അമേരിക്ക ഇറങ്ങി കളിക്കുന്നു; കണക്കുകൾ കുതിച്ചു, സൗദിയ്ക്കും യുഎഇയ്ക്കും ഇന്ത്യയിൽ തിരിച്ചടി
ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടി ചർച്ചകൾ പുരോഗമിക്കുകയാണ്. കാർഷികോൽപന്നങ്ങൾക്കും പാലുത്പന്നങ്ങൾക്കും ഇന്ത്യൻ വിപണിയിൽ കൂടുതൽ പ്രവേശനം നേടുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് ചർച്ച നടക്കുന്നത്. അതിനിടയിൽ ഇതാ യുഎസിൽ നിന്നുള്ള പാചകവാതകം കൂടുതലായി ഇറക്കുമതി ചെയ്യാനുള്ള നീക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ് ഇന്ത്യ. യുഎസുമായുള്ള ഊർജ്ജ വ്യാപാരം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. പാചകവാതകത്തിനായി ഇന്ത്യ മിഡിൽ ഈസ്റ്റ് രാജ്യങ്ങളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. 2024 ൽ ഇന്ത്യ ഏകദേശം 20.5 ദശലക്ഷം മെട്രിക്ടൺ പാചകവാതകമാണ് ഇറക്കുമതി ചെയ്തത്. ഇതിൽ 90 ശതമാനത്തിലധികവും മധ്യപൂർവ്വേഷ്യൻ രാജ്യങ്ങളിൽ നിന്നാണ്. സൗദി അറേബ്യ,യുഎഇ , ഖത്തർ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും പാചകവാതകം എത്തുന്നത്.

യുഎസിൽ നിന്നുള്ള ഇറക്കുമതിക്ക് ചിലവ് കൂടുതൽ
ചരക്ക് കടത്തിന് ഉയർന്ന ചിലവ് വരുന്നതിനാലാണ് മുൻപ് യുഎസിനെ ഇന്ത്യ പാചകവാതകത്തിനായി ആശ്രയിക്കാതിരുന്നത്. എന്നാൽ 2025 മെയ് മുതൽ ഇന്ത്യ ( ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം) യുഎസ് പാചകവാതകം കൂടുതലായി വാങ്ങി തുടങ്ങി. ചൈനയുടെ നീക്കമാണ് ഇന്ത്യക്ക് ഗുണകരമായത്. കാരണം വ്യാപാര യുദ്ധം കൊടുമ്പിരി കൊണ്ട ഘട്ടത്തിൽ ചൈന യുഎസിന്റെ പ്രൊപ്പൈൻ ഇറക്കുമതിക്ക് ഉയർന്ന തീരുവ ചുമത്തിയിരുന്നു. ഇതോടെ ചൈനീസ് കമ്പനികൾ യുഎസിൽ നിന്നും പ്രൊപൈൻ വാങ്ങുന്നത് കുറഞ്ഞു. ഇത് എൽപിജി വില കുറയാൻ കാരണമായി. ഇതോടെ ഉയർന്ന ഷിപ്പിങ്ങ് ചെലവ് നൽകിയാലും യുഎസിൽ നിന്നുള്ള പാചകവാതക ഇറക്കുമതി ഇന്ത്യയ്ക്ക് ലാഭകരമായി. എൽപിജി ഉൽപാദനത്തിനായി ഉപയോഗിക്കുന്ന യുഎസ് പ്രൊപ്പെയ്ൻ, ബ്യൂട്ടെയ്ൻ എന്നിവയുടെ ഇറക്കുമതി നികുതി ഇല്ലാതാക്കാനും ഇന്ത്യ പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ഊർജ കയറ്റുമതി വർധിപ്പിക്കാൻ
ഇന്ത്യയിലേക്കുള്ള ഊർജ്ജ കയറ്റുമതി വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ ഫെബ്രുവരിയിൽ നടന്ന നരേന്ദ്ര മോദി-ഡൊണാൾഡ് ട്രംപ് കൂടിക്കാഴ്ചയിൽ ചർച്ചയായിരുന്നു. യുഎസിൽ നിന്നുളള ഇറക്കുമതി 15 ബില്യൺ ഡോളറിൽ 25 ബില്യൺ ഡോളറായി വർധിപ്പിക്കാനുള്ള സാധ്യതയാണ് യുഎസ് പരിശോധിക്കുന്നത് .2030 ആകുമ്പോഴേക്കും 500 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഇരുരാജ്യങ്ങളും ലക്ഷ്യം വെയ്ക്കുന്നത്.
അതേസമയം യുഎസ് നിന്നും ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയും വർധിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രിൽ വരെ 270 ശതമാനത്തിന്റെ വർധനവാണ് യുഎസ് ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ രേഖപ്പെടുത്തിയത്. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ 6.31 ദശലക്ഷം ക്രൂഡ് ഓയിലാണ് ഇന്ത്യ യുഎസിൽ നിന്നും ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1.69 ദശലക്ഷം ടൺ മാത്രമായിരുന്നു ഇറക്കുമതി. ഊർജ ഇറക്കുമതി വൈവിധ്യവരിക്കുന്നതിന്റെ ഭാഗമായി ക്രൂഡ് ഓയിലും പാചകവാതകത്തിനുമായി യുഎസിനെ കൂടുതലായി ആശ്രയിക്കാനാണ് ഇന്ത്യയുടെ നീക്കം എന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു.
നിലവിൽ റഷ്യയിൽ നിന്നാണ് ഇന്ത്യ ഏറ്റവും അധികം ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത്. യുക്രൈൻ-റഷ്യ സംഘർഷം തുടർന്ന് റഷ്യയ്ക്ക് മേൽ യൂറോപ്യൻ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധവും ഇന്ത്യയ്ക്ക് എണ്ണ വില കുറച്ച് നൽകാൻ റഷ്യയെ നിർബന്ധിതരാക്കി. ഇതോടെയാണ് റഷ്യയിൽ നിന്നും കൂടുതലായി ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്ത് തുടങ്ങിയത്. റഷ്യയെ കൂടാതെ സൗദി, കുവൈത്ത്, യുഎഇ എന്നിവിടങ്ങളിൽ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. അതേസമയം യുഎസ് ഉയർന്ന് വന്നാൽ നിലവിൽ നാലാം സ്ഥാനത്തുള്ള യുഎഇയിക്കാകും ക്രൂഡ് ഓയിലിന്റെ കാര്യത്തിൽ കൂടുതൽ തിരച്ചടിയാകുക.












Click it and Unblock the Notifications