പോയാലും മഴക്കാലത്ത് വീണ്ടും വരും: കൊറോണയുടെ രണ്ടാം തരംഗത്തിൽ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്!!
ദില്ലി: രാജ്യവ്യാപക ലോക്ക്ഡൌൺ ഏർപ്പെടുത്തി ഇന്ത്യയിൽ കൊറോണ വൈറസ് നിയന്ത്രിക്കാൻ കഴിഞ്ഞാലും രണ്ടാം തരംഗം മഴക്കാലത്ത് എത്തുമെന്ന് ഗവേഷകർ. കാലവർഷത്തിന്റെ സമയത്ത് ജൂലൈ അവസാനമോ ഓഗസ്റ്റിലോ കൊറോണ വൈറസിന്റെ രണ്ടാം തരംഗം വരുമെന്നാണ് ശിവ് നാദർ സർവ്വകലാശാല മാത്തമാറ്റിക്സ് വിഭാഗം അസോസ്യേറ്റ് പ്രൊഫസർ സമിത് ഭട്ടാചാര്യ ചൂണ്ടിക്കാണിക്കുന്നത്.
ഇന്ത്യയിൽ വൈറസ് വ്യാപിക്കുന്നത് ഏത് തരത്തിലായിരിക്കും എന്നത് നിയന്ത്രണങ്ങളിൽ വരുത്തുന്ന ഇളവും സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കുന്നതിന്റെ തോതും അനുസരിച്ചായിരിക്കും. ക്രമേണ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ എണ്ണം കുറയാൻ തുടങ്ങും. അതിന് ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാമെങ്കിലും, വൈറസിന്റെ രണ്ടാം തരംഗം നിശ്ചയമായും ഉണ്ടാകുമെന്നാണ് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നത്.

ജൂലൈ അവസാനമോ ഓഗസ്റ്റിലോ കൊറോണ വൈറസിന്റെ രണ്ടാം തരംഗം അതിന്റെ പാരമ്യത്തിലെത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. സോഷ്യൽ ഡിസ്റ്റൻസിംഗ് രോഗവ്യാപനം തടയുന്നതിൽ പ്രഥമ ഘടകമാണെന്ന് നേരത്തെ തന്നെ തെളിഞ്ഞിട്ടുള്ളതുമാണ്. ഈ സാഹചര്യങ്ങൾ നിയന്ത്രണങ്ങൾ നീങ്ങി സാധാരണ ഗതിയിലേക്ക് തിരിച്ചെത്തുന്നോടെ വീണ്ടും കൊറോണ വൈറസ് വീണ്ടും വന്നേക്കാമെന്നാണ് ഭട്ടാചാര്യ ചൂണ്ടിക്കാണിക്കുന്നത്. ഇദ്ദേഹത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
ചൈനയിൽ ലോക്ക്ഡൌൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ സംഭവിച്ച കാര്യങ്ങൾ കൂടി വിശദീകരിച്ചാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. മാർച്ച് 25ന് ഇന്ത്യയിൽ 618 കൊറോണ വൈറസ് കേസുകളാണ് ഉണ്ടായിരുന്നത്. 13 പേർ മാത്രമാണ് അന്ന് രോഗം ബാധിച്ച് രാജ്യത്ത് മരിച്ചിരുന്നത്. ഈ സമയത്താണ് രാജ്യവ്യാപക ലോക്ക് ഡൌൺ പ്രഖ്യാപിച്ചത്. ലോക്ക് ഡൌൺ 31 ദിവസം പിന്നിടുമ്പോഴേക്കും 23,077 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. 718 പേരാണ് രാജ്യത്ത് മരിച്ചത്. കഴിഞ്ഞ 10 ദിവസത്തിനിടയിൽ രോഗം ഭേദമാവുന്നവരുടെ എണ്ണത്തിൽ രണ്ടിരട്ടി വർധനവ് ഉണ്ടായിട്ടുണ്ട്.












Click it and Unblock the Notifications