ഗുജറാത്തില്‍ ബിജെപിക്ക് വന്‍ തിരിച്ചടി; നേതാക്കളെ ഞെട്ടിച്ച് കൂട്ടരാജി... കാവിക്കോട്ടയില്‍ മണ്ണിളകുന്നു
ഗാന്ധി നഗര്‍: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന് ശേഷം ഗുജറാത്തില്‍ ബിജെപിക്ക് ആശങ്കയാണ്. പലയിടത്തും പാര്‍ട്ടിക്ക് തിരിച്ചടിയായിരുന്നു തിരഞ്ഞെടുപ്പ് ഫലം. ചിലയിടങ്ങളില്‍ കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തി. സൂറത്തില്‍ എഎപി നടത്തിയ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. ഇനി ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. കൊവിഡ് പ്രതിരോധത്തില്‍ ബിജെപി സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന ആക്ഷേപം ശക്തമായി നിലനില്‍ക്കുന്നു.
വീഴ്ചകള്‍ പരിഹരിക്കാന്‍ അടുത്താഴ്ച ബിജെപി എംഎല്‍എമാരുടെ യോഗം ചേരുന്നുണ്ട്. അതിനിടെയാണ് പാര്‍ട്ടിയെ ഞെട്ടിച്ച് ഒരുകൂട്ടം നേതാക്കളും പ്രവര്‍ത്തകരും രാജിവച്ചിരിക്കുന്നത്. ഇതോടെ സമവായ നീക്കങ്ങള്‍ തുടങ്ങിയിരിക്കുകയാണ് പാര്‍ട്ടി. വിശദാംശങ്ങള്‍ ഇങ്ങനെ....

350 ബിജെപി പ്രവര്‍ത്തകര്‍ രാജിവച്ചു
350ഓളം നേതാക്കളും പ്രവര്‍ത്തകരുമാണ് സൂറത്തില്‍ രാജിവച്ചിരിക്കുന്നത്. മിക്കവരും യുവമോര്‍ച്ചയില്‍ പ്രവര്‍ത്തിക്കുന്നവാണ്. തങ്ങളെ പാര്‍ട്ടി പരിഗണിക്കുന്നില്ലെന്നും 10 വര്‍ഷത്തോളം പാര്‍ട്ടിക്കൊപ്പം നിന്നിട്ടും യാതൊരു നേട്ടവുമുണ്ടായില്ലെന്നും രാജിവച്ചവര്‍ പരിതപിക്കുന്നു. എല്ലാവരും ആം ആദ്മി പാര്‍ട്ടിയില്‍ ചേരുകയും ചെയ്തു.

സ്വാഗതം ചെയ്ത് എഎപി
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായാണ് 350ഓളം പേര്‍ രാജിവച്ചത്. തീപ്പൊരി യുവ നേതാവ് എന്നറിയപ്പെടുന്ന ഭവേഷ് റഡാദിയയുടെ നേതൃത്വത്തിലാണ് രാജിവച്ചിരിക്കുന്നത്. എല്ലാവരും 5 മുതല്‍ 10 വര്‍ഷം വരെ ബിജെപിയില്‍ പ്രവര്‍ത്തിച്ചവരാണ്. എല്ലാവരെയും എഎപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് എഎപി സംസ്ഥാന വക്താവ് യോഗേഷ് ജദ്വാനി പറഞ്ഞു.

ഇതാണ് പ്രശ്‌നങ്ങളുടെ കാരണം
പാര്‍ട്ടിയില്‍ യാതൊരു പരിഗണനയും കിട്ടുന്നില്ലെന്നാണ് രാജിവച്ചവരുടെ ആക്ഷേപം. അടുത്തിടെ പാര്‍ട്ടിയിലെത്തിയവര്‍ക്ക് പ്രധാന പദവികള്‍ നല്‍കുന്നു എന്ന് രാജിവച്ച വിപുല്‍ സാഖിയ പറയുന്നു. പത്ത് വര്‍ഷമായി ബിജെപിയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് വിപുല്‍ സാഖിയ. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രവര്‍ത്തനം ഞങ്ങളെ ആകര്‍ഷിച്ചുവെന്നും സാഖിയ പറഞ്ഞു.

എഎപിയുടെ ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പ്
സൂറത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് എഎപി കാഴ്ചവച്ചത്. അതിന് തൊട്ടുപിന്നാലെ അവര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങിയിരുന്നു. ഗുജറാത്തില്‍ വ്യാപകമായി മെംബര്‍ഷിപ്പ് ക്യാമ്പയില്‍ ആരംഭിക്കുകയും ചെയ്തു. മിസ്ഡ് കോള്‍ ക്യാമ്പനിയാണ് നടക്കുന്നത്. അതിനിടെയാണ് ബിജെപിയില്‍ നിന്ന് ഒട്ടേറെ പേര്‍ എഎപിയില്‍ ചേര്‍ന്നിരിക്കുന്നത്.

കൊവിഡ് പ്രതിരോധത്തിലെ വീഴ്ച
രാജ്യത്ത് കൊറോണ രോഗം വ്യാപകമായ സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. ഇവിടെ രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം മറച്ചുവെക്കുന്നു എന്ന ആരോപണം ഉയര്‍ന്നിരുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ 15ന് ബിജെപി പ്രത്യേക യോഗം ചേരുന്നുണ്ട്. ബിജെപി സര്‍ക്കാരിന് കൊവിഡ് പ്രതിരോധത്തില്‍ വീഴ്ച സംഭവിച്ചു എന്നാണ് വിമര്‍ശനം. പ്രതിപക്ഷം ഇതായുധമാക്കിയിരിക്കെയാണ് പ്രവര്‍ത്തകരുടെ രാജി.

തിരിച്ചെത്തിക്കാന്‍ നീക്കം
രാജിവച്ചവരെ തിരിച്ചുകൊണ്ടുവരാന്‍ ബിജെപി സംസ്ഥാന നേതൃത്വം ശ്രമം തുടങ്ങി. ഇത് സംബന്ധിച്ച് സൂറത്തിലെ ബിജെപി നേതൃത്വത്തിന് പ്രത്യേക നിര്‍ദേശം ലഭിച്ചു. രാജിവച്ചവരെ നേരിട്ട് കണ്ട് അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ ഒരുങ്ങുകയാണ് പാര്‍ട്ടി. എല്ലാവരും തിരിച്ചെത്തുമെന്ന് സൂറത്ത് സിറ്റി പ്രസിഡന്റ് നിരഞ്ജന്‍ ജഞ്ച്‌മെര പറഞ്ഞു.
Recommended Video

ഗുജറാത്തിന്റെ രാഷ്ട്രീയം
വര്‍ഷങ്ങളായി ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും രാഷ്ട്രീയമായി തിളങ്ങി നിന്ന സംസ്ഥാനം. ഇവിടെ നഗരമേഖലകളില്‍ ബിജെപിക്ക് വന്‍ സ്വാധീനമാണ്. എന്നാല്‍ ഗ്രാമങ്ങളില്‍ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങള്‍ ഇപ്പോഴുമുണ്ട്. അതിനിടെയാണ് നഗരമേഖലകളില്‍ കഴിഞ്ഞ കുറച്ച് കാലമായി എഎപി മുന്നേറിവരുന്നത്.












Click it and Unblock the Notifications