മുഴുവന്‍ വിവിപാറ്റുകളും എണ്ണണം; കേന്ദ്രത്തിനും തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതിയുടെ നോട്ടീസ്
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ മുഴുവന്‍ വിവിപാറ്റുകളും എണ്ണണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സര്‍ക്കാരിനും സുപ്രീം കോടതിയുടെ നോട്ടീസ്. അഭിഭാഷകനായ അരുണ്‍ കുമാര്‍ അഗര്‍വാളിന്റെ ഹര്‍ജിയിലാണ് കോടതി നടപടി. വിവിപാറ്റ് പേപ്പര്‍ സ്ലിപ്പുകളിലൂടെ ക്രമരഹിതമായി തിരഞ്ഞെടുത്ത അഞ്ച് ഇവിഎമ്മുകള്‍ മാത്രം പരിശോധിക്കുന്ന നിലവിലെ രീതിക്ക് പകരം മുഴുവനും എണ്ണണം എന്നാണ് ഹര്‍ജിയിലെ ആവശ്യം.
വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ അഥവാ വിവിപാറ്റ് പോള്‍ ചെയ്ത വോട്ടിന്റെ ആധികാരികത പരിശോധിക്കുന്നതിനുള്ള ഒരു സ്വതന്ത്ര രീതിയാണ്. തന്റെ വോട്ട് ശരിയാണോ എന്ന് പരിശോധിക്കാന്‍ ഇത് വോട്ടറെ അനുവദിക്കുന്നു. വോട്ടര്‍ ഇവിഎമ്മില്‍ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാല്‍ വിവിപാറ്റില്‍നിന്ന് ഒരു കടലാസ് അച്ചടിച്ചു വരും. ആ പേപ്പര്‍ രസീതുകളില്‍ വോട്ട് ചെയ്യപ്പെട്ട സ്ഥാനാര്‍ഥിയുടെ ചിത്രവും ചിഹ്നവും രേഖപ്പെടുത്തിയിട്ടുണ്ടാകും.

ഒരു പാര്‍ലമെന്റ് മണ്ഡലത്തിലെ ഓരോ നിയമസഭാ മണ്ഡലത്തിലും വിവിപാറ്റ് വഴി പരിശോധിക്കുന്ന ഇവിഎമ്മുകളുടെ എണ്ണം ഒന്നില്‍ നിന്ന് അഞ്ചായി വര്‍ധിപ്പിക്കാന്‍ 2019 ല്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. വിവിപാറ്റ് പേപ്പര്‍ സ്ലിപ്പുകള്‍ ഉപയോഗിച്ച് ക്രമരഹിതമായി തിരഞ്ഞെടുത്ത അഞ്ച് ഇവിഎമ്മുകള്‍ മാത്രം പരിശോധിക്കുന്ന നിലവിലെ രീതിയെക്കാള്‍ തിരഞ്ഞെടുപ്പ് സമയത്ത് വിവിപാറ്റ് സ്ലിപ്പുകള്‍ മുഴുവന്‍ എണ്ണുന്നതാണ് ഉചിതം എന്ന് അരുണ്‍ കുമാര്‍ അഗര്‍വാള്‍ പറഞ്ഞു.
ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മേയ് 17 ന് ഹര്‍ജിയില്‍ വീണ്ടും വാദം കേള്‍ക്കും. മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍, അഭിഭാഷക നേഹ രതി എന്നിവരാണ് അഗര്‍വാളിന് വേണ്ടി ഹാജരായത്. ഒന്നിന് പിന്നാലെ മറ്റൊന്ന് എന്ന ക്രമത്തില്‍ വേണം വിവിപാറ്റ് എണ്ണാന്‍ എന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശത്തേയും ഹര്‍ജിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്
ഒരേസമയം പരിശോധന നടത്തുകയും ഓരോ നിയമസഭാ മണ്ഡലത്തിലും വോട്ടെണ്ണലിന് കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്താല്‍ അഞ്ചോ ആറോ മണിക്കൂറിനുള്ളില്‍ വിവിപാറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാനാകുമെന്ന് അഗര്‍വാള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. 24 ലക്ഷത്തോളം വിവിപാറ്റുകള്‍ വാങ്ങുന്നതിനായി സര്‍ക്കാര്‍ 5000 കോടി രൂപ ചെലവിട്ടിട്ടും നിലവില്‍ 20000 വിവിപാറ്റുകളില്‍ നിന്നുള്ള സ്ലിപ്പുകള്‍ മാത്രമാണ് പരിശോധിക്കുന്നത്.
വിവിപാറ്റുകളും ഇവിഎമ്മുകളും സംബന്ധിച്ച് വിദഗ്ധര്‍ ഉന്നയിച്ച ആശങ്കകളും ഇവിഎമ്മിന്റെയും വിവിപാറ്റിന്റെയും വോട്ടെണ്ണല്‍ തമ്മിലുള്ള നിരവധി പൊരുത്തക്കേടുകളും ചൂണ്ടിക്കാട്ടി എല്ലാ വിവിപാറ്റ് സ്ലിപ്പുകളും എണ്ണേണ്ടതിന്റെ പ്രാധാന്യം ഹരജിയില്‍ ഊന്നിപ്പറഞ്ഞു. നേരത്തെ മുഴുവന്‍ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന് പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയും ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications