ഉവൈസിയുടെ ദീര്‍ഘായുസിന് പ്രത്യേക പ്രാര്‍ഥന; 101 ആടുകളെ ബലി നല്‍കി വ്യവസായി
ഹൈദരാബാദ്: എംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസിയുടെ ദീര്‍ഘായുസിന് വേണ്ടി ഹൈദരാബാദില്‍ പ്രത്യേക പ്രാര്‍ഥന. ഒരു വ്യവസായിയാണ് പ്രാര്‍ഥന സംഘടിപ്പിച്ചത്. അദ്ദേഹം 101 ആടുകളെ ബലി നല്‍കിയാണ് പ്രാര്‍ഥന നടത്തിയത്. എംഐഎം നേതാവും മലക്‌പേട്ട് എംഎല്‍എയുമായ അഹമ്മദ് ബലാല ചടങ്ങില്‍ പങ്കെടുത്തു. ഉത്തര്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുത്ത് ഡല്‍ഹിയിലേക്ക് യാത്ര ചെയ്യവെ, ഉവൈസിയുടെ കാറിന് നേരെ വെടിവയ്പുണ്ടായ പശ്ചാത്തലത്തിലാണ് ഹൈദാരാബാദില്‍ പ്രാര്‍ഥന സംഘടിപ്പിച്ചത്.
ഹൈദരാബാദ് എംപിയാണ് ഉവൈസി. അദ്ദേഹത്തിന്റെ ദീര്‍ഘായുസിന് വേണ്ടി നടന്ന പ്രാര്‍ഥനയില്‍ നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും പങ്കെടുത്തു. ആക്രമണം നടന്ന ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉവൈസിക്ക് ഇസഡ് കാറ്റഗറി സുരക്ഷ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹം നിരസിച്ചു. എനിക്ക് സുരക്ഷ വേണ്ടെന്നും പ്രതികള്‍ക്കെതിരെ യുഎപിഎ പ്രകാരം കേസെടുക്കുകയും ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കുകയുമാണ് വേണ്ടതെന്നും ഉവൈസി പറഞ്ഞു. കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ കുറ്റം സമ്മതിച്ചു.

നോയിഡ സ്വദേശി സച്ചിന്‍ ആണ് പോലീസിനോട് കുറ്റമേറ്റത്. ഉവൈസിയുടെ പ്രസംഗങ്ങള്‍ തന്നെ അസ്വസ്ഥനാക്കിയിരുന്നു. അതുകൊണ്ടാണ് കൊല്ലാന്‍ തീരുമാനിച്ചത്. വെടിവച്ച വേളയില്‍ ഉവൈസി താഴ്ന്നത് കൊണ്ട് രക്ഷപ്പെട്ടു. പിന്നീട് താഴ്ഭാഗത്ത് വെടിവച്ചു. ഉവൈസിക്ക് വെടി കൊണ്ടു എന്നാണ് കരുതിയത്. തുടര്‍ന്ന വേഗം രക്ഷപ്പെടുകയായിരുന്നു. ഉവൈസിയെ ആക്രമിക്കാന്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പദ്ധതിയിട്ടിരുന്നു. അദ്ദേഹത്തിന്റെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. അവസരം ലഭിക്കുമെന്ന് കരുതി ഉവൈസി പങ്കെടുക്കുന്ന പൊതുപരിപാടികള്‍ക്കെത്തി. എന്നാല്‍ വലിയ ജനക്കൂട്ടം കാരണം ലക്ഷ്യം സാധിച്ചില്ല. പിന്നീടാണ് മീററ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഉവൈസി പോകുന്നു എന്ന വിവരം ലഭിച്ചതെന്നും പ്രതി പോലീസിനോട് സമ്മതിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഉത്തര്‍ പ്രദേശില്‍ അസദുദ്ദീന്‍ ഉവൈസിക്ക് നേരെ ആക്രമണമുണ്ടായത്. മീററ്റിലെ ഛാജര്‍സി ടോള്‍ പ്ലാസയ്ക്കടുത്തായിരുന്നു സഭവം. കാറിന്റെ ടയര്‍ പഞ്ചറായി. ഡോറിലും വെടിയേറ്റു. തുടര്‍ന്ന് മറ്റൊരു വാഹനത്തിലാണ് അദ്ദേഹം ഡല്‍ഹിയിലേക്ക് പോയത്. അതേസമയം, സംഭവത്തില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പ്രതികരണത്തിനെതിരെ ഉവൈസി രംഗത്തുവന്നു. ഒരു എംപിക്കെതിരെയുണ്ടായ ആക്രമണത്തെ ആദിത്യനാഥ് ന്യായീകരിക്കരുത് എന്ന് ഉവൈസി പറഞ്ഞു. ഞാന്‍ എന്താണ് അരുതാത്തത് പറഞ്ഞത്. യോഗി അത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തട്ടെ എന്നും ഉവൈസി പറഞ്ഞു. നേതാക്കള്‍ ജാഗ്രതയോടെ സംസാരിക്കണമെന്നും തിരഞ്ഞെടുപ്പ് പ്രസംഗങ്ങള്‍ക്കിടെ മതവികാരം വ്രണപ്പെടുത്തരുതെന്നും യോഗി പറഞ്ഞിരുന്നു. ഇതാണ് ഉവൈസിയെ ചൊടിപ്പിച്ചത്.












Click it and Unblock the Notifications