ഗ്യാന്‍വാപി പള്ളിയില്‍ പ്രാര്‍ഥിക്കണമെന്ന് സന്യാസി; തടഞ്ഞ് പോലീസ്, ജലപാനം വെടിഞ്ഞ് പ്രതിഷേധം
ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ വാരണസായിലുള്ള ഗ്യാന്‍വാപി പള്ളിയില്‍ പ്രാര്‍ഥന നടത്തണമെന്ന് ആവശ്യപ്പെട്ട് സന്യാസി സ്വാമി അവിമുക്തേശ്വരാനന്ദ്. കോടതി നിര്‍ദേശ പ്രകാരം പള്ളിയില്‍ നടത്തിയ സര്‍വ്വെയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഒരു വിഭാഗം പ്രചരിപ്പിച്ചിരുന്നു. പരിശോധനാ കമ്മീഷന്റെ റിപ്പോര്‍ട്ട് ഇതുവരെ പരസ്യമായിട്ടില്ല. ഇതിനിടെ ശിവലിംഗം കണ്ടെത്തിയെന്ന് ഒരു വിഭാഗം പ്രചാരണം നടത്തുകയും കോടതിയെ സമീപിക്കുകയും ചെയ്തു. ഈ സ്ഥലം സീല്‍ ചെയ്യാന്‍ കോടതി നിര്‍ദേശിച്ചിരിക്കുകയാണ്.

ഇവിടെ പ്രാര്‍ഥന നടത്തണമെന്നാണ് സ്വാമി അവിമുക്താനേശ്വരാനന്ദ ആവശ്യപ്പെട്ടത്. ശനിയാഴ്ച പ്രാര്‍ഥന നടത്തുമെന്നാണ് ഇദ്ദേഹം പ്രഖ്യാപിച്ചത്. എന്നാല്‍ പോലീസ് തടയുകയായിരുന്നു. വാരണാസിയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിരിക്കുകയാണിപ്പോള്‍. ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതിയുടെ ശിഷ്യനാണ് അവിമുക്തേശ്വരാനന്ദ. താനും 70 പേരും ഗ്യാന്‍വാപി പള്ളിയില്‍ പ്രാര്‍ഥന നടത്തുമെന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രഖ്യാപനം. ഗ്യാന്‍വാപി പള്ളിയില്‍ കയറാന്‍ പോലീസ് ഇദ്ദേഹത്തിന് അനുമതി നല്‍കിയില്ല. കവാടത്തിന് സമീപം വച്ച് തടഞ്ഞു. തുടര്‍ന്ന് ഭക്ഷണം കഴിക്കില്ലെന്ന് പ്രഖ്യാപിച്ച് സമരം നടത്തുകയാണ് സന്യാസി.
മുഗള്‍ ഭരണാധികാരി ഔറംഗസീബ് നിര്‍മിച്ചതാണ് ഗ്യാന്‍വാപി മസ്ജിദ്. വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന് അടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റെ ഒരു ഭാഗം പൊളിച്ചാണ് പള്ളി നിര്‍മിച്ചത് എന്നാണ് പുതിയ വാദം. ഇക്കാര്യത്തില്‍ വ്യക്തത വരുന്നതിന് വിശദമായ പരിശോധന നടത്തണമെന്ന് ആവശ്യം വന്നപ്പോള്‍ വാരണാസി കോടതി അംഗീകരിച്ചു. തുടര്‍ന്നാണ് പുരാവസ്തു വകുപ്പിനോട് സര്‍വ്വെ നടത്താന്‍ നിര്‍ദേശിച്ചത്.
സര്‍വ്വെ പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെ പള്ളിയിലെ ജലസംഭരണിയില്‍ ശിവലിംഗം കണ്ടുവെന്ന് ഹര്‍ജിക്കാരെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ പറഞ്ഞു. ഇദ്ദേഹം ഇക്കാര്യം കോടതിയിലും ബോധിപ്പിച്ചു. തുടര്‍ന്ന് ആ പ്രദേശം സീല്‍ ചെയ്യാന്‍ കോടതി നിര്‍ദേശിച്ചു. പള്ളിയിലെ ജസസംഭരണി സീല്‍ ചെയ്ത കോടതി നടപടി അനുചിതവും വേഗത്തിലുള്ളതുമാണെന്ന് പള്ളിക്കമ്മിറ്റി അഭിപ്രായപ്പെട്ടു. ജലസംഭരണിയില്‍ കണ്ടത് ശിവലിംഗമല്ല, ജലസംഭരണിയിലെ ഫൗണ്ടന്‍ ആണെന്നും അവര്‍ പറയുന്നു.
കാശി വിശ്വനാഥ ക്ഷേത്രം പൊളിച്ചാണ് 16ാം നൂറ്റാണ്ടില്‍ പള്ളി പണിതത് എന്നാണ് ഒരു വാദം. അനാവശ്യ വിവാദമുണ്ടാക്കാനാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നതെന്ന് മറുഭാഗവും വാദിക്കുന്നു. വാരണാസി കോടതിയില്‍ 1991ലാണ് ആദ്യ ഹര്‍ജി സമര്‍പ്പിച്ചത്. ഗ്യാന്‍വാപി പള്ളിയില്‍ പ്രാര്‍ഥന നടത്താന്‍ അനുമതി തേടിയായിരുന്നു ഈ ഹര്‍ജി. അയോധ്യയിലെ ബാബരി മസ്ജിദ് കേസില്‍ സുപ്രീംകോടതി വിധി വന്ന 2019 നവംബറിന് ശേഷമാണ് ഗ്യാന്‍വാപി മസ്ജിദ് കേസ് വീണ്ടും സജീവമായത്. ഡല്‍ഹി കേന്ദ്രമായുള്ള അഞ്ച് സ്ത്രീകളാണ് പള്ളിയുടെ പടിഞ്ഞാറേ മതിലിനോട് ചേര്‍ന്ന വിഗ്രഹങ്ങളില്‍ പൂജ നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പള്ളിയില്‍ ക്ഷേത്ര സാന്നിധ്യമുണ്ടെന്നും അവര്‍ വാദിച്ചു. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് സര്‍വ്വെ നടത്തിയത്.












Click it and Unblock the Notifications