ജയലളിതക്ക് കൊടുത്ത വാക്കെല്ലാം പണ്ട്; ഇത് പുതിയ ചിന്നമ്മ; പൊളിക്കും!! തമിഴകത്ത് പുതിയ കത്ത് വിവാദം

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: ജയലളിതയോട് മാപ്പ് ചോദിച്ച് ശശികല എഴുതിയ കത്തിനെ ചൊല്ലിയാണ് തമിഴ്‌നാട്ടില്‍ പുതിയ വിവാദം. അധികാര വടംവലി ശക്തമായിരിക്കെ പന്നീര്‍ശെല്‍വം പരസ്യപ്പെടുത്തിയ കത്തിലെ വാക്കുകളാണ് ശശികലക്ക് വിനയായിരിക്കുന്നത്. കത്തെഴുതിയത് താനല്ലെന്ന് ചിന്നമ്മ പറയുന്നു.

ഒരു സ്ത്രീ രാഷ്ട്രീയത്തില്‍ വരുന്നത് ചിലര്‍ക്ക് ഇഷ്ടമല്ലെന്ന് ശശികല കത്തിനെ സൂചിപ്പിച്ച് പറഞ്ഞു. അത് പ്രചരിപ്പിച്ചതിന് പിന്നില്‍ ചിലരാണ്. അവര്‍ ആരാണെന്ന് വ്യക്തമായി അറിയാമെന്നും കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തെ ഉദ്ദേശിച്ച ശശികല പറഞ്ഞു.

രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലെന്ന് ശശികല?

കുടുംബവുമായുള്ള ബന്ധം വിച്ഛേദിക്കുമെന്നും രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലെന്നും ശശികല കത്തില്‍ വ്യക്തമാക്കിയിരുന്നുവെന്ന് പനീര്‍ശെല്‍വം മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോള്‍ ശശികല മുഖ്യമന്ത്രിയാവാന്‍ നടത്തുന്ന നീക്കങ്ങളെ ചെറുക്കാനായിരുന്നു പനീര്‍ശെല്‍വം പഴയ കത്തിന്റെ കാര്യം പൊടിതട്ടിയെടുത്തത്.

ലിംഗവിവേചനം പുതിയ അടവ്!

പാര്‍ട്ടിയെ പിളര്‍ത്താന്‍ മുമ്പും നീക്കം നടന്നിട്ടുണ്ടെന്ന് ശശികല പറഞ്ഞു. അതിന്റെ തുടര്‍ ഭാഗമാണ് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍. സ്ത്രീ രാഷ്ട്രീയത്തില്‍ എത്തുന്നത് ചിലര്‍ക്ക് ദഹിക്കുന്നില്ല. ജയലളിതയും സമാനമായ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നുവെന്നും ശശികല പറഞ്ഞു.

ജയലളിതയും സമാന പ്രതിസന്ധി നേരിട്ടു

അമ്മയോടൊപ്പം പ്രവര്‍ത്തിക്കുന്ന നാളില്‍ സ്ത്രീ ആയതുകൊണ്ടുമാത്രം അവര്‍ നേരിട്ട പ്രതിസന്ധിയെ കുറിച്ച് എനിക്കറിയാം. അടുത്ത നാലര വര്‍ഷം അണ്ണാഡിഎംകെ സര്‍ക്കാര്‍ തന്നെ തമിഴ്‌നാട് ഭരിക്കും. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി എന്ന നിലയിലാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും ശശികല കൂട്ടിച്ചേര്‍ത്തു.

എംഎല്‍എമാരെ വീണ്ടും കണ്ടു

മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം പറഞ്ഞതിന് ശേഷം ശശികല കുവത്തൂരില്‍ അണ്ണാ ഡിഎംകെ എംഎല്‍എമാര്‍ കഴിയുന്ന ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിലേക്ക് തിരിച്ചു. എംഎല്‍എമാരെ ഇതു രണ്ടാംതവണയാണ് ശശികല റിസോര്‍ട്ടിലെത്തി കാണുന്നത്. പാര്‍ട്ടിയില്‍ നിന്ന് നിരവധി പേര്‍ പനീര്‍ശെല്‍വത്തിനൊപ്പം ചേരുന്നതിലുള്ള അമര്‍ഷം അവര്‍ നേതാക്കളോട് പ്രകടിപ്പിച്ചു. പത്ത് എംപിമാരും എട്ട് എംഎല്‍എമാരുമാണ് ഇപ്പോള്‍ പനീര്‍ശെല്‍വത്തോടൊപ്പം ചേര്‍ന്നിരിക്കുന്നത്.

