ജഗൻ മുതൽ മമത വരെ; രാഹുലിനൊപ്പം പ്രതിപക്ഷ നിര ഒന്നിച്ചാൽ ബിജെപിയെ കാത്തിരിക്കുന്നത് അഗ്നി പരീക്ഷ
അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് പുനഃസംഘടന പൂർത്തിയാക്കി ബിജെപിക്ക് വലിയ വെല്ലുവിളിയാകാൻ തന്നെയാണ് കോൺഗ്രസ് ഒരുങ്ങുന്നത്
ന്യൂഡൽഹി: രാജ്യത്ത് ഒരിക്കൽകൂടി ബിജെപി ഭരണം ആവർത്തിക്കാതിരിക്കാനുള്ള തീവ്ര ശ്രമിത്തിലാണ് പ്രതിപക്ഷ പാർട്ടികളെല്ലാം. അതിന്റെ ഭാഗമായി സംഘടന തലത്തിലും ശൈലിയിലും മാറ്റത്തിന്റെ ചുവടുകൾ വെച്ചുതുടങ്ങി. മുന്നിൽ കോൺഗ്രസ് തന്നെയാണ്. കെട്ടഴിഞ്ഞുകിടക്കുന്ന നേതൃത്വത്തെ കൂടുതൽ ശക്തമാക്കി ഒരു തിരിച്ചുവരവിന് ഇനി വൈകരുത് എന്ന ബോധ്യത്തോടെയാണ് കോൺഗ്രസ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് പുനഃസംഘടന പൂർത്തിയാക്കി ബിജെപിക്ക് വലിയ വെല്ലുവിളിയാകാൻ തന്നെയാണ് കോൺഗ്രസ് ഒരുങ്ങുന്നത്.

പ്രശാന്ത് കിഷോർ
രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെ ഒപ്പം കൂട്ടിയാണ് ഇപ്പോൾ കോൺഗ്രസ് ചർച്ചകൾ പുരോഗമിക്കുന്നത്. കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായി നിരന്തരം പ്രശാന്ത് കിഷോർ ചർച്ച നടത്തുന്നുണ്ട്. ബിജെപിയോടും ദേശീയ ജനാധിപത്യ സഖ്യത്തോടും തുറന്ന പോരിന് പലപ്പോഴും മുന്നിലേക്ക് വന്നിട്ടുള്ള പ്രശാന്താണ് 2014ലെ തിരഞ്ഞെടുപ്പിൽ ബിജെപി വിജയത്തിൽ നിർണായക പങ്കുവഹിച്ചതും. ഇടക്കാലത്ത് നിന്ന് രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രശാന്ത് കിഷോറിന്റെ മടങ്ങി വരവിനെ പ്രതിപക്ഷ പാർട്ടികളെല്ലാം പ്രതീക്ഷയോടെയാണ് കാണുന്നത്. കോൺഗ്രസിന് പുറമെ മമത, ശരദ് പവാർ, സ്റ്റാലിൻ തുടങ്ങി പ്രതിപക്ഷത്തെ മറ്റ് പ്രമുഖ നേതാക്കളുമായെല്ലാം അടുത്ത ബന്ധം പുലർത്തുന്നയാളാണ് പ്രശാന്ത് കിഷോർ.

ശരദ് പവാർ
പ്രായം 80 പിന്നിട്ടു എൻസിപി അധ്യക്ഷൻ ശരദ് പവാറിന്. എന്നാൽ ഇന്നും ദേശീയ രാഷ്ട്രീയത്തിൽ മാറ്റി നിർത്താൻ സാധിക്കാത്ത സാനിധ്യമാണ് പവാർ. കോൺഗ്രസുകാരനായി രാഷ്ട്രീയത്തിലേക്ക് വന്ന പവാർ 27-ാം വയസിൽ നിയമസഭാ സാമാജികനും 38-ാം വയസിൽ മുഖ്യമന്ത്രിയുമായി. കേന്ദ്രത്തിലും സംസ്ഥാനത്തുമായി നിരവധി ഉത്തരവാദിത്വങ്ങൾ വഹിച്ചുകൊണ്ടിരുന്ന അദ്ദേഹം ഇടക്കാലത്ത് കോൺഗ്രസിൽ നിന്ന് തെറ്റിപിരിയുകയും എൻസിപി രൂപീകരിക്കുകയും ചെയ്തു. കോൺഗ്രസുമായി തന്നെ മത്സരിച്ച വളർന്ന എൻസിപി പിന്നീട് കോൺഗ്രസിന്റെ സഖ്യകക്ഷിയായി. ഇപ്പോഴും മറ്റ് പാർട്ടി നേതാക്കളുമായെല്ലാം അടുത്ത ബന്ധം പുലർത്തുന്ന ശരദ് പവാറിന്റെ രാഷ്ട്രീയ അടിത്തറ സാധാരണക്കാരയാ ജനങ്ങൾ തന്നെയാണ്. ബിജെപിക്കെതിരായ പ്രതിപക്ഷ നിരയിലും കരുത്ത് പകരാൻ പവാർ ഉണ്ടാകും.

