മോദിയെ കണ്ടതിന് ഇതുവരെ കിട്ടിയത് വന്‍ പദവികള്‍, തവര്‍ചന്ദിന് ഇത്തവണയും ലോട്ടറിയടിക്കുമോ?
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബിജെപിയുടെ കോര്‍ ടീമുമായും ഇത്ര അടുപ്പമുള്ള ഒരു നേതാവുണ്ടാവില്ല. പറഞ്ഞ് വരുന്നത് തവര്‍ചന്ദ് ഗെലോട്ടിന്റെ കാര്യമാണ്. നിലവില്‍ കര്‍ണാടക ഗവര്‍ണറാണ് അദ്ദേഹം. പക്ഷേ അടുത്ത ഉപരാഷ്ട്രപതി അദ്ദേഹം ആയേക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് തവര്‍ചന്ദ് ഗെലോട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. ഔദ്യോഗികമായുള്ള കൂടിക്കാഴ്ച്ചയായിരുന്നു ഇത്. എന്നാല്‍ ഇത് വെറും സൗഹൃദ സന്ദര്‍ശനമെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു ഗെലോട്ട്. എന്നാല്‍ ഈ കൂടിക്കാഴ്ച്ച ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ വരവിന്റെ സൂചനയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

തവര്‍ചന്ദ് ഗെലോട്ട് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് വരുമെന്ന് കരുതാന്‍ കാരണങ്ങളാണ്. എപ്പോഴൊക്കെ ഗെലോട്ട് മോദിയെ കാണാനെത്തുന്നോ, അപ്പോഴൊക്കെ രാഷ്ട്രീയമായി സമ്മാനങ്ങള്‍ അദ്ദേഹത്തെ തേടിയെത്താറുണ്ട്. ഇത്തരമൊരു കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ഗെലോട്ട് കേന്ദ്ര മന്ത്രിയായി നിയമിക്കപ്പെട്ടത്. അന്ന് പക്ഷേ ആരും അത് കാര്യമായി എടുത്തില്ല. പിന്നീടൊരു കൂടിക്കാഴ്ച്ചയ്ക്ക് ശേഷം രാജ്യസഭയിലെ ബിജെപിയുടെ നേതാവായും അദ്ദേഹം ഉയര്‍ത്തപ്പെട്ടു. അവിടെയും തീര്‍ന്നില്ല. മന്ത്രിസ്ഥാനം നഷ്ടമായതിന് ശേഷം അദ്ദേഹത്തെ വീണ്ടും മോദി വിളിപ്പിച്ചു. ഇത്തവണ കിട്ടിയത് കര്‍ണാടകത്തിലെ ഗവര്‍ണര്‍ സ്ഥാനമാണ്. ഈ കൂടിക്കാഴ്ച്ച അതുകൊണ്ട് വെറുതെയാവില്ലെന്നാണ് അഭ്യൂഹം.
വെങ്കയ്യ നായിഡു തീര്‍ച്ചയായും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് വരില്ലെന്ന് ഉറപ്പാണ്. മോദിയുമായും അമിത് ഷായുമായും കഴിഞ്ഞ വര്‍ഷം മുതല്‍ അത്ര നല്ല ബന്ധത്തില്‍ അല്ല വെങ്കയ്യ നായിഡു. അതുകൊണ്ട് ഉപരാഷ്ട്രപതി പോകുമെന്ന് ഉറപ്പാണ്. ആര്‍എസ്എസും പിന്തുണയ്ക്കില്ല. ഇവിടെയാണ് തവര്‍ചന്ദ് ഗെലോട്ടിന് സാധ്യതയുള്ളത്. എന്തുകൊണ്ട് സമൂഹത്തിലെ പിന്നോക്കം നില്‍ക്കുന്ന ഒരു വിഭാഗത്തില്‍ നിന്നാണ് ഉപരാഷ്ട്രപതിയെ മോദി സര്‍ക്കാര്‍ കൊണ്ടുവരാന്‍ താല്‍പര്യപ്പെടുന്നത്. ബിജെപിയുടെ ദളിത് മുഖമാണ് ഗെലോട്ട്. ഇത് മാത്രമല്ല അദ്ദേഹത്തിനുള്ള യോഗ്യത. മധ്യപ്രദേശിലെ ഉജ്ജയിന്‍ ജില്ലയില്‍ നിന്നുള്ള രൂപത ഗ്രാമത്തില്‍ നിന്നാണ് ഗെലോട്ട് രാഷ്ട്രീയത്തില്‍ വളര്‍ന്നത്. 1962 മുതല്‍ 1977 വരെ ജനസംഘത്തിന്റെ ഭാഗമായിരുന്നു ഗെലോട്ട്.
ആര്‍എസ്എസുമായി അടുത്ത ബന്ധവും ഗെലോട്ടിനുണ്ട്. ഇത് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള അധിക യോഗ്യതയാണ്. മോദിക്കും അമിത് ഷായ്ക്കും വിശ്വസ്തനാണ് ഗെലോട്ട്. പാര്‍ട്ടിയുടെ ഹിന്ദുത്വ നിലപാടുമായി യോജിച്ച പോകുന്ന നേതാവുമാണ് അദ്ദേഹം. ജനത പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയുമായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അവിടെ നിന്നാണ് ബിജെപിയിലെത്തിയത്. അഞ്ച് ദശാബ്ദങ്ങള്‍ നീണ്ടുനിന്ന രാഷ്ട്രീയ ജീവിതത്തില്‍ ബിജെപിയില്‍ പല പദവികളും വഹിച്ചു. 1980ലാണ് ആദ്യമായി എംഎല്‍എയാവുന്നത്. 1996ല്‍ ലോക്‌സഭയിലെത്തി. നാല് തവണ അദ്ദേഹം എംപിയായി. 2009ല്‍ സജ്ജന്‍ സിംഗ് വര്‍മയോട് തോറ്റ ശേഷം രാജ്യസഭയിലേക്കാണ് അദ്ദേഹം വന്നിരുന്നത്.
മോദി സര്‍ക്കാരിലെ ദളിത് മുഖങ്ങളിലൊന്നായിരുന്നു അദ്ദേഹം. വളരെ പോപ്പുലറുമായിരുന്നു അദ്ദേഹം. 2014ല്‍ സാമൂഹിക നീതി മന്ത്രിയായും അദ്ദേഹം നിയമിക്കപ്പെട്ടിരുന്നു. 2018ലും ഗെലോട്ട് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കര്‍ണാടക ഗവര്‍ണറായ ശേഷം മന്ത്രിസഭയില്‍ നിന്നും, രാജ്യസഭയില്‍ നിന്നും, ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്നും അദ്ദേഹം രാജിവെച്ചു. കര്‍ണാടകത്തിന്റെ ചുമതല 2006 മുതല്‍ 2014 വരെ ഗെലോട്ടിന് ലഭിച്ചിരുന്നു. ഇതൊക്കെ ലഭിച്ചത് മോദിയുടെ വിശ്വസ്തനായത് കൊണ്ടാണ്. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ബിജെപിയുടെ കോര്‍ ടീമിന് ആവശ്യവും അത്തരമൊരാളെയാണ്. അത് തവര്‍ചന്ദ് ഗെലോട്ടിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.












Click it and Unblock the Notifications