ഐക്യം നശിച്ചു

എല്ലാവരെയും ഒരുമിപ്പിച്ച് നിര്‍ത്താന്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് സാധിച്ചില്ലെന്ന് ശശികല കുറ്റപ്പെടുത്തി. ഗവര്‍ണര്‍ പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ വൈകിപ്പിക്കുന്നത് മനപ്പൂര്‍വമാണെന്ന് അവര്‍ കഴിഞ്ഞിദവസം ആരോപിച്ചിരുന്നു. ഇന്ന് എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തിയ അവര്‍ പുതിയ പ്രതിഷേധങ്ങള്‍ക്ക് തുടക്കമിടുമെന്നാണ് വിവരം.

ഗവര്‍ണര്‍ ചിന്തിക്കുന്നത് മറ്റൊന്ന്

പാര്‍ട്ടിയെ പിളര്‍ത്താന്‍ ചിലര്‍ നന്നായി ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമാണ് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ വൈകിപ്പിക്കുന്നതെന്നും ശശികല പറഞ്ഞു. എന്നാല്‍ ഇത്തരം പരാമര്‍ശങ്ങളൊന്നും ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ കുലുക്കിയിട്ടില്ലെന്നാണ് വിവരം. സുസ്ഥിര സര്‍ക്കാര്‍ രൂപീകരിക്കുകയാണ് ഗവര്‍ണറുടെ ഭരണഘടനാപരമായ ചുമതലയെന്നു ഗവര്‍ണര്‍ കരുതുന്നതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു.

രാജ്ഭവന്റെ സുരക്ഷ ശക്തമാക്കി

തമിഴ്‌നാട് മുഖ്യമന്ത്രിയാവാന്‍ അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല നടരാജന്‍ പഠിച്ച പണികളെല്ലാം പയറ്റുന്നതിനിടെ നിലവിലെ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം വളഞ്ഞവഴിക്കാണ് നീങ്ങുന്നത്. പാര്‍ട്ടിയുടെ പാര്‍ലമെന്റംഗങ്ങളെ ചാക്കിടുകയാണ് അദ്ദേഹം. ഭൂരിഭാഗം എംപിമാരും ഒപിഎസിനെ പിന്തുണയ്ക്കുമെന്നാണ് റിപോര്‍ട്ടുകള്‍. എംഎല്‍എമാരോടൊപ്പം ശശികല രാജ്ഭവനില്‍ എത്താന്‍ സാധ്യതയുണ്ടെന്ന റിപോര്‍ട്ടുകള്‍ക്കിടെ രാജ്ഭവന്റെ സുരക്ഷ ശക്തമാക്കി.

ശശികല ക്യാംപിനെ ഞെട്ടിച്ച് കൂടുമാറ്റം

ലോക്‌സഭാംഗങ്ങളായ പിആര്‍ സുന്ദരവും കെ അശോക് കുമാറും പനീര്‍ശെല്‍വത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചതാണ് ശശികല ക്യാംപിനെ ഞെട്ടിച്ചത്. ഇവരുടെ അനുകൂലികളും കൂടെ പോന്നാല്‍ ശശികലക്ക് കനത്ത തിരിച്ചടിയാവും. ഇത് പാര്‍ട്ടി രണ്ടായി പിളരാന്‍ ഇടയാക്കുമെന്ന സൂചനയാണ് നല്‍കുന്നത്. ഗവര്‍ണര്‍ അനുകൂലമായ തീരുമാനമെടുത്തില്ലെങ്കില്‍ രാജ്ഭവന് മുന്നില്‍ ഉപവാസം തുടങ്ങാന്‍ ശശികലക്കും കൂട്ടര്‍ക്കും ആലോചനയുണ്ടെന്നാണ് റിപോര്‍ട്ട്.

