'അഴുക്ക് ചാല്‍ വായ കൊണ്ട് പ്രധാനമന്ത്രിയുടെ അമ്മയെ അപമാനിച്ചു', ആപ് നേതാവിനെതിരെ സ്മൃതി ഇറാനി
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും അദ്ദേഹത്തിന്റെ മാതാവിനും എതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയ ആം ആദ്മി പാര്‍ട്ടി ഗുജറാത്ത് അധ്യക്ഷന്‍ ഗോപാല്‍ ഇറ്റാലിയക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സ്മൃതി ഇറാനി. ഗോപാല്‍ ഇറ്റാലിയയുടെ വിവാദ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച് കൊണ്ടാണ് സ്മൃതി ഇറാനിയുടെ പ്രതികരണം.
സ്മൃതി ഇറാനിയുടെ ട്വീറ്റ് ഇങ്ങനെ: 'അരവിന്ദ് കെജ്രിവാള്‍, ഗോപാല്‍ ഇറ്റാലിയ അയാളുടെ അഴുക്ക് ചാല്‍ വായ കൊണ്ട് നിങ്ങളുടെ ആശിര്‍വാദത്തോട് കൂടി ഹീരാ ബായെ അധിക്ഷേപിക്കുന്നു. താന്‍ രോഷം പ്രകടിപ്പിക്കുന്നില്ല, ഗുജറാത്ത് ജനത എത്രത്തോളം രോഷാകുലരാണ് എന്നതും കാണിക്കാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ ഇത്ര മാത്രം അറിയുക, നിങ്ങളുടെ വിധി ജനം എഴുതുകയും ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ നിങ്ങളുടെ പാര്‍ട്ടി തുടച്ച് നീക്കപ്പെടുകയും ചെയ്യും. ഇനി ജനം നീതി നടപ്പാക്കും'.

ശക്തിയുടെ രൂപമാണ് ഹീര ബാ. കെജ്രിവാളിന്റെ സ്വന്തം ഗോപാല്‍ ഇറ്റാലിയ നൂറ് വയസ്സ് പ്രായമുളള ഹീര ബായെ പോലും തന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തില്‍ നിന്ന് വെറുതെ വിടുന്നില്ല. ഗുജറാത്ത് പോലൊരു പുരോഗമന സമൂഹത്തില്‍ ആം ആദ്മി പാര്‍ട്ടിക്കോ അവരുടെ ഇടുങ്ങിയ ചിന്താഗതിക്കോ സ്ഥാനമില്ല എന്നും സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു. ഹീരാ ബായ്ക്ക് എതിരെയുളള അധിക്ഷേപത്തിന് വോട്ടിലൂടെ ഗുജറാത്ത് മറുപടി നല്‍കുമെന്നും സ്മൃതി ഇറാനി കുറിച്ചു. ഗോപാല്‍ ഇറ്റാലിയുടെ വിവാദ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇത് എപ്പോള്‍ ഷൂട്ട് ചെയ്തതാണ് എന്നത് വ്യക്തമല്ല.
വിവാദ വീഡിയോയുടെ പേരില്‍ ദില്ലി പോലീസ് ഗോപാല്‍ ഇറ്റാലിയയെ കസ്റ്റഡിയിലെടുത്തിരുന്നു. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ചോദ്യം ചെയ്ത് വിട്ടയച്ചു. ദേശീയ വനിതാ കമ്മീഷന്‍ ഇറ്റാലിയയെ വിളിച്ച് വരുത്തി വിശദീകരണം തേടിയിരുന്നു. വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖാ ശര്‍മ്മ തന്നെ ജയിലില്‍ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ഗോപാല്‍ ഇറ്റാലിയ പ്രതികരിച്ചു. വനിതാ കമ്മീഷന്‍ ഓഫീസില്‍ നിന്നാണ് പോലീസ് ഗോപാല്‍ ഇറ്റാലിയയെ കസ്റ്റഡിയിലെടുത്തത്.












Click it and Unblock the Notifications