സിക്കിം നിയമസഭാ തിരഞ്ഞെടുപ്പ്; ബൈച്ചുങ് ബൂട്ടിയ്ക്ക് ആറാം തോൽവി, എസ്‌കെഎം തരംഗത്തിൽ കടപുഴകി ഫുട്‍ബോൾ ഇതിഹാസം
ന്യൂഡൽഹി: സിക്കിം നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്കെഎം തരംഗത്തിനിടെ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മുൻ ക്യാപ്റ്റനും ഇതിഹാസ താരവുമായ ബൈചുങ് ബൂട്ടിയയും കടപുഴകി. മൂന്നാമത്തെയും അവസാനത്തെയും റൗണ്ട് വോട്ടെണ്ണലിന് ശേഷം ബർഫുങ് സീറ്റിൽ അദ്ദേഹത്തെ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ചയുടെ സ്ഥാനാർത്ഥി റിക്ഷാൽ ദോർജിയോട് പരാജയപ്പെട്ടു.
2018ൽ ബൂട്ടിയ ഹംറോ സിക്കിം പാർട്ടി രൂപീകരിച്ചിരുന്നുവെങ്കിലും കഴിഞ്ഞ വർഷം അത് എസ്‌ഡിഎഫിൽ ലയിപ്പിക്കുകയായിരുന്നു. ഹിമാലയൻ സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായ എസ്‌ഡിഎഫിന്റെ വൈസ് പ്രസിഡന്റാണ് നിലവിൽ അദ്ദേഹം. ഇത്തവണ എസ്കെഎം വലിയ മുന്നേറ്റം നടത്തുന്നതിനിടെയാണ് ബൂട്ടിയയുടെ മണ്ഡലത്തിലും എസ്‌ഡിഎഫിന് തിരിച്ചടി ഉണ്ടായിരിക്കുന്നത്.

ഇന്ത്യൻ ഫുട്‍ബോളിലെ ഇതിഹാസ താരങ്ങളിൽ ഒരാളായ ബൂട്ടിയ നേരത്തെ പശ്ചിമ ബംഗാളിൽ നിന്ന് തൃണമൂൽ സ്ഥാനാർത്ഥിയായി രണ്ട് തവണ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡാർജിലിംഗിൽ നിന്നും 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സിലിഗുരിയിൽ നിന്നും തൃണമൂൽ ടിക്കറ്റിൽ ജനവിധി തേടിയെങ്കിലും തോൽവിയായിരുന്നു ഫലം.
തുടർന്ന് അദ്ദേഹം തന്റെ പ്രവർത്തനം സിക്കിമിലേക്ക് മാറ്റുകയും സ്വന്തം പാർട്ടി രൂപീകരിക്കുകയും ചെയ്യുകയായിരുന്നു. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗാംഗ്‌ടോക്കിൽ നിന്നും ടുമെൻ-ലിംഗിയിൽ നിന്നും അദ്ദേഹം മത്സരിച്ചിരുന്നു. എന്നാൽ രണ്ടിടത്തും അദ്ദേഹം പരാജയപ്പെട്ടു. പിന്നീട് ഗാംഗ്‌ടോക്കിൽ നിന്ന് 2019ലെ ഉപതിരഞ്ഞെടുപ്പിലും മത്സരിച്ചെങ്കിലും തോൽക്കുകയായിരുന്നു.
അതേസമയം, സംസ്ഥാനത്ത് അപ്രതീക്ഷിത മുന്നേറ്റമാണ് എസ്കെഎം സ്വന്തമാക്കിയിരിക്കുന്നത്. എക്‌സിറ്റ് പോളുകൾ എസ്കെഎമ്മിന് ഭരണ തുടർച്ച പ്രവചിച്ചിരുന്നെങ്കിലും ഇത്രയധികം സീറ്റുകളിൽ അവർ കുതിപ്പ് രേഖപ്പെടുത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. നിലവിൽ ആകെയുള്ള 32 സീറ്റുകളിൽ 31 ഇടത്തും ശക്തമായ മുന്നേറ്റമാണ് അവർ ഉണ്ടാക്കിയെടുത്തത്.
പ്രതിപക്ഷ കക്ഷിയായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് അഥവാ എസ്‌ഡിഎഫ് വെറും ഒരു സീറ്റിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്‌കെഎമ്മുമായി സഖ്യമുണ്ടാക്കി മത്സരിച്ച ഭാരതീയ ജനതാ പാർട്ടി പക്ഷേ ഇക്കുറി സംസ്ഥാനത്ത് ഒരു സീറ്റിലും ലീഡ് ചെയ്യുന്നില്ല. നിലവിൽ സിക്കിമിലെ ഭരണ തുടർച്ച ഉണ്ടാവുമെന്ന് ഉറപ്പായി കഴിഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിക്കിം ക്രാന്തികാരി മോർച്ച (എസ്‌കെഎം) 17 സീറ്റുകൾ നേടിയാണ് ഇവിടെ അധികാരത്തിൽ എത്തിയത്. ഇതേ തിരഞ്ഞെടുപ്പിൽ പ്രധാന കക്ഷിയായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്‌ഡിഎഫ്) 15 സീറ്റുകൾ നേടിയിരുന്നു. എന്നാൽ ബിജെപിയുമായി ചേർന്ന എസ്‌കെഎം അധികാരത്തിൽ എത്തുകയായിരുന്നു.












Click it and Unblock the Notifications