സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം ലഭിക്കുമോ? ചരിത്രവിധിക്ക് കാതോര്‍ത്ത് രാജ്യം
ന്യൂദല്‍ഹി: സ്വവര്‍ഗവിവാഹത്തിന് നിയമപരമായ അംഗീകാരം നല്‍കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പ്രഖ്യാപിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ എസ് കെ കൗള്‍, എസ് ആര്‍ ഭട്ട്, ഹിമ കോഹ്ലി, പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിച്ചത്.
സ്വവര്‍ഗ വിവാഹത്തിന് അംഗീകാരം നല്‍കുന്ന വിഷയവും ആ ഹര്‍ജികളില്‍ നിന്ന് ഉയര്‍ന്നുവരുന്ന നിയമപരവും സാമൂഹികവുമായ ചോദ്യങ്ങളും പരിഗണിക്കുന്നതിനായി മെയ് മാസത്തില്‍ സുപ്രീം കോടതി ദീര്‍ഘമായ വാദം കേള്‍ക്കല്‍ നടത്തിയിരുന്നു. വിവാഹം എന്ന നിയമപരവും സാമൂഹികവുമായ പദവിയുമായുള്ള തങ്ങളുടെ ബന്ധം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് 18 സ്വവര്‍ഗ ദമ്പതികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം 'വിവാഹം' എന്നതില്‍ സ്വവര്‍ഗ ദമ്പതികളെ കൂടി ഉള്‍പ്പെടുത്തണം എന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. 'ഇന്ത്യ പിന്തുടരുന്നത് ഒരു വിവാഹാധിഷ്ഠിത സംസ്‌കാരമാണ്' എന്നും എല്‍ജിബിടി ദമ്പതികള്‍ക്ക് ഏതൊരു ഭിന്നലിംഗ ദമ്പതികള്‍ക്കും ലഭിക്കുന്ന അനന്തരാവകാശം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍, വാടക ഗര്‍ഭധാരണം, ബാങ്കിംഗ്, ഇന്‍ഷുറന്‍സ് എന്നീ വിഷയങ്ങളില്‍ പങ്കാളി എന്ന പദവി പോലെയുള്ള അവകാശങ്ങള്‍ നല്‍കണമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
ഇന്ത്യന്‍ ഭരണഘടനയിലെ വ്യവസ്ഥകള്‍, യുഎന്‍ മനുഷ്യാവകാശ പ്രഖ്യാപനം, വിവേചനത്തിനെതിരായ അവകാശം, എല്‍ജിബിടിക്യുഐഎ വ്യക്തികള്‍ക്ക് തുല്യാവകാശം നല്‍കുന്ന മറ്റ് രാജ്യങ്ങളില്‍ പാസാക്കിയ വിവിധ അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളും നിയമങ്ങളും എല്ലാം ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരും ചില സംസ്ഥാനങ്ങളും ഇതിനെ എതിര്‍ത്തിരുന്നു.
വിവാഹം എന്നത് മതപരവും സാംസ്‌കാരികവുമായ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ വിശാലമായ ദേശീയവും സാമൂഹികവുമായ സംവാദം ആവശ്യമായ വ്യക്തിനിയമങ്ങളുടെ കീഴിലാണ് ഇത് വരുന്നത് എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. അതിനിടെ വ്യക്തിനിയമങ്ങളിലേക്ക് കടക്കുന്നില്ലെന്നും പ്രത്യേക വിവാഹ നിയമത്തിലെ വകുപ്പുകളില്‍ മാറ്റം വരുത്തി സ്വവര്‍ഗ വിവാഹം അനുവദിക്കാന്‍ കഴിയുമോ എന്ന് മാത്രമാണ് പരിശോധിക്കുന്നതെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു.
അതേസമയം സ്വവര്‍ഗ വിവാഹം നിയമപരമാക്കാതെ തന്നെ പങ്കാളികള്‍ക്ക് പല ആനുകൂല്യങ്ങളും ഉറപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ കമ്മിറ്റി നിയോഗിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. വിവാഹത്തിന് നിയമസാധുത നല്‍കുന്ന വിഷയം പാര്‍ലമെന്റിന് വിടണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹര്‍ജിക്കാര്‍ ഈ ആവശ്യത്തെ എതിര്‍ക്കുകയായിരുന്നു.
പാര്‍ലമെന്റ് ഇതില്‍ തീരുമാനം എടുക്കില്ലെന്നും തുല്യതയ്ക്കും വിവേചനം തടയാനുമുള്ള മൗലിക അവകാശങ്ങള്‍ കോടതി തന്നെ സംരക്ഷിക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. നേരത്തെ സ്വവര്‍ഗ ലൈംഗികത കുറ്റകരമായി കണക്കാക്കുന്ന നിയമം 2018 ല്‍ സുപ്രിംകോടതി റദ്ദാക്കിയിരുന്നു. ഇന്നത്തെ വിധി ഹര്‍ജിക്കാര്‍ക്ക് അനുകൂലമായാല്‍ സ്വവര്‍ഗവിവാഹത്തിന് അനുമതി നല്‍കുന്ന 35-ാമത്തെ രാജ്യമായി ഇന്ത്യ മാറും.












Click it and Unblock the Notifications