ഗുജറാത്തിലെ മെഹ്സാനയിൽ മണ്ണിടിച്ചിലിൽ ഏഴ് തൊഴിലാളികൾക്ക് ദാരുണാന്ത്യം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
അഹമ്മദാബാദ്: ഗുജറാത്തിലെ മെഹ്സാനയിൽ കെട്ടിട നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ ഏഴ് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 37 കിലോമീറ്റർ അകലെ കാഡി ടൗണിന് സമീപമാണ് അപകടം നടന്നത്. നിരവധി പേർ ഇപ്പോഴും ഇവിടെ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് ലഭ്യമായ വിവരം. അപകട സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ജസൽപൂർ ഗ്രാമത്തിലെ ഒരു ഫാക്‌ടറിക്ക് വേണ്ടി ഭൂഗർഭ ടാങ്ക് കുഴികുകയായിരുന്നു തൊഴിലാളികൾ ഇവിടെ. ഒരേസമയം നിരവധിപേർ ഈ ജോലിയിൽ ഏർപ്പെട്ടിരുന്നു. എന്നാൽ കുഴിയെടുക്കുന്നതിനിടെ മേൽമണ്ണ് ഇവരുടെ മുകളിലേക്ക് അടിഞ്ഞുകൂടുകയായിരുന്നു എന്നാണ് കാഡി പോലീസ് സ്‌റ്റേഷനിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ അപകട മേഖലയിൽ അധികൃതർ കൂടുതൽ സംവിധാനങ്ങളോട് കൂടി തിരച്ചിൽ നടത്തുകയാണ്. പത്തോളം പേർ അപകടത്തിൽപെട്ടുവെന് സംശയിക്കുന്നതായി ജില്ലാ വികസന ഓഫീസറെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഇനിയും ഒന്നോ രണ്ടോ പേരെ കണ്ടെത്താനുണ്ടെന്നാണ് ലഭ്യമായ വിവരം. അതിനായാണ് തിരച്ചിൽ തുടരുന്നത്.
മണ്ണിടിഞ്ഞ് വീണ കുഴിയിൽ നിന്ന് പത്തൊമ്പതുകാരനെ ജീവനോടെ പുറത്തെടുത്തുവെന്നാണ് വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. യുവാവിനെ അടുത്തുള്ള ആശുപത്രിയിലേക്കു മാറ്റിയെന്നാണ് വിവരം. കൂടുതൽ പേരെ ജീവനോടെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവർത്തനം വേഗത്തിലാക്കുന്നത്. മതിലും അതിനൊപ്പം മണ്ണും ഒരുമിച്ച് താഴേക്ക് വന്നതോടെ തൊഴിലാളികൾ അകപ്പെടുകയായിരുന്നു.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്. അങ്ങേയറ്റം ദുഖകരമായ സംഭവമെന്നാണ് മോദി ഇതിനെ വിശേഷിപ്പിച്ചത്. പരിക്കേറ്റവർ എത്രയും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു. സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രാദേശിക ഭരണകൂടം ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
സമാന സംഭവങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആവർത്തിച്ചു വരികയാണ്. അടുത്തിടെ ഹൈദരാബാദിലെ ബാച്ചുപള്ളിയിൽ കുടിയേറ്റ തൊഴിലാളികളുടെ താമസസ്ഥലത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മതിൽ തകർന്ന് ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു. ചെറിയ കുട്ടിയും മരണപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ഇതോടെ നിർമ്മാണ സ്ഥലങ്ങളിലെ സുരക്ഷിതത്വം ഇല്ലായ്‌മയും തൊഴിലാളികളുടെ സ്വാതന്ത്ര്യവും ഒക്കെ വീണ്ടും ചർച്ചയാവുകയാണ്. നേരത്തെ നവി മുംബൈയിലെ ബേലാപ്പൂർ പ്രദേശത്ത് മൂന്ന് നില കെട്ടിടം തകർന്നുവീണ് മൂന്ന് പേർക്ക് ജീവൻ നഷ്‌ടമായിരുന്നു. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിലാണ് കെട്ടിടം തകർന്നതെന്നാണ് അന്ന് വന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications