റിയ ചക്രവർത്തി 15 കോടി തട്ടിയെടുത്തിട്ടില്ല:റിപ്പോർട്ട് തള്ളി സുശാന്തിന്റെ ചാർട്ടേഡ് അക്കൌണ്ടന്റ്
മുംബൈ: സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളോട് പ്രതികരിച്ച് ചാർട്ടേർഡ് അക്കൌണ്ടന്റ്. നടിയും സുശാന്തിന്റെ കാമുകിയുമായിരുന്ന റിയ ചക്രവർത്തിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പിതാവ് കെകെ സിംഗ് പരാതി നൽകിയതിന് പിന്നാലെയാണ് ചാർട്ടേഡ് അക്കൌണ്ടന്റ് രംഗത്തെത്തുന്നത്. സുശാന്തിന്റെ അക്കൌണ്ടിൽ നിന്ന് 15 കോടി രൂപ കാണാതായിട്ടുണ്ടെന്നും ഇത് മൂന്ന് അക്കൌണ്ടുകളിലേക്കാണ് മാറ്റിയതെന്നും കെകെ സിംഗ് ബിഹാർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

പണമുണ്ടായിരുന്നില്ലെന്ന്
നടി റിയ ചക്രവർത്തിയുടെ അക്കൌണ്ടിലേക്ക് പണം മാറ്റിയിട്ടില്ലെന്നാണ് സുശാന്തിന്റെ സിഎ ആയിരുന്ന സന്ദീപ് ശ്രീധറിന്റെ വെളിപ്പെടുത്തൽ. സുശാന്ത് സിംഗിന് അത്തരത്തിൽ വലിയ ബാങ്ക് നിക്ഷേപം ഉണ്ടായിരുന്നില്ലെന്നും ചാർട്ടേഡ് അക്കൌണ്ടന്റ് പറയുന്നു. ആയിരങ്ങൾ അല്ലാതെ വലിയ തുകയൊന്നും റിയയുടെ അക്കൌണ്ടിലേക്ക് മാറ്റിയിട്ടില്ലെന്നും സന്ദീപ് പറയുന്നു. റിയയുടെ അമ്മ സുശാന്തിന്റെ അക്കൌണ്ടിലേക്ക് ഒരിക്കൽ 33000 രൂപ ട്രാൻസ്ഫർ ചെയ്തെന്നും ഇത് ഷോപ്പിംഗിനും മറ്റു വീട്ടുകാര്യങ്ങൾക്കും, ഇരുവരും ഒരുമിച്ചുള്ള യാത്രകൾക്കും വേണ്ടിയാണ് സുശാന്ത് ചെലവഴിച്ചതെന്നും സന്ദീപ് ചൂണ്ടിക്കാണിക്കുന്നു. പിതാവ് അവകാശപ്പെടുന്നപോലെ അത്രയധികം പണം സുശാന്തിന്റെ പക്കലുണ്ടായിരുന്നില്ലെന്നും സന്ദീപ് പറയുന്നു. കഴിഞ്ഞ വർഷം മുതൽ സുശാന്തിന്റെ വരുമാനത്തിൽ കറവ് വന്നതായും സന്ദീപ് പറയുന്നു.

ബിഹാർ പോലീസ് മുംബൈയിൽ
സുശാന്ത് സിംഗിന്റെ പിതാവ് കെകെ സിംഗിന്റെ പരാതിയിൽ ബിഹാർ പോലീസ് കേസെടുത്തതോടെ നാലംഗ അംഗ സംഘം കേസ് അന്വേഷിക്കുന്നതിനായി മുംബൈയിലെത്തിയിരുന്നു. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് നടനോട് അടുപ്പമുണ്ടായിരുന്ന ആളുകളിൽ നിന്ന് പോലീസ് സംഘം വിവരങ്ങൾ ശേഖരിച്ച് വരികയാണ്. ബാങ്ക് മാനേജർ, സുശാന്തിന്റെ പാചകക്കാരൻ, സഹോദരി, മുൻ കാമുകി അങ്കിത ലോഖണ്ടെ എന്നിവരോടാണ് പോലീസ് സംഘം ഇതിനകം സംസാരിച്ചിട്ടുള്ളത്. ജൂൺ 14ന് മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിലാണ് സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസ് അന്വേഷിച്ചുകൊണ്ടിരുന്ന മുംബൈ പോലീസ് ഇതിനകം 40 പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സുശാന്തിന്റെ കുടുംബം, സുഹൃത്തുക്കൾ, ബോളിവുഡിലെ പ്രമുഖർ എന്നിവരിൽ നിന്നാണ് സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുള്ളത്.

