മദ്രസകള്‍ തല്‍ക്കാലം പൂട്ടില്ല: ബാലാവകാശ കമ്മീഷന്‍ നിർദേശത്തിന് സുപ്രീംകോടതിയുടെ സ്റ്റേ
ഡല്‍ഹി: രാജ്യത്ത് പ്രവർത്തിക്കുന്ന മദ്രസകള്‍ അടച്ചുപൂട്ടണമെന്ന ദേശീയ ബാലവാകശ കമ്മീഷന്റെ നിർദേശത്തിന് സുപ്രീംകോടതിയുടെ സ്റ്റേ. ബാലാവകാശ കമ്മീഷന്‍ നിർദേശം വന്നതിന് പിന്നാലെ ഉത്തർപ്രദേശ്, മണിപ്പൂർ സർക്കാറുകള്‍ മദ്രസകള്‍ അടച്ച് പൂട്ടാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഉത്തർപ്രദേശ് സർക്കാറിനെതിരെ ജംഇയത്തുല്‍ ഉലമ ഇ ഹിന്ദ് സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി ഇപ്പോള്‍ സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കാത്ത മദ്രസകള്‍ അടച്ച് പൂട്ടണമെന്നായിരുന്നു ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദേശം. ഇത്തരം . മദ്രസപഠനം ഔപചാരിക വിദ്യാഭ്യാസം നേടുന്നതിന് തടസ്സമാകുന്നുവെന്നായിരുന്നു കമ്മീഷന്റെ പ്രധാന കണ്ടെത്തല്‍. മദ്രസകള്‍ക്ക് സർക്കാർ ഫണ്ട് നല്‍കുന്നത് നിർത്തലാണക്കണമെന്നും കമ്മീഷന്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ നിർദേശിച്ചിരുന്നു. സംസ്ഥനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കായിരുന്നു ദേശീയ ബാലാവകാശ കമ്മീഷന്‍ കത്ത് നല്‍കിയത്.

നിർദേശം വന്നതിന് പിന്നാലെ ഉത്തർപ്രദേശ്, മണിപ്പൂർ സർക്കാർ മദ്രസകള്‍ക്കെതിരായ നടപടികള്‍ ആരംഭിക്കുകയായിരുന്നു. സുപ്രീംകോടതിയുടെ സ്റ്റേ നിർദേശം ഇത്തരം നടപടികള്‍ക്കും ബാധകമാണ്. അതോടൊപ്പം തന്നെ കേന്ദ്ര സർക്കാറിനും സംസ്ഥാന സർക്കാറുകള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. സർക്കാറുകള്‍ തങ്ങളുടെ നിലപാടുകള്‍ സത്യവാങ്മൂലത്തിലൂടെ കോടതിയില്‍ വ്യക്തമാക്കണം.
അതേസമയം, അംഗീകാരമില്ലാത്ത മദ്രസകളിലെ വിദ്യാർഥികളെയും എയ്ഡഡ് മദ്രസകളിലെ അമുസ്ലിം വിദ്യാർഥികളെയും മറ്റ് സ്കൂളുകളിലേക്ക് മാറ്റുന്ന നടപടികളായിരുന്നു ഉത്തർപ്രദേശ് സർക്കാർ ആരംഭിച്ചത്. ഇത് സംബന്ധിച്ച് ജൂണ്‍ 26 ന് പ്രത്യേക ഉത്തരവും യുപി സർക്കാർ പുറത്തിറക്കി. ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ കൗൺസിലിൻ്റെ അംഗീകാരമില്ലാത്ത മദ്രസകളിൽ പഠിക്കുന്ന എല്ലാ കുട്ടികൾക്കും കൗൺസിൽ സ്‌കൂളിൽ പ്രവേശനം നല്‍കണമെന്നായിരുന്നു ഈ ഉത്തരവില്‍ പറഞ്ഞത്.
ഓഗസ്റ്റ് 28ന് ത്രിപുര സർക്കാരും ഉത്തർപ്രദേശ് സർക്കാർ പുറപ്പെടുവിച്ചതിന് സമാനമായ നടപടി ആരംഭിക്കുകയും മദ്രസകള്‍ അടച്ച് പൂട്ടുന്നതിലേക്കും കടന്നിരുന്നു. ഉത്തർപ്രദേശ് സർക്കാറിന്റെ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു ജംഇയത്തുല്‍ ഉലമ ഇ ഹിന്ദ് ഹർജിയിലൂടെ വാദിച്ചത്. വിദ്യാർത്ഥികളെ മദ്രസകളില്‍ നിന്ന് മാറ്റണമെന്ന് നിർദേശിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. ബാലാവകാശ കമ്മീഷന്‍ നിർദേശത്തിനെതിരെ വലിയ പ്രതിഷേധമായിരുന്നു പ്രതിപക്ഷ പാർട്ടികളില്‍ നിന്നുള്‍പ്പെടെ ഉയർന്ന് വന്നത്.












Click it and Unblock the Notifications