പ്രതിപക്ഷം രണ്ടാമത്തെ യോഗത്തിന്; 24 പാര്‍ട്ടികള്‍ക്ക് ക്ഷണം, 8 പാര്‍ട്ടികള്‍ പുതുതായി വന്നേക്കും
ബെംഗളൂരു: പ്രതിപക്ഷ കക്ഷികളുടെ രണ്ടാമത്തെ യോഗം നാളെ ആരംഭിക്കും. 2024 മുന്നില്‍ കണ്ട് പ്രതിപക്ഷ ഐക്യം രൂപീകരിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടികള്‍. കഴിഞ്ഞ തവണ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്ന് പട്‌നയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചിരുന്നു. ഇത്തവണ ബെംഗളൂരുവിലാണ് യോഗം നടക്കുന്നത്. ജൂലായ് 17, 18 തിയതികളിലായിട്ടാണ് യോഗം നടക്കുന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് നാളെ യോഗം നടക്കുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എല്ലാ പാര്‍ട്ടികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 24 ബിജെപി ഇതര പാര്‍ട്ടികള്‍ക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, രണ്‍ദീപ് സുര്‍ജേവാല, ആഭ്യന്തര മന്ത്രി പരമേശ്വര എന്നിവര്‍ സംസ്ഥാനത്തെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി.അതേസമയം ജൂണ്‍ 23ന് നടന്ന ആദ്യ പ്രതിപക്ഷ യോഗത്തില്‍ 15 പാര്‍ട്ടികളാണ് പങ്കെടുത്തത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യോഗത്തില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുമോ എന്നതും ചോദ്യമാണ്.

പ്രതിപക്ഷ നേതാക്കള്‍ക്കെല്ലാം അത്താഴ വിരുന്നും പ്രതിപക്ഷ യോഗത്തിന് ശേഷം സംഘടിപ്പിക്കുന്നുണ്ട്. അത് ജൂലായ് 17ന് ആയിരിക്കണം. ജൂലായ് പതിനെട്ടിന് ആഴ്ത്തിലുള്ള ഒരു യോഗമാണ് നടക്കുക. ഇത്തവണ കൂടുതല്‍ വിഷയങ്ങളിലേക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ പോകും. ബിജെപിയെ എങ്ങനെ നേരിടും എന്നതെല്ലാം ചര്‍ച്ചയാവും. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപലാണ് ചര്‍ച്ചകളുടെ തിയതി പ്രഖ്യാപിച്ചത്.
ഫാസിസ്റ്റ്-ജനാധിപത്യവിരുദ്ധ ശക്തികളെ പരാജയപ്പെടുത്താനുള്ള ശ്രമത്തില്‍, ഞങ്ങള്‍ ശക്തമായി മുന്നോട്ട് പോവുകയാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. അതേസമയം ആംആദ്മി പാര്‍ട്ടി പ്രതിപക്ഷ യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് കേന്ദ്രത്തിന്റെ ഓര്‍ഡിനന്‍സിനെ പിന്തുണയ്ക്കില്ലെന്ന് അറിയിച്ച സാഹചര്യത്തിലാണ് തീരുമാനം. ഡല്‍ഹി ഓര്‍ഡിനന്‍സിനെ കോണ്‍ഗ്രസ് എതിര്‍ത്തില്ലെങ്കില്‍, സഖ്യത്തിലുണ്ടാവില്ലെന്ന് എഎംപി നേരത്തെ വ്യക്തമാക്കിയതാണ്.
പട്‌നയില്‍ നടന്ന പ്രതിപക്ഷ യോഗത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് എഎപിയുടെ ഓര്‍ഡിനന്‍സ് വിഷയമായിരുന്നു. കോണ്‍ഗ്രസിന്റെ മൗനത്തെ കെജ്രിവാള്‍ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് ഓര്‍ഡിനന്‍സ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. കേന്ദ്രത്തിന്റെ ഓര്‍ഡിനന്‍സിനെ കോണ്‍ഗ്രസ് ഒരിക്കലും പിന്തുണയ്ക്കില്ലെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. എഎപി പ്രതിപക്ഷ യോഗത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.
ഓര്‍ഡിനന്‍സ് വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ശിവസേന ഉദ്ധവ് വിഭാഗവും പ്രതിപക്ഷ യോഗത്തില്‍ പങ്കെടുക്കും. ഉദ്ധവ് താക്കറെ, ആദിത്യ താക്കറെ, സഞ്ജയ് റാവത്ത് എന്നിവര്‍ നേരിട്ടെത്തും. സോണിയാ ഗാന്ധിയും ഇത്തവണ യോഗത്തിനെത്തും. രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന കാര്യവും ഏകദേശം തീരുമാനിച്ചിട്ടുണ്ട്. മമത ബാനര്‍ജി, ലാലു പ്രസാദ് യാദവ്, നിതീഷ് കുമാര്‍, എംകെ സ്റ്റാലിന്‍, എന്നിവരും പങ്കെടുക്കുമെന്ന് ഉറപ്പിച്ചിട്ടുണ്ട്. എട്ടോളം പുതിയ പാര്‍ട്ടികളും യോഗത്തിലെത്തുമെന്നാണ് സൂചന.












Click it and Unblock the Notifications