'എനിക്ക് തെറ്റിപ്പോയി, റഷ്യ-യുക്രൈൻ വിഷയത്തിൽ ആ നിലപാടാണ് ശരി'; മോദിയെ പുകഴ്ത്തി തരൂർ, ഏറ്റെടുത്ത് ബിജെപി
ന്യൂഡൽഹി: റഷ്യ-യുക്രൈൻ വിഷയത്തിൽ കേന്ദ്ര നിലപാടിനെ എതിർത്തത് തെറ്റായിപ്പോയെന്ന് തുറന്ന് സമ്മതിച്ച് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെ പ്രശംസിച്ചു കൊണ്ടാണ് തരൂരിന്റെ മലക്കംമറിച്ചിൽ. ഇന്ത്യയുടെ നയം മേഖലയിൽ ശാശ്വത സമാധാനത്തെ സ്വാധീനിക്കാൻ കഴിയുന്ന നിലയിലേക്ക് മാറിയെന്നാണ് തരൂർ പറയുന്നത്.
റെയ്‌സിന ഡയലോഗിലെ ഒരു സെഷനിൽ സംസാരിക്കവെയാണ് മുൻ വിദേശകാര്യ സഹമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. അന്ന് ഇന്ത്യൻ നിലപാടിനെ തരൂർ പാർലമെന്റിൽ രൂക്ഷമായി വിമർശിച്ചിരുന്നു. എല്ലാ സീമകളും റഷ്യ ലംഘിച്ചുവെന്നും യുഎൻ ചാർട്ടർ അവർ വിസ്‌മരിച്ചുവെന്നും തരൂർ അന്ന് വിമർശിച്ചിരുന്നു. ഈ നിലപാടാണ് മൂന്ന് വർഷത്തിന് ഇപ്പുറം മാറിയിരിക്കുന്നത്.

"നമ്മുടെ പ്രധാനമന്ത്രിക്ക് വെറും രണ്ടാഴ്‌ച ഇടവേളയിൽ യുക്രൈൻ പ്രസിഡന്റിനെയും റഷ്യൻ പ്രസിഡന്റിനെയും ഒരുപോലെ കെട്ടിപ്പിടിക്കാം, രണ്ടിടത്തും അദ്ദേഹം സ്വാഗതം ചെയ്യപ്പെടും" ശശി തരൂർ പറയുന്നു. ഇത് രണ്ടാം തവണയാണ് സമാനമായി ശശി തരൂർ നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ നയങ്ങളെയും പ്രശംസിക്കുന്നത്.
യൂറോപ്പിൽ നിന്ന് പാലിക്കുന്ന അകലവും ഇന്ത്യയുടെ നയത്തിന് കൂടുതൽ കരുത്ത് പകരുമെന്നും ശശി തരൂർ പറയുന്നു. റഷ്യയും യുക്രൈനും സമാധാന കരാറിലെത്തിയാൽ ഇന്ത്യയ്ക്ക് സമാധാന സേനാംഗങ്ങളെ അയയ്ക്കാമെന്നും തരൂർ അഭിപ്രായപ്പെട്ടു. നാറ്റോ രാജ്യങ്ങളിൽ നിന്നുള്ള യൂറോപ്യൻ സമാധാന സേനാംഗങ്ങളെ റഷ്യ നിരസിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയ്ക്ക് ഇക്കാര്യത്തിൽ റഷ്യയിൽ നിന്ന് എതിർപ്പ് നേരിടേണ്ടി വരില്ലെന്നാണ് ശശി തരൂർ പറയുന്നത്. 49ലധികം സമാധാന പരിപാലന ദൗത്യങ്ങളുടെ റെക്കോർഡിലൂടെ, ആഗോള സ്ഥിരതയ്ക്കുള്ള ഇന്ത്യയുടെ പ്രതിബദ്ധത സുസ്ഥിരമാണെന്നും ശശി തരൂർ കൂട്ടിച്ചേർത്തു. എന്നാൽ തരൂരിന്റെ നിലപാട് പുതിയ രാഷ്ട്രീയ വിവാദത്തിനാണ് ഇപ്പോൾ തുടക്കമിട്ടിരിക്കുന്നത്.
തരൂരിന്റെ പ്രസ്‌താവന ഏറ്റെടുത്തിരിക്കുകയാണ് ബിജെപി ഇപ്പോൾ. ഇന്ത്യയുടെ വിദേശനയത്തെക്കുറിച്ച് തുറന്നു പറയുന്നതിന്റെ പേരിൽ രാഹുൽ ഗാന്ധി തരൂരിനെതിരെ നടപടിയെടുക്കില്ലെന്ന് കരുതാമെന്നായിരുന്നു ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവാല പറഞ്ഞത്. ഒരു വീഡിയോയിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേരളത്തിൽ നിന്നും ബിജെപി നേതാക്കളും ഇതിനോട് പ്രതികരിച്ചു. റഷ്യ-യുക്രൈൻ യുദ്ധത്തില്‍ മോദി സ്വീകരിച്ച നയതന്ത്രത്തെ പുകഴ്ത്തിയുള്ള ശശി തരൂരിന്റെ പരാമര്‍ശം അഭിനന്ദനാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എക്‌സിൽ കുറിച്ചു. ഇതോടെ സംസ്ഥാന-കേന്ദ്ര കോൺഗ്രസ് നേതൃത്വങ്ങൾ വെട്ടിലായിരിക്കുകയാണ്.












Click it and Unblock the Notifications