തമ്പി ദുരൈ ശശികലക്കൊപ്പം തന്നെ?

ലോക്‌സഭാ ഡപ്യൂട്ടി സ്പീക്കര്‍ എം തമ്പി ദുരൈ ഒഴികെയുള്ള പാര്‍ട്ടി എംപിമാരുടെ പിന്തുണ പനീര്‍ശെല്‍വത്തിന് ആണെന്നാണ് റിപോര്‍ട്ട്. ലോക്‌സഭയിലും രാജ്യസഭയിലുമായി പാര്‍ട്ടിക്ക് 50 എംപിമാരാണുള്ളത്. ഇതില്‍ പത്ത് പേര്‍ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ശശികല തിടുക്കത്തില്‍ റിസോര്‍ട്ടിലേക്ക് എത്തിയത്.

റിസോര്‍ട്ടിന് പുറത്ത് സംഘര്‍ഷം

അധികാര വടംവലിക്കിടെ റിസോര്‍ട്ടില്‍ 'അടയ്ക്കപ്പെട്ട' അണ്ണാഡിഎംകെ എംഎല്‍എമാരുടെ സ്ഥിതി അതിദയനീയമാണെന്നാണ് റിപോര്‍ട്ട്. ഇത്തരം വാര്‍ത്തകള്‍ പുറത്ത് വരാന്‍ തുടങ്ങിയതോടെ ശശികലയെ അനുകൂലിക്കുന്ന എംഎല്‍എമാര്‍ തങ്ങള്‍ക്ക് യാതൊരു കുഴപ്പവുമില്ലെന്ന് കാണിച്ച് മാധ്യമപ്രവര്‍ത്തകരെ കണ്ടു. റിസോര്‍ട്ടിന് പുറത്ത് മാധ്യമപ്രവര്‍ത്തകരും പോലിസും പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ ഞായറാഴ്ച വൈകീട്ട് വാക്കുതര്‍ക്കമുണ്ടായി. പാര്‍ട്ടി പ്രവര്‍ത്തകരെ പോലിസ് ഇടപെട്ട് നീക്കി. ശശികല എംഎല്‍എമാരുമായി റിസോര്‍ട്ടില്‍ ചര്‍ച്ച നടത്തവെയായിരുന്നു പുറത്ത് സംഘര്‍ഷാവസ്ഥയുണ്ടായത്.

ഓരോ എംഎല്‍എമാരെയും കണ്ടു

എംഎല്‍എമാരെ റിസോര്‍ട്ടില്‍ തടവിലാക്കിയിരിക്കുകയാണെന്ന ആരോപണം ശക്തമായിരിക്കെ മഹാബലിപുരത്തിനടുത്ത കൂവത്തൂരിലെ ആഢംബര റിസോര്‍ട്ടില്‍ പോലിസും റവന്യൂ ഉദ്യോഗസ്ഥരും പരിശോധന നടത്തിയിരുന്നു. ഈ റിസോര്‍ട്ടില്‍ ശശികലയുടെ നിര്‍ദേശപ്രകാരം 120 എംഎല്‍എമാരെയാണ് താമസിപ്പിച്ചിരിക്കുന്നത്. ശനിയാഴ്ച രാവിലെ റിസോര്‍ട്ടിലെത്തിയ പോലിസും റവന്യൂ ഉദ്യോഗസ്ഥരും ഓരോ എംഎല്‍എമാരോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഓരോരുത്തരോടും പ്രത്യേകം വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചെന്നാണ് വിവരം. രാവിലെ 6.30ന് തുടങ്ങിയ പരിശോധന ഉച്ചയോടെയാണ് അവസാനിച്ചത്.

English summary
AIADMK general secretary VK Sasikala Natarajan on Sunday disowned a letter she had allegedly written to late Tamil Nadu Chief Minister J Jayalalithaa, seeking her apology. According to ANI, Sasikala claimed that the circulation of the letter showed that ‘there are people who do not want a lady to get into politics’. "A letter has been circulated as if I have written it. It shows there are people who cannot tolerate a lady getting into politics," she said.
Please Wait while comments are loading...