ബുൾഡോസർ നടപടി: നിലപാട് കടുപ്പിച്ച് സുപ്രീംകോടതി; മാർഗനിർദ്ദേശങ്ങൾ നൽകി
ഡൽഹി: ബുൾഡോസർ നടപടിയിൽ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി. എക്സിക്യൂട്ടീവിന് ജുഡീഷ്യറിയെ മറികടക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. കുറ്റാരോപിതനായ വ്യക്തിക്കെതിരായ ബുൾഡോസർ നടപടിക്ക് തിരുത്തൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. കേവലമായ ആരോപണങ്ങളുടെ പേരിൽ ഒരു പൗരന്റെ വീട് ഏകപക്ഷീയമായി പൊളിക്കുന്നത് ഭരണഘടനാ നിയമത്തെയും അധികാര വിഭജനത തത്വത്തെയും ലംഘിക്കുന്നുവെന്ന് കോടതി പറഞ്ഞു. ന്യായമായ വിചാരണ കൂടാതെ ആരെയും കുറ്റവാളിയാക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു

ഒരു ശരാശരി പൗരനെ സംബന്ധിച്ചടത്തോളം വർഷങ്ങളുടെ കഠിനാധ്വാനത്തിന്റെയും സ്വപ്നങ്ങളുടെയും അഭിലാഷങ്ങളുടെയും പരിസമാപ്തിയാണ് വീട്, വീട് സുരക്ഷിതത്വത്തിന്റെയും ഭാവിയുടെയും കൂട്ടായ പ്രതീക്ഷയെ ഉൾക്കൊള്ളുന്നുവെന്നും കോടതി പറഞ്ഞു. ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള അധികാരങ്ങൾ ഉപയോഗിച്ച് പൊളിച്ച് മാറ്റുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾ കോടതി നൽകി. കാരണംകാണിക്കൽ നോട്ടീസ് നൽകാതെ പൊളിക്കരുതെന്ന് കോടതി വ്യക്തമാക്കി.
ഈ നോട്ടീസിൽ അനധികൃത നിർമാണത്തിന്റെ സ്വഭാവം, നിർദ്ദിഷ്ട ലംഘനത്തെക്കുറിച്ചുള്ള വിശദാശങ്ങൾ, പൊളിക്കുന്നതിനുള്ള കാരണങ്ങൾ എന്നിവ ഉണ്ടായിരിക്കണം എന്നും കോടതി പറഞ്ഞു. ബന്ധപ്പെട്ട അതോറിറ്റി കുറ്റാരോപിതരുടെ വാദം കേൾക്കുകയും അന്തിമ ഉത്തരവ് പുറപ്പെടുവിപ്പിക്കുകയും വേണം, കോടിതി പറഞ്ഞു.
കോടതിയുടെ നിർദ്ദേശങ്ങൾ ലംഘിക്കുന്നത് കോടതിയലക്ഷ്യ നടപടികളിലേക്ക് നയിക്കുമെന്നും ബെഞ്ച് മുന്നറിയിപ്പ് നൽകി. പൊളിക്കൽ നടപടി മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയാൽ പൊളിച്ച വസ്തുക്കൾ തിരികെ നൽകുന്നതിന് അവർ ഉത്തരവാദികളായിരിക്കുമെന്ന് ഉദ്യോഗസ്ഥരോട് പറയണമെന്നും കോടതി പറഞ്ഞു. ഇതിനുശള്ള ചെലവ് ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്ന് ഈടാക്കുമെന്നും കോടതി പറഞ്ഞു.
നേരത്തെ ഒക്ടോബർ ഒന്നിന് കേസ് പരിഗണിച്ച കോടതി ഉത്തരവ് പറയാൻ മാറ്റിവെച്ചിരുന്നു. ക്രിമിനൽ കേസുകളിൽ പ്രതിയാകുന്നവരുടെ വസ്തുവകകൾ ഇടിച്ച് നിരത്തുന്നത് നേരത്തെ സുപ്രീംകോടതി തടഞ്ഞിരുന്നു. ഒക്ടോബർ 1 വരെ രാജ്യത്ത് എവിടെയും ഇത്തരത്തിൽ പൊളിക്കൽ നടത്തരുതെന്നും പറഞ്ഞിരുന്നു.
നമ്മൾ ഒരു മതേതര രാജ്യമാണെന്നും കോടതിയുടെ നിർദ്ദേശങ്ങൾ മതമോ സമുദായമോ നോക്കാതെ എല്ലാവർക്കും ആയിരിക്കുമെന്നും കോടതി പറഞ്ഞിരുന്നു. കയ്യേറ്റം ഒരു പൊതു റോഡിലോ നടപ്പാതയിലോ ജലാശയത്തിലോ റെയിൽവേ ലൈൻ ഏരിയയിലോ ആണെങ്കിൽ അത് പോകണമെന്നും കോടതി പറഞ്ഞിരുന്നു.












Click it and Unblock the Notifications