
2024 പൊതു തിരഞ്ഞെടുപ്പില്‍ അജയ് മിശ്രയെ ലഖിംപൂര്‍ ഖേരിയില്‍ നേരിടും; വെല്ലുവിളിച്ച് കര്‍ഷകന്റെ മകന്‍
ലക്‌നൗ: ലഖിംപൂര്‍ ഖേരി സംഭവത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്റെ മകന്‍ കേന്ദ്രമന്ത്രി അജയ് മിശ്ര തേനിക്കെതിരെ രാഷ്ട്രീയ രംഗത്ത് പോരാടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ അജയ് മിശ്രക്കെതിരെ മത്സരിക്കുമെന്ന് കര്‍ഷകനായ നച്ചാതര്‍ സിങ്ങിന്റെ മൂത്ത മകന്‍ ജഗ്ദീപ് സിംഗ് പറഞ്ഞു. നിലവിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സമാജ്വാദി പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും ഓഫറുകള്‍ നിരസിച്ചതായും പകരം ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്നെ മത്സരിപ്പിക്കാന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിന് നടന്ന സംഭവത്തില്‍ പ്രത്യേക അന്വേഷണം (എസ് ഐ ടി) സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ടെനിയുടെ മകന്‍ ആശിഷ് മിശ്രയെ മുഖ്യപ്രതിയായി പ്രഖ്യാപിച്ചിരുന്നു. കേസില്‍ ആശിഷ് മിശ്ര ഇപ്പോള്‍ ജയിലിലാണ്. രാജ്യത്തെ ഞെട്ടിച്ച സംഭവത്തില്‍ മന്ത്രിയുടേതുള്‍പ്പെടെയുള്ള വാഹനവ്യൂഹത്തിന്റെ ചക്രത്തിനടിയില്‍പ്പെട്ട് നച്ഛതര്‍ സിംഗ് ഉള്‍പ്പെടെ നാല് കര്‍ഷകരാണ് കൊല്ലപ്പെട്ടത്.
ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഒരു പരിപാടിക്കായി അജയ് മിശ്രയുടെ നാട്ടിലേക്ക് പോയതിനെതിരെ പ്രകടനം നടത്തിയ കര്‍ഷകര്‍ക്ക് നേരെ വാഹനവ്യൂഹം പാഞ്ഞുകയറി മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. അതേസമയം, ലഖിംപൂര്‍ ഖേരി ജില്ലയിലെ ധൗരാഹര നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് തനിക്ക് സീറ്റ് വാഗ്ദാനം ചെയ്തതെന്ന് നംദാര്‍ സ്വദേശിയായ ജഗ്ദീപ് സിംഗ് പിടിഐയോട് പറഞ്ഞു. എന്നാല്‍ ഈ ഓഫര്‍ അദ്ദേഹം നിരസിക്കുകയായിരുന്നു.
ധൗരഹര സീറ്റില്‍ മത്സരിക്കണമെന്ന് എസ്പിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടെങ്കിലും ചെറിയൊരു പോരാട്ടത്തിനില്ലെന്ന് ഞാന്‍ അവരോട് പറഞ്ഞു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എനിക്ക് സീറ്റ് തരൂ. അജയ് മിശ്രയ്‌ക്കെതിരെ എനിക്ക് നേരിട്ട് പോരാടണം. എനിക്ക് പോരാടേണ്ടി വന്നാല്‍ , അത് ശരിയായി പോരാടുമെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ കുടുംബത്തില്‍ ആര്‍ക്കും തന്നെ രാഷ്ട്രീയ പശ്ചാത്തലമില്ലെന്നും അദ്ദേഹം പറയുന്നു.
ഞാന്‍ എസ്പി, ബിഎസ്പി, കോണ്‍ഗ്രസ് എന്നിവയുള്‍പ്പെടെ ആരുടെയും പിന്തുണക്കാരനല്ല. തെരഞ്ഞെടുപ്പില്‍ കര്‍ഷക നേതാവ് തേജീന്ദര്‍ സിംഗ് വിര്‍ക്കിനൊപ്പം നില്‍ക്കുന്നു. അദ്ദേഹം നമ്മുടെ പോരാട്ടത്തിലും പോരാടുകയാണ്. അദ്ദേഹം എവിടെ നിന്ന് പോരാടിയാലും ഞങ്ങള്‍ അദ്ദേഹത്തോടൊപ്പം നില്‍ക്കും. അന്നത്തെ അക്രമത്തില്‍ പരിക്കേറ്റവരില്‍ വിര്‍ക്കുമുണ്ട്. അടുത്തിടെ ലഖ്നൗവില്‍ അഖിലേഷ് യാദവിനൊപ്പം ഒരു പത്രസമ്മേളനത്തില്‍ അദ്ദേഹത്തെ കണ്ടിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നന്ദി പറഞ്ഞ ജഗ്ദീപ്, പ്രതിപക്ഷം ഇല്ലായിരുന്നുവെങ്കില്‍ ടിക്കോണിയ സംഭവം ഒരു അപകടമായി കാണിക്കുമായിരുന്നുവെന്നും പറഞ്ഞു.
ബ്രാഹ്മണ വോട്ട് ബാങ്ക് കാരണമാണ് അജയ് മിശ്രയെ പാര്‍ട്ടി നീക്കം ചെയ്യാത്തതെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാത്തത് വളരെ വലിയ തിരഞ്ഞെടുപ്പ് വിഷയമാണ്. ബ്രാഹ്മണ വോട്ടുകള്‍ നഷ്ടപ്പെടുമെന്ന ഭയത്താലാണ് സര്‍ക്കാര്‍ അജയ് മിശ്രയെ നീക്കം ചെയ്യാത്തത്. അദ്ദേഹം ആഭ്യന്തര സഹമന്ത്രി സ്ഥാനത്ത് തുടരുന്നിടത്തോളം കാലം ഞങ്ങളോട് നീതിപുലര്‍ത്താന്‍ കഴിയില്ല,'' ജഗ്ദീപ് പറഞ്ഞു.
Recommended Video
അജയ് മിശ്ര രണ്ടാം തവണയാണ് ലഖിംപൂര്‍ ഖേരിയില്‍ നിന്ന് എം പി സ്ഥാനത്തേക്ക് എത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ ടിക്കോണിയ സംഭവം എത്ര വലിയ വിഷയമാണെന്ന് ജഗ്ദീപ് ചോദിച്ചു. തെരഞ്ഞെടുപ്പില്‍ ഈ സംഭവത്തിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്നില്ലെങ്കില്‍ കര്‍ഷകര്‍ ജീപ്പിനു കീഴില്‍ ചതഞ്ഞരഞ്ഞുപോകുമെന്നത് കാലം തെളിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മരിച്ച നാല് കര്‍ഷകരില്‍, ധൗര്‍ഹാരയിലെ നച്ഛതര്‍ സിംഗ്, പാലിയ നിവാസിയായ ലവ്പ്രീത് സിംഗ് എന്നിവര്‍ ലഖിംപൂര്‍ ഖേരി ജില്ലയില്‍ നിന്നുള്ളവരാണ്.