വിവാഹം കഴിച്ചതിനെ തുടർന്ന് ആർമി നഴ്സിനെ പിരിച്ചുവിട്ടു: 60 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
ദില്ലി: സൈനിക നഴ്സിനെ സർവ്വീസില്‍ നിന്നും പിരിച്ചുവിട്ട കേസില്‍ കേന്ദ്ര സർക്കാറിന് തിരിച്ചടി. സർവ്വീസിലിരിക്കെ വിവാഹം കഴിച്ചതിന്റെ പേരിൽ ജോലിയിൽ നിന്നും പിരിച്ചു വിടപ്പെട്ട നഴ്സിന് 60 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും സുപ്രീംകോടതി കേന്ദ്രസർക്കാറിനോട് വ്യക്തമാക്കി. എട്ട് ആഴ്ചയ്ക്കകം കുടിശകയടക്കം 60 ലക്ഷം രൂപ നൽകണമെന്നാണ് കോടതി ഉത്തരവ്.
വിവാഹത്തിൻ്റെ പേരിൽ ഒരു സ്ത്രീയെ ജോലിയില്‍ നിന്നും പിരിച്ച് വിടുന്നത് ലിംഗ വിവേചനമാണെന്നും ലിംഗഭേദം അടിസ്ഥാനമാക്കിയുള്ള ഏത് നിയമവും ഭരണഘടനാപരമായി അനുവദനീയമല്ലെന്നും കോടതി പറഞ്ഞു. 1988-ൽ വിവാഹശേഷം സർവീസിൽ നിന്ന് പിരിച്ചുവിട്ട സെലീന ജോണിൻ്റെ അപേക്ഷയിലാണ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് ദീപങ്കർ ദത്തയും അടങ്ങുന്ന ബെഞ്ച് നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.

പിരിച്ച് വിടപ്പെടുമ്പോള്‍ സെലീന ലഫ്റ്റനൻ്റ് പദവിയിലായിരുന്നു. നടപടിക്കെതിരെ 2012ൽ ആംഡ് ഫോഴ്‌സ് ട്രൈബ്യൂണലിനെ സമീപിക്കുകയും അനുകൂല വിധി നേടിയെടുക്കുകയും ചെയ്തിരുന്നു. എന്നാൽ 2019ൽ ഈ ഉത്തരവിനെതിരെ കേന്ദ്രം സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഫെബ്രുവരി 14-ലെ ഉത്തരവിൽ, ട്രൈബ്യൂണൽ വിധിയിൽ ഒരു ഇടപെടലും ആവശ്യമില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
വിവാഹത്തിൻ്റെ പേരിൽ മിലിട്ടറി നഴ്‌സിംഗ് സർവീസിൽ നിന്ന് പിരിച്ചുവിടാൻ അനുവദിക്കുന്ന 1977-ൽ കൊണ്ടുവന്ന നിയമം 1995-ൽ പിൻവലിച്ചതായും കോടതി ചൂണ്ടിക്കാട്ടി. "സ്ത്രീ വിവാഹിതയായതിനാൽ തൊഴിലില്‍ നിന്നും പിരിച്ച് വിടപ്പെടുന്നത് ലിംഗ വിവേചനത്തിൻ്റെയും അസമത്വത്തിൻ്റെയും കേസായതിനാൽ അത്തരം നീക്കം പ്രത്യക്ഷത്തിൽ സ്വേച്ഛാധിപത്യമായിരുന്നു. അത്തരം പുരുഷാധിപത്യ ഭരണത്തിൻ്റെ സ്വീകാര്യത മനുഷ്യൻ്റെ അന്തസ്സും വിവേചനരഹിതമായ അവകാശവും ന്യായമായ പെരുമാറ്റവും ഇല്ലാതാക്കുന്നു." കോടതി പറഞ്ഞു.
ജീവനക്കാരിയെ തിരിച്ചെടുക്കാനും വേതനം തിരികെ നൽകാനുമുള്ള ട്രൈബ്യൂണൽ വിധി ബെഞ്ച് ഭേദഗതി ചെയ്തു. പകരം 60 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സെലീന ഒരു സ്വകാര്യ സ്ഥാപനത്തിൽ കുറച്ചുകാലം നഴ്‌സായി ജോലി ചെയ്തിട്ടുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന് ഉത്തരവ് ലഭിച്ച് എട്ടാഴ്ചയ്ക്കകം നഷ്ടപരിഹാരം നൽകണമെന്നും കോടതി പറഞ്ഞു.












Click it and Unblock the Notifications