'സവര്‍ക്കര്‍ പുരോഗമനവാദി, സ്വാതന്ത്ര്യസമരത്തില്‍ ഒരുപാട് ത്യാഗം സഹിച്ചു'; വിഷയം മാറരുതെന്ന് പവാര്‍
നാഗ്പൂര്‍: ഹിന്ദുത്വ നേതാവ് വി ഡി സവര്‍ക്കര്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി നടത്തിയ ത്യാഗത്തെ ആര്‍ക്കും അവഗണിക്കാനാവില്ല എന്ന് എന്‍ സി പി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. സവര്‍ക്കറോടുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഒരു ദേശീയ വിഷയമാക്കി ഇന്നത്തെ കാലത്ത് ഉയര്‍ത്തി കൊണ്ടുവരുന്നത് ആര്‍ക്കും ഗുണം ചെയ്യില്ല എന്നും ശരദ് പവാര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ന് ചര്‍ച്ചയാകേണ്ടത് മറ്റ് ദേശീയ വിഷയങ്ങളാണ് എന്നും പവാര്‍ ഓര്‍മിപ്പിച്ചു.
രാഹുല്‍ ഗാന്ധി അടുത്തിടെ നടത്തുന്ന സവര്‍ക്കര്‍ വിരുദ്ധ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ അയോഗ്യത വിഷയത്തില്‍ താന്‍ മാപ്പ് പറയില്ല എന്നും അങ്ങനെ ചെയ്യാന്‍ തന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ അല്ല എന്നുമായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ശിവസേന ഉദ്ധവ് വിഭാഗം രാഹുല്‍ ഗാന്ധിക്ക് എതിരെ രംഗത്തെത്തിയിരുന്നു.

ഇതിനിടെ ശരദ് പവാര്‍ രാഹുല്‍ ഗാന്ധിയോട് സവര്‍ക്കറിനെതിരായ പരാമര്‍ശത്തില്‍ നിന്ന് വിട്ട് നില്‍ക്കണം എന്ന് ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ശരദ് പവാര്‍. അധികാരത്തിലിരിക്കുന്നവര്‍ രാജ്യം നടത്തുന്ന രീതിയെക്കുറിച്ചാണ് ഇപ്പോള്‍ നമ്മള്‍ ആലോചിക്കേണ്ടത് എന്നാണ് താന്‍ പറഞ്ഞത് എന്നായിരുന്നു പവാറിന്റെ പ്രതികരണം.
സവര്‍ക്കര്‍ ഇന്ന് ഒരു ദേശീയ വിഷയമല്ല, അത് പഴയ കാര്യമാണ്. സവര്‍ക്കറിനെക്കുറിച്ച് ഞങ്ങള്‍ളും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ അത് വ്യക്തിപരമല്ല, ഹിന്ദു മഹാസഭക്ക് എതിരായിരുന്നു. സവര്‍ക്കറുടെ പുരോഗമന കാഴ്ചപ്പാടുകളെക്കുറിച്ച് 32 വര്‍ഷം മുമ്പ് താന്‍ പാര്‍ലമെന്റില്‍ സംസാരിച്ചിരുന്നു എന്നും ശരദ് പവാര്‍ പറഞ്ഞു. സവര്‍ക്കര്‍ രത്നഗിരിയില്‍ ഒരു വീട് പണിതു, അതിനു മുന്നില്‍ ഒരു ചെറിയ ക്ഷേത്രവും പണിതു.
വാല്‍മീകി സമുദായത്തില്‍ നിന്നുള്ള ഒരാളെയാണ് അദ്ദേഹം ക്ഷേത്രത്തില്‍ പൂജ നടത്താന്‍ നിയോഗിച്ചത് എന്നും ഇത് വളരെ പുരോഗമനപരമായ കാര്യമാണ് എന്നാണ് താന്‍ കരുതുന്നത് എന്നും ശരദ് പവാര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മറ്റെല്ലാവരെയും പോലെ സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം രാഹുലിനും ഉണ്ടെന്ന് ബി ജെ പി വിമര്‍ശനത്തെ തള്ളിക്കൊണ്ട് ശരദ് പവാര്‍ പറഞ്ഞു.
രാജ്യത്ത് എന്തെങ്കിലും കാര്യങ്ങളില്‍ ആളുകള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ഒരു ഇന്ത്യക്കാരന്‍ അതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നുവെങ്കില്‍, ആ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടണമെന്ന് താന്‍ കരുതുന്നു എന്നും അദ്ദേഹം പറഞ്ഞു. 2024ല്‍ ലോക്സഭാ തിരഞ്ഞെടുപ്പും സംസ്ഥാന തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടക്കില്ലെന്നും ശരദ് പവാര്‍ പറഞ്ഞു. വിദേശത്തെത്തി സ്വന്തം രാജ്യത്തെ പ്രശ്‌നങ്ങള്‍ പറയുന്നത് ആദ്യത്തെ സംഭവമല്ലെന്നും രാഹുലിനെ പിന്തുണച്ച് കൊണ്ട് അദ്ദേഹം വ്യക്തമാക്കി.
അതേസമയം കോണ്‍ഗ്രസ് അടക്കം രാജ്യത്തെ 20 ഓളം രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ ഒന്നിച്ചിരുന്ന് രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു എന്ന് ശരദ് പവാര്‍ പറഞ്ഞു. അതേസമയം രാഹുല്‍ ഗാന്ധിയുടെ തുടര്‍ച്ചയായ സവര്‍ക്കര്‍ വിരുദ്ധ പ്രതിഷേധത്തിന് എതിരെ ബി ജെ പി രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തോടുള്ള ആദരസൂചകമായി സവര്‍ക്കര്‍ ഗൗരവ് യാത്രയും ബി ജെ പി സംഘടിപ്പിക്കുന്നുണ്ട്.
Vastu Tips: വീട്ടില്‍ സ്വര്‍ണം സൂക്ഷിക്കേണ്ടത് ഇവിടെ.. ഇരട്ടിയാകും, വാസ്തു പറയുന്നത് കേള്‍ക്കാം
നേരത്തെ സവര്‍ക്കര്‍ വിരുദ്ധ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് മുന്നറിയിപ്പുമായി ശിവസേന ഉദ്ധവ് വിഭാഗവും രംഗത്തെത്തിയിരുന്നു. സവര്‍ക്കറിന് എതിരായ പരാമര്‍ശത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി വിട്ട് നില്‍ക്കണം എന്നും അല്ലാത്തപക്ഷം കടുത്ത തീരുമാനത്തിലേക്ക് തങ്ങള്‍ കടക്കും എന്നുമായിരുന്നു ഉദ്ധവ് താക്കറെ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ രാഹുല്‍ പരാമര്‍ശത്തില്‍ നിന്ന് അകലം പാലിച്ചിരുന്നു.












Click it and Unblock the Notifications