മമത ബാനർജി
അസാധാരണമായ വളർച്ചയാണ് ബംഗാളിലും ദേശീയ രാഷ്ടീയത്തിലും മമത ബാനർജിയെ അടയാളപ്പെടുത്തുന്നത്. തുടർച്ചയായ മൂന്നാം തവണയും മുഖ്യമന്ത്രിയായപ്പോൾ സിപിഎമ്മും ബിജെപിയും കനത്ത തിരിച്ചടി ഏറ്റുവാങ്ങേണ്ടി വന്നു. ഡൽഹിയിലെത്തി പുതിയ ചർച്ചകൾക്ക് തുടക്കം കുറിക്കുന്ന മമതയുടെ നീക്കങ്ങൾ കോൺഗ്രസിന് പിന്നിൽ നിൽക്കുക എന്നുള്ളതല്ല എന്ന് വ്യക്തമാണ്. എന്നിരുന്നാലും പ്രതിപക്ഷ നിരയിലെ ഏറ്റവും ശക്തയായ നേതാവാണ് മമത. ബംഗാൾ രാഷ്ട്രീയത്തിന് പുറത്തും അവർക്ക് ലഭിക്കുന്ന ആ നായിക പരിവേഷം മുതലാക്കാൻ പ്രതിപക്ഷ പാർട്ടികൾക്ക് സാധിക്കുമോയെന്ന് കാത്തിരുന്ന് തന്നെ കാണണം.

എം.കെ സ്റ്റാലിൻ
തമിഴ്നാട്ടിൽ പ്രധാന എതിരാളി എഐഡിഎംകെയായാലും ബിജെപിയുടെ വളർച്ചയെ തടയിടുക എന്ന വലിയ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന നേതാവാണ് എം.കെ സ്റ്റാലിൻ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടി അധികാരത്തിലെത്തിയ നാൾ മുതൽ തന്റെ നയം വ്യക്തമാക്കാൻ സ്റ്റാലിന് കഴിഞ്ഞിട്ടുണ്ട്. നിലവിൽ കോൺഗ്രസുമായി സഖ്യത്തിലാണ് ഡിഎംകെ. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത് കൂടുതൽ ശക്തമാക്കി ബിജെപിക്കെതിരെ അണിനിരക്കാൻ സ്റ്റാലിനും മുൻനിരയിൽ തന്നെ കാണും.

ജഗൻ മോഹൻ റെഡ്ഡി
നിലവിൽ ബിജെപിയുമായി സൗഹൃദത്തിലാണെങ്കിലും പ്രതിപക്ഷ നിരയിൽ ജഗന്റെയും സാനിധ്യം പ്രതീക്ഷിക്കുന്നുണ്ട് മറ്റ് നേതാക്കൾ. ചുരുങ്ങിയ സമയംകൊണ്ട് തന്നെ ആന്ധ്രപ്രദേശിനെ തന്റെ കോട്ടയാക്കി മാറ്റാൻ ജഗന് സാധിച്ചു. കോൺഗ്രസുകാരനായി തന്നെയാണ് മുൻ ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന വൈഎസ്ആർ റെഡ്ഡിയുടെ മകൻ ജഗനും രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് കോൺഗ്രസിൽ നിന്ന് വിട്ട് വൈഎസ്ആർ കോൺഗ്രസ് രൂപീകരിച്ച് കോൺഗ്രസിന് തന്നെ വെല്ലുവിളിയായ ജഗൻ ബിജെപി വളർച്ചയെ തടയിടാനുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നത്.

ചന്ദ്രശേഖർ റാവു
തെലങ്കാന സംസ്ഥാന രൂപീകൃതമായപ്പോൾ മുതൽ മുഖ്യമന്ത്രിയാണ് ചന്ദ്രശേഖർ റാവു. ബിജെപിയുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന ചന്ദ്രശേഖർ റാവു എന്നാൽ ഇപ്പോൾ മുഖ്യ ശത്രുവായി കാണുന്നത് ബിജെപിയെയാണ്. സംസ്ഥാനത്ത് ബിജെപി വളർച്ചയെ ഏറെ ഭയപ്പെടുന്ന റാവു ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നിരയിൽ തന്റെ സാനിധ്യമറിയിക്കുമെന്ന് ഉറപ്പാണ്.
Recommended Video

സിപിഎം
നിലവിൽ രാജ്യത്ത് ശക്തി കേന്ദ്രമായി എടുത്ത് പറയാൻ കേരളം മാത്രമാണ് ബാക്കിയുള്ളതെങ്കിലും സിപിഎം സാനിധ്യം പ്രതിപക്ഷ നിരയ്ക്ക് കരുത്ത് പകരം എന്ന കാര്യത്തിൽ സംശയമില്ല. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപി വളർച്ച തടയുന്നതിൽ സിപിഎമ്മിന്റെ പങ്കും വലുതാണ്.












Click it and Unblock the Notifications