മുസ്ലിം ലീഗ് എംപിയും മന്ത്രിയും തമ്മില്‍ പരസ്യ വാഗ്വാദം; കളക്ടറെ തള്ളി നിലത്തിട്ടു, വീഡിയോ പുറത്ത്
ചെന്നൈ: മുസ്ലിം ലീഗ് എംപി നവാസ് കനിയും മന്ത്രി രാജാകണ്ണപ്പനും തമ്മില്‍ പരസ്യമായി വാക്കുതര്‍ക്കം. രണ്ടുപേരെയും പിടിച്ചുമാറ്റാന്‍ ശ്രമിക്കവെ ജില്ലാ കളക്ടര്‍ വിഷ്ണു ചന്ദ്രനെ തള്ളി നിലത്തിട്ടു. തമിഴ്‌നാട്ടിലെ രാമനാഥപുരത്താണ് സംഭവം. ഇതിന്റെ വീഡിയോ വൈറലായിട്ടുണ്ട്. എംപി എത്തുന്നതിന് മുമ്പ് മന്ത്രി പരിപാടിക്ക് തുടക്കമിട്ടതാണ് തര്‍ക്കത്തിന് കാരണം.
രാമനാഥപുരത്ത് സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് ഒരു കായിക മല്‍സരം സംഘടിപ്പിച്ചിരുന്നു. ഇതിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണ ചടങ്ങ് സ്‌കൂളിലാണ് സംഘടിപ്പിച്ചത്. സ്ഥലം എംപിയാണ് നവാസ് കനി. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് പരിപാടി തീരുമാനിച്ചത്. എന്നാല്‍ മന്ത്രിയും കളക്ടറും എത്തിയതോടെ നേരത്തെ പരിപാടി തുടങ്ങി. ഈ വേളയില്‍ എംപി എത്തിയിരുന്നില്ല.

ഡിഎംകെ സര്‍ക്കാരിലെ പിന്നാക്ക വികസന ക്ഷേമ വകുപ്പ് മന്ത്രിയാണ് രാജാ കണ്ണപ്പന്‍. മന്ത്രിയെയും എംപിയെയും പുരസ്‌കാര വിതരണത്തിന് ക്ഷണിച്ചിരുന്നു. ജില്ലയിലെ 1851 കായിക താരങ്ങളാണ് മല്‍സരങ്ങളില്‍ പങ്കെടുത്തത്. 41.6 ലക്ഷം രൂപയുടെ പ്രൈസ് മണിയാണ് സമ്മാനം. ശനിയാഴ്ച മൂന്ന് മണിക്ക് തീരുമാനിച്ച ചടങ്ങ് നേരത്തെ നടത്തിയതാണ് എംപിയെ ചൊടിപ്പിച്ചത്.
എന്തുകൊണ്ടാണ് പരിപാടി നേരത്തെ തുടങ്ങിയതെന്ന് എംപി എത്തിയപ്പോള്‍ ചോദിച്ചു. ഉദ്യോഗസ്ഥര്‍ക്ക് പകരം മന്ത്രി തന്നെ ഇതിന് മറുപടി നല്‍കിയതോടെ തര്‍ക്കമായി. ഇരുനേതാക്കളും വലിയ ശബ്ദത്തില്‍ തര്‍ക്കിച്ചു. ഇതോടെ ഇരുവരെയും അനുകൂലിക്കുന്നവരും ഇടപെട്ടു. രംഗം ശാന്തമാക്കാന്‍ ശ്രമിക്കുകയായിരുന്നു കളക്ടര്‍. ഉന്തുംതള്ളും നടന്നപ്പോള്‍ കളക്ടര്‍ നിലത്തുവീണു.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വീഡിയോ പങ്കുവച്ച് സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ രംഗത്തെത്തി. ജില്ലാ കളക്ടറെ തള്ളിയിട്ടതാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയ ഒരു കാര്യം. ഡിഎംകെ സര്‍ക്കാര്‍ ജനാധിപത്യവിരുദ്ധമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് അണ്ണാമലൈ ട്വീറ്റ് ചെയ്തു. ഇതാണോ വികസനത്തിന്റെ ദ്രാവിഡ മാതൃക എന്നും അണ്ണാമലൈ ചോദിച്ചു.
ഡിഎംകെയും ബിജെപിയും തമ്മിലുള്ള പോര് ഒരു ഭാഗത്ത് നടക്കവെയാണ് ഭരണമുന്നണിയിലെ അംഗങ്ങള്‍ തന്നെ ഏറ്റുമുട്ടിയത്. മന്ത്രി സെന്തില്‍ ബാലാജിയെ കേന്ദ്ര അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത പിന്നാലെ ബിജെപി സംസ്ഥാന സെക്രട്ടറി എസ്ജി സൂര്യയെ പോലീസ് അറസ്റ്റ് ചെയ്തത് ചര്‍ച്ചയായിരുന്നു. ഇതിനിടെയുണ്ടായ ഡിഎംകെ, മുസ്ലിം ലീഗ് നേതാക്കളുടെ ഏറ്റുമുട്ടലിന് ബിജെപി വലിയ പ്രചാരണമാണ് നല്‍കുന്നത്.












Click it and Unblock the Notifications