യുപിയിലെ മുസ്ലിം പള്ളി പൊളിച്ചുനീക്കാന്‍ സുപ്രീംകോടതി; വഖഫ് ബോര്‍ഡിന്റെ അപേക്ഷ തള്ളി
ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് പള്ളി കമ്മിറ്റിയും വഖഫ് ബോര്‍ഡും സുപ്രീംകോടതിയെ സമീപിച്ചത്

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ അലഹാബാദ് ഹൈക്കോടതി പരിസരത്തെ മുസ്ലിം പള്ളി പൊളിച്ചുനീക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി. പള്ളി പൊളിക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുപി സുന്നി വഖഫ് ബോര്‍ഡ് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. മൂന്ന് മാസത്തിനകം പള്ളി പൊളിച്ചുനീക്കണം എന്നാണ് സുപ്രീംകോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം.
പാട്ടത്തിന് നല്‍കിയ ഭൂമിയിലാണ് പള്ളിയുള്ളത് എന്ന് യുപി സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ഹൈക്കോടതിയുടെ വളപ്പിലല്ല പള്ളിയെന്നും റോഡിന് അപ്പുറത്തായിട്ടാണ് സ്ഥിതി ചെയ്യുന്നതെന്നും വഖഫ് ബോര്‍ഡ് വാദിക്കുന്നു. പാട്ടക്കാലാവധി അവസാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുപി സര്‍ക്കാര്‍ നടപടിയെടുത്തത്. ഈ സാഹചര്യത്തില്‍ പള്ളിക്ക് മേല്‍ വഖഫ് ബോര്‍ഡിന് അവകാശ വാദം ഉന്നയിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
വഖഫ് മസ്ജിദ് ഹൈക്കോടതി, യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് എന്നിവരാണ് പള്ളി പൊളിക്കുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. 2017 നവംബറില്‍ പള്ളി പൊളിച്ചുനീക്കാന്‍ അലഹാബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്തായിരുന്നു വഖഫ് ബോര്‍ഡിന്റെ ഹര്‍ജി. ജസ്റ്റിസുമാരായ എംആര്‍ ഷാ, സിടി രവികുമാര്‍ എന്നിവരടങ്ങിയ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്.
സമീപ പ്രദേശങ്ങളില്‍ പള്ളിക്ക് സ്ഥലം ആവശ്യപ്പെട്ട് യുപി സര്‍ക്കാരില്‍ ഹര്‍ജിക്കാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അപേക്ഷ സാധുവാണോ എന്ന് പരിശോധിച്ച് സര്‍ക്കാരിന് തുടര്‍ നടപടി സ്വീകരിക്കാമെന്നും കോടതി ഉത്തരവില്‍ പറയുന്നു. പാട്ടത്തിന് നല്‍കിയ സ്ഥലത്തായിരുന്നു പള്ളി. പാട്ടം അവസാനിച്ചിട്ടുണ്ട്. ഇനിയും ആ ഭൂമിയില്‍ അവകാശവാദം ഉന്നയിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
ഇന്ന് മുതല്‍ മൂന്ന് മാസത്തിനകം പള്ളി പൊളിച്ചുനീക്കണം എന്നാണ് സുപ്രീംകോടതി ഉത്തരവ്. പൊളിച്ചില്ലെങ്കില്‍ അലഹാബാദ് ഹൈക്കോടതിക്കോ സര്‍ക്കാരിനോട് നടപടിയെടുക്കാമെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ പറയുന്നു. പള്ളി കമ്മിറ്റിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഹാജരായത്. 1950കള്‍ മുതല്‍ പള്ളി അവിടെയുണ്ട് എന്ന് അദ്ദേഹം വാദിച്ചു. നിസാരമായി ഇത് പൊളിച്ചുനീക്കാന്‍ പറയാനാകില്ല...
2017ലാണ് യുപിയില്‍ പുതിയ സര്‍ക്കാര്‍ വന്നത്. അതോടെ യുപി മൊത്തമായി മാറി. യോഗി സര്‍ക്കാര്‍ അധികാരമേറ്റ് പത്താം ദിവസം പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടുവെന്നും കപില്‍ സിബല്‍ ബോധിപ്പിച്ചു. സര്‍ക്കാര്‍ അനുവദിക്കുന്ന സ്ഥലത്തേക്ക് പള്ളി മാറ്റുന്നതിന് തങ്ങള്‍ക്ക് പ്രശ്‌നമില്ലെന്നും കപില്‍ സിബല്‍ അറിയിച്ചു.
കേസ് നിലനില്‍ക്കുന്നതല്ലെന്ന് അലഹാബാദ് ഹൈക്കോടതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാകേഷ് ദ്വിവേദി വാദിച്ചു. പള്ളി മറ്റൊരിടത്ത് സ്ഥാപിക്കുന്നതിന് സ്ഥലം അനുവദിക്കാനാകുമോ എന്ന് യുപി സര്‍ക്കാരിനോട് നേരത്തെ സുപ്രീംകോടതി ആരാഞ്ഞിരുന്നു. എന്നാല്‍ ഇതിന് പര്യാപ്തമായ സ്ഥലമില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ഇക്കാര്യത്തില്‍ കേസിലെ കക്ഷികള്‍ സമവായത്തിലെത്തണമെന്നും നേരത്തെ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. സമവായമില്ലാത്തതിനെ തുടര്‍ന്നാണ് ഇന്ന് കോടതി അന്തിമ തീരുമാനം എടുത്തത്.












Click it and Unblock the Notifications