അഴിമതിക്കേസില്‍ അറസ്റ്റിൽ, മന്ത്രി സ്ഥാനം രാജി വെച്ച് മനീഷ് സിസോദിയയും സത്യേന്ദ്ര ജെയിനും

ദില്ലി: അഴിമതിക്കേസില്‍ അറസ്റ്റിലായതോടെ അരവിന്ദ് കെജ്രിവാള്‍ മന്ത്രിസഭയില്‍ നിന്നും രാജി വെച്ച് മനീഷ് സിസോദിയയും സത്യേന്ദ്ര ജെയിനും. ദില്ലി ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയയെ മദ്യനയക്കേസിലാണ് സിബിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ദില്ലി ആരോഗ്യവകുപ്പ് മന്ത്രിയായ സത്യേന്ദ്ര ജെയിന്‍ കള്ളപ്പണക്കേസിലാണ് ജയിലില്‍ കഴിയുന്നത്.
അറസ്റ്റ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സിസോദിയ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇടപെടാനില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി ഹര്‍ജി തളളിയത് സിസോദിയയ്ക്ക് തിരിച്ചടിയായി. ഇതിന് പിന്നാലെയാണ് രാജി പ്രഖ്യാപനം. രണ്ട് മന്ത്രിമാരുടേയും രാജി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സ്വീകരിച്ചു. മന്ത്രിമാരുടെ രാജി കുറ്റസമ്മതം അല്ലെന്നും അത് ഭരണതലത്തിലുളള നടപടിക്രമം മാത്രമാണ് എന്നും ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചു. പുതിയ മന്ത്രിമാരെ കാബിനറ്റില്‍ ഉള്‍പ്പെടുത്തിയേക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
കെജ്രിവാള്‍ മന്ത്രിസഭയില്‍ 18 വകുപ്പുകള്‍ ആണ് ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയ കൈകാര്യം ചെയ്തിരുന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അടക്കമുളള ചിലര്‍ പാര്‍ട്ടി ചുമതലകള്‍ ഉളളതിനാല്‍ വകുപ്പുകള്‍ ഏറ്റെടുത്തിരുന്നില്ല. വിദ്യാഭ്യാസം, ധനകാര്യം, ആസൂത്രണം, വിജിലന്‍സ്, ടൂറിസം, കല സാംസ്‌ക്കാരികം, തൊഴില്‍, പൊതുമരാമത്ത്, ആരോഗ്യം, വ്യവസായം, നഗര വികസനം, കുടിവെള്ളം അടക്കമുളള പ്രധാനപ്പെട്ട വകുപ്പുകളൊക്കെ കൈകാര്യം ചെയ്തിരുന്നത് സിസോദിയ ആയിരുന്നു. ദില്ലിയിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തിയതിന് സിസോദിയ കയ്യടി നേടിയിരുന്നു.
ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്ന സത്യേന്ദര്‍ ജെയിന്‍ പത്ത് മാസത്തോളമായി ജയിലിലാണ്. ഇതോടെയാണ് ആരോഗ്യ വകുപ്പ് കൂടി സിസോദിയയുടെ കൈകളിലേക്ക് എത്തിയത്. മനീഷ് സിസോദിയയുടെ വകുപ്പുകള്‍ കൈലാഷ് ഗെഹ്ലോട്ട്, രാജ് കുമാര്‍ എന്നീ മന്ത്രിമാര്‍ക്കായി വിഭജിച്ച് നല്‍കും. കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ജെയിന്‍ തീഹാര്‍ ജയിലിലാണ്. 2024ലെ പൊതുതിരഞ്ഞെടുപ്പിന് തയ്യാറെടുക്കവേ ഉപമുഖ്യമന്ത്രി അടക്കം രണ്ട് പ്രധാന നേതാക്കള്‍ അഴിമതി കേസുകളില്‍ അകപ്പെട്ടത് ആം ആദ്മി പാര്‍ട്ടിക്ക് വലിയ ക്ഷീണമായിരിക്കുകയാണ്.












Click it and Unblock the Notifications