'സൗജന്യങ്ങൾ കാരണം ആളുകൾ ജോലി ചെയ്യാൻ പോലും തയ്യാറാവുന്നില്ല'; രൂക്ഷ വിമർശനവുമായി സുപ്രീം കോടതി
ന്യൂഡൽഹി: തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രികകളിലും അല്ലാതെയും സൗജന്യങ്ങൾ വാഗ്‌ദാനം ചെയ്യുന്ന രീതിക്കെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി. സർക്കാരുകളും രാഷ്ട്രീയ പാർട്ടികളും സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നത് ആളുകളെ ജോലിയിൽ നിന്ന് പോലും പിന്തിരിപ്പിക്കുകയാണെന്നും മഹാരാഷ്ട്ര പോലെയുള്ള സംസ്ഥാനങ്ങളിൽ തൊഴിൽ ശക്തിയെ വരണ്ടതാക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഭവനരഹിതർക്കുള്ള ഷെൽട്ടർ ഹോം സംബന്ധിച്ച ഹർജി ജസ്‌റ്റിസ് ബിആർ ഗവായ്, എജി മസിഹ് എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കവേ രാജ്യത്തെ നയങ്ങൾ സമ്പന്നർക്ക് വേണ്ടി മാത്രം രൂപകൽപ്പന ചെയ്‌തതാണെന്ന് ഒരു അഭിഭാഷകൻ വാദിക്കുകയായിരുന്നു. ഇതിനോട് പ്രതികരിക്കവെയാണ് സുപ്രീം കോടതി നിർണായക നിരീക്ഷണം നടത്തിയത്.

"പ്രധാന ഇരകൾ ഇല്ലാത്തവരും പാവപ്പെട്ടവരും ഭവനരഹിതരുമാണ്. നിർഭാഗ്യവശാൽ, ഭവനരഹിതരുടെ പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല. അതാണ് ഈ രാജ്യത്തെ ഏറ്റവും കുറഞ്ഞ മുൻഗണന. അനുകമ്പയെന്നത് ധനികർക്ക് മാത്രമുള്ളതാണ്, ദരിദ്രർക്കുള്ളതല്ലെന്ന് പറയുന്നതിൽ എനിക്ക് ഖേദമുണ്ട്" അഭിഭാഷകൻ വാദിച്ചു.
ഇതോടെ അനുകമ്പ സമ്പന്നർക്ക് മാത്രമാണെന്ന വാദത്തെ ജസ്‌റ്റിസ് ഗവായ് തള്ളുകയും രാഷ്ട്രീയ പ്രസംഗങ്ങൾ നടത്തരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്യുകയായിരുന്നു. അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കരുത്. ഇവിടെ രാഷ്ട്രീയ പ്രസംഗം നടത്തരുത്. ഞങ്ങളുടെ കോടതി ഹാൾ രാഷ്ട്രീയ വേദിയാക്കി മാറ്റാൻ അനുവദിക്കില്ല; എന്നായിരുന്നു ഗവായ് പറഞ്ഞത്.
അഭിഭാഷകകന്റെ മുൻ വാദങ്ങളുടെ അടിത്തറ എന്താണെന്നും കോടതി ഇതിനിടെ ചോദിച്ചു. പ്രദേശത്തിന്റെ സൗന്ദര്യവൽക്കരണത്തിനായി ചില ഷെൽട്ടറുകൾ നീക്കം ചെയ്‌തത് ചൂണ്ടിക്കാനാണ് അഭിഭാഷകൻ ശ്രമിച്ചതെന്ന് പ്രശാന്ത് ഭൂഷൺ വിശദീകരിക്കുകയും ചെയ്‌തു. ഇതോടെയാണ് കോടതി നിർണായക ചോദ്യവുമായി രംഗത്ത് വന്നത്.
"അപ്പോൾ, രാഷ്ട്രത്തിന്റെ വികസനത്തിന് സംഭാവന നൽകി അവരെ സമൂഹത്തിന്റെ മുഖ്യധാരയുടെ ഭാഗമായി പ്രോത്സാഹിപ്പിക്കുന്നതിന് പകരം, നമ്മൾ പരാന്നഭോജികളുടെ ഒരു വർഗ്ഗത്തെ സൃഷ്‌ടിക്കുകയല്ലേ?"എന്നായിരുന്നു കോടതിയുടെ ചോദ്യം. നിർഭാഗ്യവശാൽ ഈ സൗജന്യങ്ങൾ കാരണം... ആളുകൾ ജോലിക്ക് തയ്യാറല്ല. അവർക്ക് സൗജന്യ റേഷൻ ലഭിക്കുന്നു, അവർക്ക് ജോലിയില്ലാതെ തുക ലഭിക്കുന്നു, പിന്നെ അവർ എന്തിന് ജോലി ചെയ്യണം? കോടതി ചോദിച്ചു.
എന്നാൽ പ്രശാന്ത് ഭൂഷൺ ഇതിന് മറുപടിയുമായി രംഗത്ത് വന്നു. എന്തെങ്കിലും ജോലിയുണ്ടെങ്കിൽ ജോലി ചെയ്യാൻ ആഗ്രഹിക്കാത്തവരായി ഈ രാജ്യത്ത് ആരും തന്നെ ഉണ്ടാവില്ലെന്നായിരുന്നു പ്രശാന്ത് ഭൂഷൺ പറഞ്ഞത്. ആളുകൾ നഗരങ്ങളിലേക്ക് വരാൻ കാരണം അവരുടെ ഗ്രാമങ്ങളിൽ അവർക്ക് ജോലിയില്ലാത്തതിനാലാണ്; അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications