ലൈംഗികവിദ്യാഭ്യാസം നിരോധിക്കണമെന്ന് കേന്ദ്രമന്ത്രി
ദില്ലി: സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നിരോധിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷ വര്‍ദ്ധന്‍. എയ്ഡ്‌സിനെ പ്രതിരോധിക്കാന്‍ ഗര്‍ഭനിരോധന ഉറകളല്ല, ഭാര്യ-ഭര്‍തൃ ബന്ധത്തിനുള്ളിലുള്ള ലൈംഗികത മാത്രമാണ് വേണ്ടതെന്ന് പറഞ്ഞതിന് പിറകെയാണ് ഹര്‍ഷവര്‍ദ്ധന്റെ ഈ പരാമര്‍ശം.
ഉറകളെ കുറിച്ചുള്ള പരാമര്‍ശം ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നുവെങ്കില്‍, ഇത്തവണത്തേത് സ്വന്തം വെബ്‌സൈറ്റിലാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ദില്ലിയിലെ സ്‌കൂളുകള്‍ക്കായി ഹര്‍ഷവര്‍ദ്ധന്‍ തയ്യാറാക്കിയ വിഷന്‍ ഡോക്യുമെന്റിലാണ് ഇക്കാര്യം പറയുന്നത്.

ലൈംഗിക വിദ്യാഭ്യാസത്തിന് പകരം വക്കാന്‍ ഹര്‍ഷവര്‍ദ്ധന്‍ മുന്നോട്ട് വക്കുന്നത് ഉറകളുടെ കാര്യത്തില്‍ പറഞ്ഞ ആര്‍ഷ ഭാരത സംസ്‌കാരം തന്നെയാണ്. സ്‌കൂളില്‍ സമഗ്ര മൂല്യാധിഷ്ഠിത വിദ്യാഭ്യാസം വേണം. ഇന്ത്യന്‍ സംസ്‌കാരത്തിലൂന്നിയ പാഠ്യപദ്ധതികളാണ് വേണ്ടതെന്നും ഹര്‍ഷ വര്‍ദ്ധന്‍ പറയുന്നു.
എന്തായാലും മന്ത്രി ഇപ്പോഴും അമേരിക്കയില്‍ തന്നെയാണ് ഉള്ളത്. അതുകൊണ്ട് തന്നെ വിഷയത്തില്‍ പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. മന്ത്രിയുടെ വ്യക്തിപരമായ അഭിപ്രായമായിരിക്കും ഇതെന്നാണ് അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് ലഭിക്കുന്ന വിവരം.
ബിജെപിയും ഇക്കാര്യത്തില്‍ ഒരു നിലപാട് സ്വീകരിച്ചിട്ടില്ല. പാര്‍ട്ടി വേദികളില്‍ ഇങ്ങനെ ഒരു ചര്‍ച്ച തന്നെ വന്നിട്ടില്ലെന്നാണ് ദില്ലിയിലെ പാര്‍ട്ടി വക്താവ് അറിയിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും ബിജെപി വക്താവ് വ്യക്തമാക്കിയിട്ടുണ്ട്.
ഒരു ഡോക്ടര്‍ കൂടിയായ ഹര്‍ഷവര്‍ദ്ധന്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. ആരോഗ്യമന്ത്രി ആര്‍എസ്എസിന്റെ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നാണ് ആരോപണം. ശരിയായ ലൈംഗിക വിദ്യാഭ്യാസം ലഭിക്കാത്തതാണ് രാജ്യത്ത് ബാല ലൈംഗിക പീഡനങ്ങള്‍ കൂടാന്‍ കാരണമെന്ന് പഠനങ്ങള്‍ പറയുന്ന സമയത്താണ് മന്ത്രി ലൈംഗിക വിദ്യാഭ്യാസം തന്നെ നിരോധിക്കണം എന്ന് അഭിപ്രായപ്പെടുന്നത്.












Click it and Unblock the Notifications