പാകിസ്ഥാനോട് അടുക്കുന്ന അമേരിക്ക: ഒസാമബിന്‍ലാദന്റെ ചരിത്രം ഓർമ്മിപ്പിച്ച് എസ് ജയശങ്കർ
പാകിസ്ഥാനും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തമാകുന്നതിനിടെ ഓസാമ ബിൻ ലാദന്റെ ചരിത്രം ഓർമിപ്പിച്ച് വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കർ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് ഇന്ത്യ-പാകിസ്ഥാൻ വെടിനിർത്തലിൽ മധ്യസ്ഥത വഹിച്ചുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തുടർച്ചയായുള്ള അവകാശവാദത്തിനും അദ്ദേഹം മറുപടി നല്‍കി. വിഷയത്തില്‍ താൻ യുഎസുമായി സംസാരിച്ചിരുന്നെങ്കിലും, വെടിനിർത്തൽ തീരുമാനം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചർച്ചയുടെ ഭാഗമായാണ് ഉണ്ടായതെന്ന് മന്ത്രി വ്യക്തമാക്കി.
ഡല്‍ഹിയില്‍ നടന്ന എക്കണോമിക് ടൈംസ് വേൾഡ് ലീഡേഴ്‌സ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രി. യുഎസ് പ്രസിഡന്റ് ട്രംപ് പാകിസ്ഥാൻ ആർമി ചീഫ് ആസിം മുനീറിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചതടക്കം, യുഎസും പാകിസ്ഥാനും തമ്മിലുള്ള വർധിക്കുന്ന അടുപ്പത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ജയശങ്കർ ശക്തമായ പ്രതികരണം നടത്തുകയായിരുന്നു.

"അവർക്ക് പരസ്പരം ഒരു ചരിത്രമുണ്ട്. ആ ചരിത്രം മറക്കാനുള്ള ചരിത്രവും അവർക്കുണ്ട്. ഇത് ആദ്യത്തെ സംഭവമല്ല. രസകരമായ കാര്യം, ചിലപ്പോൾ സൈന്യത്തിൽ നിന്നുള്ളവർ നൽകുന്ന സർട്ടിഫിക്കറ്റുകളെ നോക്കുമ്പോൾ, അബോട്ടാബാദിൽ പോയി 'നിങ്ങള്‍ക്ക് അറിയാവുന്ന ആളെ' കണ്ടെത്തിയത് അവരുടെ സൈന്യമാണ്. രാജ്യങ്ങൾ സൗകര്യപ്രദമായ രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ ആവർത്തിക്കപ്പെടുന്നു. ചിലത് തന്ത്രപരമായിരിക്കാം, ചിലത് മറ്റ് നേട്ടങ്ങളോ കണക്കുകൂട്ടലുകളോ ആകാം," മന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യ-യുഎസ് ബന്ധത്തിന്റെ ശക്തിയും അതിന്റെ പ്രസക്തിയും ഇന്ത്യ എപ്പോഴും മനസ്സിൽ സൂക്ഷിക്കുന്നുണ്ടെന്ന് ജയ്ശങ്കർ വ്യക്തമാക്കി. "ഞാൻ ദൈനംദിന സാഹചര്യങ്ങൾക്കോ വെല്ലുവിളികൾക്കോ അനുസരിച്ച് പ്രതികരിക്കുന്നു. പക്ഷേ, ബന്ധത്തിന്റെ വലിയ ഘടനാപരമായ ശക്തികളും അതിൽ നിന്നുള്ള ആത്മവിശ്വാസവും എപ്പോഴും മനസ്സിൽ വെച്ചാണ് ഞാൻ പ്രവർത്തിക്കുന്നത്. ഞാൻ എന്റെ ശക്തികൾ അറിയുന്നു, എന്റെ ബന്ധത്തിന്റെ പ്രാധാന്യവും പ്രസക്തിയും എനിക്കറിയാം. അതാണ് എന്നെ മുന്നോട്ട് നയിക്കുന്നത്," ജയ്ശങ്കർ പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചും ട്രംപിന്റെ മധ്യസ്ഥത വാദങ്ങളെക്കുറിച്ചും, ഇന്ത്യ ഇതിനെ നിരന്തരം നിഷേധിച്ചിട്ടുണ്ട്. പാകിസ്ഥാൻ സൈനിക താവളങ്ങളെ കൃത്യമായി ലക്ഷ്യം വെച്ചതാണ് ഇസ്ലാമാബാദിനെ വെടിനിർത്തലിന് നിർബന്ധിതമാക്കിയതെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ, ഒരു സംഘർഷം ഉണ്ടാകുമ്പോൾ എല്ലാ രാജ്യങ്ങളും പരസ്പരം സംസാരിക്കാറുണ്ടെന്നും ജയ്ശങ്കർ പറഞ്ഞു.
"അക്കാലത്ത് ഫോൺ കോളുകൾ നടന്നത് ശരിയാണ്. യുഎസും മറ്റ് രാജ്യങ്ങളും വിളിച്ചിരുന്നു. അത് രഹസ്യമല്ല. ഞാൻ നടത്തിയ മിക്കവാറും എല്ലാ ഫോൺ കോളുകളും, പ്രത്യേകിച്ച് അമേരിക്കൻ കോളുകൾ, എന്റെ എക്സ് അക്കൗണ്ടിൽ ഉണ്ട്. ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ രാജ്യങ്ങൾ വിളിക്കാറുണ്ട്... ഞാനും വിളിക്കാറില്ലേ? ഇസ്രയേൽ-ഇറാൻ സംഭവം നടക്കുമ്പോൾ ഞാൻ വിളിച്ചു. റഷ്യ-ഉക്രെയ്ൻ സംഭവം നടക്കുമ്പോൾ ഞാൻ വിളിച്ചു. ഇന്നത്തെ അന്താരാഷ്ട്ര ബന്ധങ്ങളിൽ, ഇത് ഒരു പരസ്പരാശ്രിത ലോകമാണ്. അന്താരാഷ്ട്ര ബന്ധങ്ങളിൽ ശക്തമായ ചരിത്രമുള്ളവർ ഇത് ചെയ്യും. പക്ഷെ ഇന്ത്യയും പാകിസ്ഥാനും തമ്മിലാണ് നേരിട്ടുള്ള ചർച്ചകള്‍ നടന്നത്" അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications