പ്രവാചക നിന്ദ കേസില്‍ നുപുര്‍ ശര്‍മക്ക് ആശ്വാസം; അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു
ന്യൂഡല്‍ഹി: ബിജെപി നേതാവ് നുപുര്‍ ശര്‍മയ്ക്ക്് ആശ്വാസം. പ്രവാചക നിന്ദ കേസില്‍ ഇപ്പോള്‍ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി പോലീസിന് നിര്‍ദേശം നല്‍കി. തന്റെ അറസ്റ്റ് തടയണം എന്നാവശ്യപ്പെട്ട് നുപുര്‍ ശര്‍മ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടക്കാല ആശ്വാസം. വിവിധ സംസ്ഥാനങ്ങളിലായി ഒമ്പത് കേസുകള്‍ നുപുര്‍ ശര്‍മക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതെല്ലാം ഒരു കേസായി പരിഗണിക്കണമെന്ന് അവര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ സുപ്രീംകോടതി വിവിധ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി.

നുപുര്‍ ശര്‍മ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആഗസ്റ്റ് 10ന് വാദം കേള്‍ക്കും. അതുവരെ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ല. നുപുര്‍ ശര്‍മയ്ക്ക് വലിയ ആശ്വാസമാണ് കോടതിയില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. ആഗസ്റ്റ് 10ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ പ്രതികരണം അറിയിക്കണമെന്നാണ് കോടതി നിര്‍ദേശം. മഹാരാഷ്ട്ര, തെലങ്കാന, ഡല്‍ഹി, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, കര്‍ണാടക, കശ്മീര്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ നുപുര്‍ ശര്‍മക്കെതിരെ കേസെടുത്തിരുന്നു. ഈ കേസുകള്‍ ഒന്നായി പരിഗണിക്കണമെന്നാണ് പ്രതിയുടെ ആവശ്യം. തന്റെ കക്ഷിക്ക്് ജീവന് ഭീഷണിയുണ്ടെന്ന് നുപുര്‍ ശര്‍മയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെബി ബര്‍ദിവാല എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നുപുര്‍ ശര്‍മയുടെ വിവാദ പ്രസ്താവനയ്ക്ക് ശേഷം രാജ്യത്ത് വലിയ പ്രതിഷേധമുണ്ടായിരുന്നു. ഇന്ത്യയ്‌ക്കെതിരെ വിദേശ രാജ്യങ്ങളിലും പ്രതിഷേധമുണ്ടായി. ഇതിനെല്ലാം ഉത്തരവാദി നുപുര്‍ ശര്‍മയാണെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഇതിന് ശേഷം തനിക്കെതിരെ കൂടുതല്‍ ഭീഷണി ഉയര്‍ന്നിട്ടുണ്ടെന്ന് നുപുര്‍ ശര്‍മ പറയുന്നു. വിവാദം ശക്തമായ വേളയില്‍ നുപുര്‍ ശര്‍മയെ ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് ബിജെപി നീക്കിയിരുന്നു. നുപുര്‍ ശര്‍മ മാത്രമാണ് നിലവില്‍ രാജ്യത്തുണ്ടായ പ്രതിഷേധത്തിന് കാരണം എന്ന് സുപ്രീംകോടതി അടുത്തിടെ നിരീക്ഷിച്ചിരുന്നു.
ടൈംസ് നൗ ചാനലില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് പ്രവാചകനെയും കുടുംബത്തെയും മോശമായി നുപുര്‍ ശര്‍മ സംസാരിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നുപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടന്നു. വിവിധ സംസ്ഥാനങ്ങളില്‍ നുപുര്‍ ശര്‍മക്കെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തില്ല. വിദേശ രാജ്യങ്ങളിലും പ്രതിഷേധം നടന്നിരുന്നു. പ്രതിഷേധം കനത്ത സാഹചര്യത്തിലാണ് നുപുര്‍ ശര്‍മയെ ബിജെപി സസ്‌പെന്റ് ചെയ്തത്. നുപുര്‍ ശര്‍മക്കെതിരെ പ്രതിഷേധിച്ച നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications