമായതിനെ തുടര്‍ന്നാണ് പാര്‍ലമെന്റ് മാര്‍ച്ച് നീട്ടി വെച്ചത്.
ട്രാക്ടറുകളില്‍ കര്‍ഷകര്‍ ദില്ലിയിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. നിരവധി കര്‍ഷകര്‍ക്കും പോലീസുകാര്‍ക്കും അടക്കം സംഘര്‍ഷത്തില്‍ പരിക്കേറ്റു. സമാധാനപരമായി മുന്നോട്ട് പോകുകയായിരുന്ന കര്‍ഷക സമരത്തെ മോശമാക്കി ചിത്രീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആണ് അക്രമം ആസൂത്രണം ചെയ്തത് എന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. ഇതിനകം കേന്ദ്ര സര്‍ക്കാരും കര്‍ഷകരും തമ്മില്‍ പല വട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും സമരം അവസാനിപ്പിക്കാനായിട്ടില്ല.












Click it and Unblock the Notifications