ബംഗാളിൽ ബിജെപിക്ക് തിരിച്ചടി; സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മത്സരിക്കാനില്ലെന്ന് ഗായകൻ
കൊൽക്കത്ത: അൻസോൺ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഭോജ്പുരി പിന്നണി ഗായകനും നടനുമായ പവൻ സിങ്. എക്സിലൂടെയാണ് ഗായകൻ നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസമായിരുന്നു മണ്ഡലത്തിൽ പവൻ സിങിനെ സ്ഥാനാർത്ഥിയായി ബി ജെ പി പ്രഖ്യാപിച്ചത്. എന്നാൽ സ്ഥാനാർത്ഥിത്വത്തിനെതിരെ പാർട്ടിയിൽ തന്നെ എതിർപ്പുകൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മത്സരത്തിനില്ലെന്ന് വ്യക്തമാക്കി പവൻ രംഗത്തെത്തിയത്.
'ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിന് ഞാന്‍ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. പാര്‍ട്ടി എന്നെ വിശ്വസിക്കുകയും അസന്‍സോളിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ചില കാരണങ്ങളാല്‍ എനിക്ക് അസന്‍സോളില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല', എന്നാണ് പവൻ സിങ് ട്വിറ്ററിൽ കുറിച്ചത്.

ബിഹാറിലെ അരോഹ് സ്വദേശിയാണ് പവൻ സിങ്. ബംഗാളിലെ പവന്റെ സ്വാധീനം പരിഗണിച്ചാണ് ബി ജെ പി ഇദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കിയത്. ഭോജ്പുരി ഗായകൻ എന്ന നിലയിലുള്ള താരത്തിന്റെ സ്വാധീനം വോട്ടാക്കി മാറ്റാം എന്നായിരുന്നു പാർട്ടിയുടെ കണക്ക് കൂട്ടൽ. എന്നാൽ ബംഗാളിലെ വിവാദ നായകൻ കൂടിയാണ് പവൻ. നേരത്തേ പവൻ സിങിന്റെ പല പാട്ടുകളും വിവാദത്തിന് വഴിവെച്ചിരുന്നു. പ്രത്യേകിച്ച് ബംഗാളിലെ സ്ത്രീകൾക്കെതിരായ ചില പരാമർശങ്ങൾ.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഇത് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. അൻസോളിൽ പവൻ മത്സരിക്കുന്നത് പാർട്ടിക്ക് കനത്ത തിരിച്ചടിയായിരിക്കുമെന്നായിരുന്നു ഇതോടെ ചിലർ ചൂണ്ടിക്കാട്ടിയത്. ഇതിന് പിന്നാലെ ബി ജെ പി നേതൃത്വം തന്നെ പവൻ സിങിനോട് സ്വയം പിൻമാറാൻ ആവശ്യപ്പെട്ടെന്നാണ് ചില പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
നിലവിൽ തൃണമൂൽ കോൺഗ്രസിന്റെ ശത്രുഘ്നൻ സിൻഹയാണ് മണ്ഡലത്തിൽ നിന്നുള്ള എംപി. 2022 ൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് മണ്ഡലത്തിൽ നിന്നും സിൻഹ വിജയിച്ചത്. ബി ജെ പിയുടെ ബാബുൾ സുപ്രിയോ രാജിവെച്ചതിന് പിന്നാലെ നടന്ന തിരഞ്ഞെടുപ്പിലായിരുന്നു ശത്രുഘ്നൻ സിൻഹ വിജയിച്ചത്. ഇത്തവണയും അദ്ദേഹം തന്നെയാണ് തൃണമൂലിന് വേണ്ടി മത്സരിക്കുന്നത്.
അതേസമയം കഴിഞ്ഞ ദിവസമാണ് ബി ജെ പി തങ്ങളുടെ ആദ്യ ഘട്ട പട്ടിക പുറത്തുവിട്ടത്. കേരളത്തിലെ 12 മണ്ഡലങ്ങളിലെ ഉള്‍പ്പെടെയുള്ള 195
പേരടെ പട്ടികയാണ് പുറത്തുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖര്‍ ആദ്യഘട്ട പട്ടികയില്‍ ഇടംപിടിച്ചു. മോദി വാരാണസിയിലും അമിത് ഷാ ഗാന്ധിനഗറില്‍ നിന്നുമാണ് ജനവിധി തേടുന്നത്.












Click it and Unblock the Notifications