അക്കൌണ്ടിലുണ്ടായിരുന്നത്
സുശാന്തിന്റെ അക്കൌണ്ടിൽ നിന്ന് 15 കോടി രൂപ മൂന്ന് അക്കൌണ്ടുകളിലേക്കായി മാറ്റിയിട്ടുണ്ടെന്നാണ് സുശാന്തിന്റെ പിതാവ് കെകെ സിംഗ് ഉന്നയിച്ച ആരോപണം. 2019 ഒക്ടോബർ14ന് റിയയുടെ സഹോദരൻ ഷോവിക് ചക്രവർത്തിയുടെ അക്കൌണ്ടിലേക്ക് 51,000 രൂപ ട്രാൻസ്ഫർ ചെയ്തതിന് തെളിവുണ്ടെന്നാണ് ബാങ്ക് സ്റ്റേറ്റ്മെന്റിനെ ഉദ്ധരിച്ച് ടൈംസ് നൌ റിപ്പോർട്ട് ചെയ്യുന്നത്. ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് വേണ്ടിയായിരുന്നു ഇതെന്നാണ് പറയപ്പെടുന്നത്. ഒക്ടോബർ 12ന് 72,900 രൂപ വിവിഡ്രേജ് റിയാലിറ്റിക്സ് എന്ന റിയയും സഹോദരനും സുശാന്തും ഡയറക്ടമാരായിട്ടുള്ള കമ്പനിയുടെ അക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ടെന്നും ടൈംസ് നൌ റിപ്പോർട്ടിൽ പറയുന്നു.
Recommended Video

വിവരങ്ങൾ തേടി
സുശാന്ത് സിംഗ് രാജ്പുതിന്റെ പിതാവ് കെകെ സിംഗിന്റെ പരാതിയിൽ രാജസ്ഥാൻ പോലീസ് തയ്യാറാക്കിയ എഫ്ഐആറിന്റെ കോപ്പി ഉൾപ്പെടെയുള്ള വിവരങ്ങളാണ് എൻഫോഴ്സ്മെന്റ് ബിഹാർ പോലീസിൽ നിന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. ബിഹാർ പോലീസിന് അയച്ച കത്തിലാണ് സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസിന്റെ വിവരങ്ങൾ ആരാഞ്ഞിട്ടുള്ളത്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ എല്ലാ ബാങ്ക് അക്കൌണ്ട് സംബന്ധിച്ച വിവരങ്ങളും എൻഫോഴ്സ്മെന്റ് ഇതോടെ ആവശ്യപ്പെട്ടിട്ടുണ്ട്. പണം തട്ടിപ്പ് നടത്തിയെന്ന തരത്തിൽ അന്വേഷണം മുമ്പോട്ടുകൊണ്ടുപോകാനാണ് നീക്കമെന്നാണ് കരുതുന്നത്. രേഖകൾ പരിശോധിച്ച ശേഷം മാത്രമായിരിക്കും കേസെടുക്കുകയെന്നാണ് സൂചന.

അക്കൌണ്ട് വിവരങ്ങൾ തേടി
വ്യാഴാഴ്ച മുംബൈ ബാന്ദ്രയിലെ കൊഡാക് മഹീന്ദ്ര ബാങ്കിലെത്തിയ ബിഹാർ പോലീസ് സുശാന്ത് സിംഗ് രാജ്പുത്തിന്റെ ബാങ്ക് അക്കൌണ്ട് സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെട്ടിരുന്നു. സുശാന്തിന്റെ അക്കൌണ്ടിലുണ്ടായിരുന്ന 15 കോടി രൂപ അജ്ഞാതമായ മൂന്ന് ബാങ്ക് അക്കൌണ്ടുകളിലേക്ക് മാറ്റിയതായി സുശാന്തിന്റെ പിതാവ് ആരോപിച്ചിരുന്നു. പണം മാറ്റിയ ഈ അക്കൌണ്ടുകൾ റിയ ചക്രവർത്തി, സഹോദരൻ, അമ്മ എന്നിവരുടേതാണെന്നും അദ്ദേഹം ആരോപിക്കുന്നു. പ്രണയത്തിലായിരിക്കെ ഇരുവരും ചേർന്ന് മൂന്ന് സ്റ്റാർട്ട് അപ്പുകളിൽ പണം നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്.

റിയയ്ക്കെതിരെ എഫ്ഐആർ
സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ജൂലൈ 26നാണ് നടന്റെ പിതാവ് കെകെ സിംഗ് പരാതി നൽകുന്നത്. മോഷണം, വഞ്ചന, ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കൽ, തെറ്റായ രീതിയിൽ തടങ്കലിൽ വെച്ചു കുറ്റങ്ങളാണ് നടിക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ളത്. ഇതോടോ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 341, 342, 380, 406 420, 306, എന്നീ വകുപ്പുകൾ അനുസരിച്ച് ബിഹാർ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സുശാന്ത് സിംഗിന്റെ റിയ ഒറ്റുകൊടുത്തെന്നും കുടുംബവുമായി പൂർണ്ണമായി അകറ്റിയെന്നും പിതാവ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

അന്വേഷണം തുടങ്ങി
കെകെ സിംഗിന്റെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ ബിഹാർ പോലീസിലെ നാലംഗ സംഘം അന്വേഷണത്തിനായി ബുധനാഴ്ച മുംബൈയിലെത്തിയിട്ടുണ്ട്. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് രേഖപ്പെടുത്തിയ 40 പേരുടെ മൊഴി കൈമാറാനും ബിഹാർ പോലീസ് മുംബൈ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ധർമ പ്രൊഡക്ഷൻസിന്റെ സിഇഒ അപൂർവ്വ മേത്തയുടെ മൊഴി രേഖപ്പെടുത്തിയതിനൊപ്പം മഹേഷ് ഭട്ടിനെയും പോലീസ് ചോദ്യം ചെയ്തിരുന്നു.












Click it and Unblock the Notifications