'മധ്യപ്രദേശിൽ വോട്ട് വിഹിതം 50% ആക്കണം, ഛത്തീസ്ഗഡിൽ ഭരണം പിടിക്കണം';പണി തുടങ്ങി ബിജെപി
ദില്ലി; അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലും ഛത്തീസ്ഗഡിലും അധികാരം പിടിക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞ് ബിജെപി. ബി ജെ പി ഭരിക്കുന്ന മധ്യപ്രദേശിൽ നിയമസഭ തിരഞ്ഞെടുപ്പിൽ 50 ശതമാനം വോട്ട് വിഹിതം നേടണമെന്നാണ് സംസ്ഥാന നേതൃത്വത്തോട് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. ദില്ലിയിൽ ചേർന്ന ബി ജെ പി കോർ ഗ്രൂപ്പ് യോഗത്തിലാണ് നിർദ്ദേശം.
ബി ജെപി അധ്യക്ഷൻ ജെപി നദ്ദ, മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, സംസ്ഥാന ചുമതലയുള്ള മുരളീധർ റാവു, സംസ്ഥാന ഘടകം പ്രസിഡന്റ് വി ഡി ശർമ, ജനറൽ സെക്രട്ടറിബിഎൽ സന്തോഷ്, കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ, ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ എന്നിവരായിരുന്നു മധ്യപ്രദേശിന് വേണ്ടിയുള്ള യോഗത്തിൽ പങ്കെടുത്തത്.
2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 109 സീറ്റായിരുന്നു ബി ജെ പിക്ക് ലഭിച്ചത്. 2012 ലെ തിരഞ്ഞെടുപ്പിൽ 165 സീറ്റായിരുന്നു ബി ജെ പി നേടിയത്. വോട്ട് വിഹിതം 43 ശതമാനത്തിൽ നിന്നും 41 ശതമാനമായി കുറയുകയും ചെയ്തു. 114 സീറ്റ് നേടിയ കോൺഗ്രസ് സർക്കാർ രൂപീകരിച്ചു. എന്നാൽ കോൺഗ്രസിനുള്ളിലെ അതൃപ്തികൾ മുതലെടുത്ത് 22 എം എൽ എമാരെ ബി ജെ പി മറുകണ്ടം ചാടിച്ചു തുടർന്ന് സംസ്ഥാന ഭരണം പിടിച്ചെടുക്കുകയായിരുന്നു. എന്നാൽ ഇത്തവണ യാതൊരു വീഴ്ചകൾക്കും വഴിവെക്കരുതെന്നതാണ് ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം.
ശിവരാജ് സിങ് ചൗഹാനാണ് സംസ്ഥാനത്തെ മുഖ്യമന്ത്രി. കഴിഞ്ഞ തവണ തന്നെ ചൗഹാനെ മാറ്റി നിർത്തണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ജനസമ്മിതി പരിഗണിച്ച് മുഖ്യമന്ത്രിയാക്കുകയായിരുന്നു. ഇത്തവണയും ചൗഹാനെതിരെ നേതാക്കൾ രംഗത്തുണ്ടെങ്കിലും ദേശീയ നേതൃത്വം ഇക്കാര്യത്തിൽ മനസ് തുറന്നിട്ടില്ല. അതിനിടെ ഭരണ വിരുദ്ധ വികാരം മറികടക്കാൻ ഗുജറാത്തിന് സമാനമായ നീക്കങ്ങൾ മധ്യപ്രദേശിൽ ഉണ്ടാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ഗുജറാത്തിൽ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരെ മാറ്റിയിരുന്നു. എന്നാൽ മധ്യപ്രദേശിൽ അത്തരം കടുത്ത നടപടികളിലേക്ക് പോകാൻ സാധ്യത ഇല്ലെന്നും മന്ത്രിസഭ പുനഃസംഘടന ഉണ്ടായേക്കുമെന്നുമാണ് വിവരം. മാത്രമല്ല തിരഞ്ഞെടുപ്പിന് മുൻപ് ഒഴിവ് വന്ന ചില ബോർഡ്, കൗൺസിൽ പദവികളിലും പുതിയ നിയമനം ഉണ്ടായേക്കും.
അതേസമയം കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിൽ ഇത്തവണ ഭരണം പിടിച്ചെടുക്കാനുള്ള പദ്ധതികളാണ് ബി ജെ പി ഒരുക്കുന്നത്. ഇതിനോടകം തന്നെ ഛത്തീസ്ഗഡിലെ ഗോത്രവർഗ വിഭാഗങ്ങൾക്കായി ബി.ജെ.പി പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ഛത്തീസ്ഗഢിൽ ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിൽ ബി ജെ പിയുടെ കേന്ദ്ര നേതൃത്വത്തിന് കടുത്ത ആശങ്കയുണ്ട്.
'ഛത്തീസ്ഗഢിൽ വീണ്ടും അധികാരത്തിലെത്താൻ ബി ജെ പിയുടെ ശ്രമം ഇരട്ടിയാക്കേണ്ടതുണ്ട് .ഇതിനായി മറ്റ് പിന്നാക്ക വിഭാഗക്കാർക്കും ആദിവാസി വിഭാഗങ്ങൾക്കുമായി ജനസമ്പർക്ക പരിപാടി സംഘടിപ്പിക്കാൻ ബി ജെ പി തയ്യാറെടുക്കുന്നുണട്. സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പുതിയ മുഖം അവതരിപ്പിച്ചേക്കുമെന്നാണ് വിവരം', ബി ജെ പി നേതാവിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ഛത്തീസ്ഗഢുമായി ബന്ധപ്പെട്ട യോഗത്തിൽ മുൻ മുഖ്യമന്ത്രി രമൺ സിംഗ്, സംസ്ഥാന അധ്യക്ഷൻ വിഷ്ണു ദേവ് സായ്, സംസ്ഥാന ജനറൽ സെക്രട്ടറി പവൻ സായി എന്നിവരാണ് പങ്കെടുത്തത്. 2018 ൽ 68 സീറ്റ് നേടിയായിരുന്നു കോൺഗ്രസ് അധികാരം പിടിച്ചത്. ബി ജെ പിക്ക് 49 സീറ്റുകളായിരുന്നു ലഭിച്ചത്.