അമൂല്‍ ഗേളിന്റെ സ്രഷ്ടാവ് സില്‍വസ്റ്റര്‍ ഡകുന്‍ഹ വിടവാങ്ങി; അന്ത്യം മുംബൈയില്‍ വച്ച്
ന്യൂഡല്‍ഹി: 1960കളില്‍ ആരംഭിച്ച 'അമുല്‍ ഗേള്‍' എന്ന ഐതിഹാസിക പരസ്യ ക്യാമ്പയ്നിന്റെ സ്രഷ്ടാവ് സില്‍വസ്റ്റര്‍ ഡകുന്‍ഹ അന്തരിച്ചു. ചൊവ്വാഴ്ച രാത്രി മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. അമൂലിന്റെ ജനപ്രീതി കൂട്ടാന്‍ പോള്‍ക്ക ഡോട്ടുള്ള ഫ്രോക്കും നീല മുടിയും റോസ് കവിളുമുള്ള അമൂല്‍ ഗേള്‍ എന്ന കാര്‍ട്ടൂണ്‍ ചിത്രത്തിന് സാധിച്ചിരുന്നു. ഈ ജനപ്രിയ ചിത്രം സില്‍വസ്റ്റര്‍ ഡകുന്‍ഹയുടെ സൃഷ്ടിയായിരുന്നു.
1966ല്‍ പരസ്യ ഏജന്‍സിയായ എ എസ് പിയുടെ മാനേജിംഗ് ഡയറക്ടറായിരുന്ന സില്‍വസ്റ്റര്‍ ഡകുന്‍ഹയും കലാസംവിധായകന്‍ യൂസ്റ്റേസ് ഫെര്‍ണാണ്ടസും ചേര്‍ന്നാണ് അമൂല്‍ ഗേളിനെ രൂപകല്‍പന ചെയ്തത്. ഇതിന് ശേഷമായിരുന്നു അമൂലിന്റെ പരസ്യ ക്യാമ്പയിന്‍ ആരംഭിച്ചത്.

സില്‍വസ്റ്റര്‍ ഡകുന്‍ഹയുടെ വിയോഗം പരസ്യ വ്യവസായത്തിന് തീരാ നഷ്ടമാണെന്ന് അമുല്‍ മാര്‍ക്കറ്ററും ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറുമായ ജയന്‍ മേത്ത പറഞ്ഞു.
സില്‍വസ്റ്റര്‍ ഡാകുന്‍ഹയുടെ മകന്‍ രാഹുല്‍ ഡാകുന്‍ഹയാണ് പിതാവ് ആരംഭിച്ച പരസ്യ ഏജന്‍സി ഇപ്പോള്‍ നോക്കി നടത്തുന്നത്. പ്യൂര്‍ലി ദ ബെസ്റ്റ് എന്നായിരുന്നു അമൂല്‍ ബട്ടറിന്റെ ആദ്യ ടാഗ് ലൈന്‍. ഈ ടാഗ് ലൈനിന് പകരം മറ്റൊന്നു നല്‍കണമെന്ന ചിന്തയാണ് 'Give us this day our daily bread: with Amul butter' എന്ന ടാഗ് ലൈനോട് കൂടി അമൂല്‍ ഗേള്‍ പ്രത്യക്ഷപ്പെടുന്നത്. സില്‍വസ്റ്റര്‍ ഡാകുന്‍ഹയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് രാഷ്ട്രീയ- സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ രംഗത്തെത്തി.












Click it and Unblock the Notifications