'ചിരിക്കണോ കരയണോ?'; വാരണാസിയിൽ പത്രിക തള്ളിയതിൽ കൊമേഡിയൻ ശ്യാം രംഗീല
ഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ വാരണാസി മണ്ഡലത്തിൽ നിന്നുള്ള തന്റെ നാമനിർദ്ദേശ പത്രിക തള്ളിയതിൽ പ്രതികരിച്ച് കൊമേഡിയൻ ശ്യാം രംഗീല. മണ്ഡലത്തില്‍ പത്രിക സമർപ്പിച്ച 55 പേരിൽ 36 പേരുടെ പത്രിക തള്ളിയെന്നെന്നും തന്റെ പത്രികാ സമർപ്പണവുമായി ബന്ധപ്പെട്ട് നേരത്തേ അധികൃതർ നിരവധി തടസങ്ങൾ ഉന്നയിച്ചിരുന്നുവെന്നും ശ്യാം ആരോപിച്ചു. കൊമേഡിയനായ ശ്യാം രംഗീല സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടായിരുന്നു പത്രിക സമർപ്പിച്ചത്. മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായി എന്നിവരുൾപ്പടെ 15 പേരുടെ സ്ത്യവാങ്മൂലം സ്വീകരിച്ചിട്ടുണ്ട്.
'ഇന്നലെ 27 നാമനിർദേശ പത്രികകൾ സമർപ്പിച്ചിരുന്നു, ഇന്ന് 32 എണ്ണം നിരസിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷനെ നോക്കി ചിരിക്കാനാണ് തോന്നുന്നത്. ചിരിക്കണോ അതോ കരയണോ?', എക്സിൽ പങ്കുവെച്ച വീഡിയോയിൽ ശ്യാം പറഞ്ഞു.ഞാൻ സമർപ്പിച്ച ചില രേഖകളിൽ പ്രശ്നം ഉണ്ടെന്നാണ് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചത്. ഒപ്പമുണ്ടായിരുന്ന അഭിഭാഷകനെ അകത്തുകയറാന്‍ അനുവദിച്ചില്ല. ഞാന്‍ ഒറ്റക്കായിരുന്നു പത്രിക സമര്‍പ്പിക്കാനായി അകത്തേക്ക് കയറിയത്.എന്റെ സുഹൃത്തിനെ അവർ മർദ്ദിച്ചു. മോദി ജീ അഭിനയിച്ച് കരയുമായിരിക്കാം. എന്നാല്‍ എനിക്ക് കരയേണ്ട', ശ്യാം പറഞ്ഞു.

അതേസമയം ശ്യാമിൻറെ ആരോപണങ്ങൾ ജില്ലാ മജിസ്ട്രേറ്റ് തള്ളി. ശ്യാമിന്റെ സത്യവാങ്മൂലത്തിൽ പോരായ്മകൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം നടപടിക്രമങ്ങൾ പാലിച്ചിരുന്നില്ലെന്നും മജിസ്ട്രേറ്റ് ആരോപിച്ചു. 'താങ്കളുടെ സാന്നിധ്യത്തിൽ തന്നെ നാമനിർദ്ദേശ പത്രിക സൂക്ഷമമായി പരിശോധിക്കുകയും പോരായ്മകളെ കുറിച്ച് അറിയിക്കുകയും ചെയ്തിരുന്നു. സത്യവാങ്മൂലം അപൂർണ്ണമായതിനാലും സത്യപ്രതിജ്ഞ/സ്ഥിരീകരണം നടത്താത്തതിനാലുമാണ് പത്രിക തളളിയത്. ഉത്തരവിൻ്റെ പകർപ്പ് താങ്കൾക്ക് ലഭ്യമാക്കിയിട്ടുണ്ട്', വാരണാസി ജില്ലാ മജിസ്‌ട്രേറ്റ് എസ് രാജലിംഗം എക്‌സിൽ വിശദീകരിച്ചു.
മെയ് 14 നായിരുന്നു ശ്യാം വാരണാസിയിൽ നിന്നും പത്രിക നൽകിയത്. മുൻപ് താൻ മോദിയെ പിന്തുണച്ചിരുന്നുവെന്നും എന്നാൽ മണ്ഡലത്തിലെ സാഹചര്യങ്ങളാണ് തന്നെ മോദിക്കെതിരായി മത്സരിക്കാൻ പ്രേരിപ്പിച്ചതെന്നുമാണ് ശ്യാം നേരത്തേ പറഞ്ഞത്. '2014ൽ ഞാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുയായിയായിരുന്നു. പ്രധാനമന്ത്രിയെ പിന്തുണച്ച് നിരവധി വീഡിയോകളും പങ്കുവെച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിക്കും അരവിന്ദ് കെജ്‌രിവാളിനുമെതിരെ വീഡിയോകൾ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ബിജെപിക്ക് മാത്രമേ ഞാൻ വോട്ട് ചെയ്യുകയുള്ളൂവെന്നായിരുന്നു ഞാൻ പറഞ്ഞത്. എന്നാൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ സ്ഥിതിഗതികൾ മാറി, ഇപ്പോൾ ഞാൻ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ്', എന്നായിരുന്നു ശ്യാം പറഞ്ഞത്.












Click it and Unblock the Notifications