'19 ന് പെട്ടി തുറക്കുമ്പോൾ അത്ഭുതപ്പെടും; പലരുടേയും രഹസ്യ പിന്തുണ'; ആത്മവിശ്വാസത്തോടെ തരൂർ
ദില്ലി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ പലരും അത്ഭുതപ്പെടുമെന്ന് ശശി തരൂർ. തനിക്ക് പരസ്യ പിന്തുണയ്ക്കാത്തവരിൽ പലരും സ്വകാര്യമായി തനിക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ശശി തരൂർ പറഞ്ഞു.
തന്റെ എതിർ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാനായി മുതിർന്ന നേതാക്കളിൽ പലരും വോട്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവരിൽ പലരുടേയും വോട്ട് തനിക്ക് ലഭിക്കും. 1997ലും 2000 ത്തിലും നടന്ന അധ്യക്ഷ തിരഞ്ഞെടുപ്പുകളിൽ ഒൗദ്യോഗിക സ്ഥാനാർഥി നേടിയ ഏകപക്ഷീയ വിജയം ഉണ്ടാകുമെന്ന് കരുതുന്നവർ ഫലം വരുമ്പോൾ അത്ഭുതപ്പെടും', ശശി തരൂർ പറഞ്ഞു.

'ചില കാരണങ്ങൾ കൊണ്ട് തനിക്ക് പരസ്യ പിന്തുണ നൽകാൻ തയ്യാറാകാത്തവരും തന്റെ പ്രചരണങ്ങളിൽ പോലും സജീവമായി പങ്കെടുക്കാതിരുന്നവരുടേയും വോട്ട് തനിക്ക് ലഭിക്കും. അവർ തനിക്ക് സ്വകാര്യമായി പിന്തുണ അറിയിച്ചിട്ടുണ്ട്. ചില മുതിർന്ന നേതാക്കൾ മല്ലികാർജുൻ ഖാർഗെയ്ക്ക് വേണ്ടി വോട്ട് ചെയ്യാൻ പലരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നേതാക്കളെ പരസ്യമായി തള്ളി പറയാൻ അവർക്ക് സാധിക്കില്ല. പക്ഷേ അവരുടെ പിന്തുണ തനിക്കായിരിക്കും'.

'തങ്ങൾക്ക് ആർക്ക് വോട്ട് ചെയ്തുവെന്ന് കണ്ടെത്താൻ നേതൃത്വത്തിന് കഴിയുമെന്ന ആശങ്കയുള്ള നേതാക്കൾ ഉണ്ട്. ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്ന് ഹൈക്കമാന്റ് കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ എന്തിനാണ് തനിക്ക് വോട്ട് ചെയ്യാൻ നേതാക്കൾ വിമുഖത കാണിക്കുന്നത്?, തരൂർ ചോദിച്ചു. തിരഞ്ഞെടുപ്പ് ഫലം തന്റെ വ്യക്തിപരമായ വിജയമോ പരാജയമോ ആയി താൻ കണക്കാക്കുന്നില്ല. ഖാർഗെ ജയിച്ചാലും ഞാൻ ജയിച്ചാലും അത് കോൺഗ്രസിന്റെ വിജയമാണ്',അദ്ദേഹം പറഞ്ഞു.

നേതാക്കൾക്ക് അവരുടേതായ മുൻഗണനകളും തിരഞ്ഞെടുപ്പുമുണ്ട്. ആരെ തിരഞ്ഞെടുക്കണമെന്നത് ഏതൊരു ജനാധിപത്യ പ്രവർത്തനത്തിന്റെയും അടിസ്ഥാന തത്വമാണ്. ചില ഭാരവാഹികൾ തിരഞ്ഞെടുപ്പ് അതോറിറ്റിയുടെ മാർഗ്ഗനിർദ്ദേശങ്ങളുടെ നഗ്നമായ ലംഘനം നടത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കേണ്ടത് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറ്റിയാണ് പിന്നെ മാധ്യമങ്ങളും.ഇത് എതിരാളികൾ തമ്മിലുള്ള പോരാട്ടമല്ല. പാർട്ടിയെ എങ്ങനെ മികച്ച രീതിയിൽ മുന്നോട്ട് നയിക്കാം എന്നുള്ള രണ്ട് വ്യത്യസ്തമായ കാഴ്ചപ്പാടുള്ള സഹപ്രവർത്തകർ തമ്മിലുള്ള സൗഹൃദ മത്സരമാണ്, തരൂർ വ്യക്തമാക്കി.

'വ്യക്തിപരമായി ഖാർഗെയെന്ന നേതാവിനോട് വലിയ ബഹുമാനം ഉണ്ട്. കേന്ദ്രമന്ത്രിയായും നിരവധി പദവികളിലും പാർട്ടിയെ മികച്ച രീതിയിൽ സേവിച്ച നേതാവാണ് ഖാർഗെ. അദ്ദേഹം ഞങ്ങൾക്ക് ഭീഷ്മപിതാവിനെ പോലെയാണ്. ഞങ്ങൾ തമ്മിൽ ആശയപരമായ വ്യത്യാസങ്ങളൊന്നുമില്ല. മുൻ തിരഞ്ഞെടുപ്പുകളിൽ നിന്നും വ്യത്യസ്തമായി 2024 ലോക്സഭ തിരഞ്ഞെടുപ്പിൽ ആർക്ക് കീഴിലായിരിക്കും കോൺഗ്രസിന് മികച്ച രീതിയിൽ മുന്നോട്ട് പോകാൻ സാധിക്കുകയെന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം', തരൂർ പറഞ്ഞു. കോൺഗ്രസിൽ മാറ്റം കൊണ്ടുവരാൻ തനിക്കാണ് സാധിക്കുകയെന്നും തരൂർ ആവർത്തിച്ചു.

ഔദ്യോഗിക പക്ഷത്തിന്റെ രഹസ്യ പിന്തുണ മല്ലികാർജ്ജുൻ ഖാർഗെയ്ക്കാണെന്നിരിക്കെ തനിക്ക് വോട്ട് ഉയർത്താനാകുമെന്ന പ്രതീക്ഷയിൽ തന്നെയാണ് തരൂർ. പാർട്ടിയിലെ യുവ നേതാക്കളിലാണ് തനിക്ക് പ്രതീക്ഷയെന്ന് തരൂർ വ്യക്തമാക്കിയിരുന്നു. ഇതിനോടകം തന്നെ കേരളത്തിൽ നിന്നടക്കമുള്ള യുവ നേതാക്കൾ തരൂരിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് കെ എസ് ശബരീനാഥൻ, ഹൈബി ഈഡൻ, തമിഴ്നാട് എംപി കാർത്തി ചിദംബരം, തെലങ്കാനയിൽ നിന്നുള്ള മുൻ ക്രിക്കറ്റർ കൂടിയായ മുഹമ്മദ് അസറുദ്ദീൻ, ദില്ലിയിൽ നിന്നുള്ള നേതാവായ സന്ദീപ് ദീക്ഷിത്, പ്രിയ ദത്ത് , നാഗാലാന്റ് മുൻ മുഖ്യമന്ത്രി കെഎൽ ചിഷി എന്നിവരാണ് തരൂരിന് പരസ്യ പിന്തുണ വാഗ്ദാനം ചെയ്ത് എത്തിയവർ.












Click it and Unblock the Notifications