സുശാന്തിന്റെ മരണം മാസങ്ങളോളം വാര്‍ത്തയോ? ബാക്കി എത്ര പ്രശ്‌നങ്ങളുണ്ടെന്ന് ചേതന്‍ ഭഗത്!!
ദില്ലി: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം സ്ഥിരം വാര്‍ത്തയാവുന്നത് നല്ല മാധ്യമപ്രവര്‍ത്തനമല്ലെന്ന് ചേതന്‍ ഭഗത്. ഒരുപാട് പ്രശ്‌നങ്ങള്‍ ഈ രാജ്യത്ത് ഇപ്പോഴുണ്ട്. കൊറോണവൈറസാണ് അതില്‍ പ്രധാനം. എഞ്ചിനീയറിംഗ്, നീറ്റ് പരീക്ഷകള്‍ തുടങ്ങിയവയില്‍ നടക്കുന്ന രാഷ്ട്രീയ പ്രശ്‌നങ്ങള്‍ എന്നിവ നമുക്ക് മുന്നിലുണ്ട്. അതൊന്നും ചര്‍ച്ചയാവുന്നില്ല. സുശാന്തിനോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തി പറയട്ടെ, ഞാന്‍ അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു, എന്റെ കരിയറില്‍ അദ്ദേഹത്തോടെയാണ് കടപ്പെട്ടിരിക്കുന്നത്. കൈ പോ ച്ചെ എന്ന എന്റെ ചിത്രം ആരും നിര്‍മിക്കാന്‍ തയ്യാറാവുന്നില്ല. സുശാന്താണ് എന്നെ രക്ഷിച്ചത്. അതുകൊണ്ട് ഞാന്‍ സുശാന്തിനെ കുറിച്ച് കെയര്‍ ചെയ്യുന്നില്ല എന്ന വാദം ദയവ് ചെയ്ത് ഉന്നയിക്കരുതെന്നും ചേതന്‍ ഭഗത് പറഞ്ഞു.
സുശാന്തിനെ പോലെ നമ്മള്‍ ഇന്ത്യയെയും ഇഷ്ടപ്പെടുന്നുണ്ട്. പ്രൈം ടൈം വിഷയമായി സുശാന്തിന്റെ മരണം മാസങ്ങളോളം ന്യൂസ് ചാനലുകളില്‍ വരാന്‍ പാടില്ല. ആദ്യം ഒരു വ്യത്യസ്ത അന്വേഷണ ഏജന്‍സി വേണമെന്നായിരുന്നു ആവശ്യം. അത് ഇപ്പോഴുണ്ട്. എന്നാല്‍ സിബിഐ വന്നിട്ടും ഓരോ ആളുകള്‍ ദിവസവും വ്യത്യസ്തമായ വാദങ്ങളുമായിട്ടാണ് വരുന്നത്. അതിലൂടെ ഒന്നും നേടാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ലെന്നും ചേതന്‍ ഭഗത് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തി വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങുന്നത്.
ഓരോ രാജ്യത്തിനും സമ്പദ് വ്യവസ്ഥയില്‍ പ്രശ്‌നങ്ങളുണ്ട്. ഉത്തരവാദിത്തമുള്ള എല്ലാ രാജ്യങ്ങളും അത് പരിഹരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. നമ്മുടെ ശ്രദ്ധ അത്തരം കാര്യങ്ങളിലേക്ക് മാറേണ്ടത് അത്യാവശ്യമാണ്. ഇത് വളരെ എന്റര്‍ടെയിനിംഗ് ആയ കേസാണ്. കൊലപാതകം, ആത്മഹത്യ, സിനിമാ താരങ്ങളും ഗൂഢാലോചന സിദ്ധാങ്ങളും, ഒപ്പം രാഷ്ട്രീയവും. ഇത്തരം കാര്യങ്ങളെല്ലാം ചേര്‍ന്ന മസാലയായി സുശാന്തിന്റെ കേസ് മാറിയിരിക്കുകയാണ്. എത്രയൊക്കെ രസമുള്ളതാണെങ്കിലും, അതൊന്നും വാര്‍ത്തകളല്ല. യഥാര്‍ത്ഥ ജീവിതത്തില്‍ നിങ്ങള്‍ക്ക് ഇതിനൊക്കെ തെളിവ് കണ്ടെത്തേണ്ടി വരുമെന്നും ചേതന്‍ ഭഗത് പറഞ്ഞു.
ഒന്നുകില്‍ നിങ്ങള്‍ സിബിഐയെ അവരുടെ പണിയെടുക്കാന്‍ അനുവദിക്കണം. അതല്ലെങ്കില്‍ സിബിഐ വേണ്ടെന്ന് പറയണം. നിങ്ങള്‍ക്കൊരിക്കലും ടിവിയില്‍ ഇരുന്ന് ആ കേസുകള്‍ പരിഹരിക്കാനാവില്ല. ദയവ് ചെയ്ത് സമ്പദ് ഘടനയെ കുറിച്ച് ചര്‍ച്ച ചെയ്യൂ. വാക്‌സിനുകളെ കുറിച്ചുള്ള കാര്യങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ഈ വാക്‌സിന്‍ എങ്ങനെ വിതരണം ചെയ്യുമെന്ന് പറയൂ. ഫേസ് ത്രീ പരീക്ഷണം, പരീക്ഷകള്‍ ഇങ്ങനെ നിരവധി വിഷയങ്ങള്‍ നമുക്ക് മുന്നിലുണ്ട്. നീറ്റ് പോലെയുള്ള പരീക്ഷകള്‍ വളരെ ദുഷ്‌കരമാണ് അത് ഇപ്പോള്‍ നടത്തേണ്ടതില്ല. കാരണം ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരല്ല. അവരുടെ ശ്രദ്ധ മാറിപ്പോകാനും സാധ്യതയുണ്ട്. അത് അവരുടെ ഭാവിയെ തന്നെ ബാധിക്കുമെന്നും ചേതന്‍ ഭഗത് പറഞ്ഞു.