ക്യാബിനറ്റ് പദവിയില്ല, ശിവസേനയും അജിത് പവാര്‍ വിഭാഗവും അതൃപ്തിയില്‍; മറുപടിയില്ലാതെ ബിജെപി
മുംബൈ: മൂന്നാം മോദി സര്‍ക്കാരിന്റെ മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ വലിയ വിവാദങ്ങള്‍. എന്‍ഡിഎ സഖ്യകക്ഷികളായ ശിവസേന ഷിന്‍ഡെ വിഭാഗവും, എന്‍സിപി അജിത് പവാര്‍ വിഭാഗവും മന്ത്രിസ്ഥാനത്തെ ചൊല്ലിയാണ് അതൃപ്തി പ്രകടമാക്കിയിരിക്കുന്നത്. അജിത് പവാര്‍ വിഭാഗം ക്യാബിനറ്റ് പദവിയാണ് എന്‍ഡിഎ സര്‍ക്കാരില്‍ ആവശ്യപ്പെടുന്നത്.
സഹമന്ത്രി സ്ഥാനം മാത്രമാണ് ലഭിച്ചതെന്നും അതില്‍ കടുത്ത നിരാശയുണ്ടെന്നും അജിത് വിഭാഗം പറയുന്നു. സഖ്യത്തിലെ തീരെ ചെറിയ കക്ഷികള്‍ക്ക് പോലും വലിയ പദവികള്‍ നല്‍കിയെന്നും, എന്നാല്‍ മഹാരാഷ്ട്രയിലെ രണ്ട് പ്രമുഖ കക്ഷികളെയും മോദി സര്‍ക്കാര്‍ അവഗണിച്ചുവെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്.

ഞങ്ങള്‍ ക്യാബിനറ്റ് ബെര്‍ത്ത് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കിട്ടിയില്ലെന്ന് ഷിന്‍ഡെ വിഭാഗം ചീഫ് വിപ്പ് ശ്രീരംഗ് ബാര്‍നി പറഞ്ഞു. മറ്റ് എന്‍ഡിഎ കക്ഷികള്‍ സീറ്റുകള്‍ കുറഞ്ഞിട്ടും മന്ത്രിമാരെ കിട്ടിയെന്ന് ശ്രീരംഗ് ചൂണ്ടിക്കാണിച്ചു. ചിരാഗ് പാസ്വാന് അഞ്ച് എംപിമാരെ ലഭിച്ചു. ജിതന്‍ റാം മാഞ്ചിക്ക് ഒന്നും ജെഡിഎസ്സിന് രണ്ട് എംപിമാരെയും ലഭിച്ചു. എന്നിട്ടും ഇവര്‍ക്കെല്ലാം ഓരോ ക്യാബിനറ്റ് പദവികള്‍ ലഭിച്ചു.
എന്നാല്‍ ലോക്‌സഭയില്‍ ഏഴ് സീറ്റുകളുള്ള ശിവസേന ഷിന്‍ഡെ വിഭാഗം അവഗണിക്കപ്പെട്ടിരിക്കുകയാണ്. ഞങ്ങള്‍ക്ക് ആകെ സഹമന്ത്രി സ്ഥാനമാണ് ലഭിച്ചത്. അതും സ്വതന്ത്ര ചുമതലയുള്ള വകുപ്പാണിത്. ശിവസേന ബിജെപിയുടെ ഏറ്റവും പഴയ സഖ്യകക്ഷിയാണ്. അത് മാത്രം പരിഗണിച്ച് ശിവസേനയ്ക്ക് ക്യാബിനറ്റ് പദവി നല്‍കാമായിരുന്നുവെന്നും ബാര്‍നി പറഞ്ഞു.
അതേസമയം ബാര്‍നിയുടെ പരാമര്‍ശങ്ങളെ ശിവസേന തന്നെ തള്ളിയിട്ടുണ്ട്. എന്‍ഡിഎ സര്‍ക്കാരിനൊപ്പം ഉറച്ചുനില്‍ക്കുമെന്നും അവര്‍ വ്യക്തമാക്കി. അധികാരത്തിന് വേണ്ടി വിലപേശാന്‍ ഇല്ല. ഇത് പ്രത്യയശാസ്ത്രപരമായ സഖ്യമാണെന്നും ശിവസേന പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ശ്രീകാന്ത് ഷിന്‍ഡെ പറഞ്ഞു.
ഈ രാജ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം ആവശ്യമാണ്. അതുകൊണ്ട് എന്‍ഡിഎ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു. മറ്റ് വിലപേശലുകള്‍ക്കില്ലെന്നും ശ്രീകാന്ത് വ്യക്തമാക്കി. മഹാരാഷ്ട്രയിലെ മറ്റൊരു സഖ്യകക്ഷിയായ എന്‍സിപി അജിത് പവാര്‍ വിഭാഗവും ക്യാബിനറ്റ് പദവി ആവശ്യപ്പെട്ടിട്ടുണ്ട്. സഹമന്ത്രിസ്ഥാനം വേണ്ടെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്.
അജിത് പവാറും രാജ്യസഭാ എംപി പ്രഫുല്‍ പട്ടേല്‍ എന്‍സിപിയെ തരംതാഴ്ത്തിയതായിട്ടാണ് ആരോപിച്ചിരിക്കുന്നത്. സഹ മന്ത്രിസ്ഥാനം സ്വീകരിക്കുന്നത് ഉചിതമല്ല. ഞങ്ങള്‍ കാത്തിരിക്കാമെന്ന് ബിജെപിയെ അറിയിച്ചിട്ടുണ്ട്. പക്ഷേ ഞങ്ങള്‍ക്ക് ക്യാബിനറ്റ് പദവി ആവശ്യമാണെന്നും പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. അജിത് പവാര്‍ വിഭാഗം ആകെ ഒരു സീറ്റിലാണ് വിജയിച്ചത്.












Click it and Unblock the Notifications