ടിഡിപിയെ തിരിഞ്ഞുകൊത്തി അമിത് ഷാ!! എന്‍ഡിഎ വിട്ടത് രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയെന്ന്
ദില്ലി: തെലുങ്ക് ദേശം പാര്‍ട്ടി എന്‍ഡിഎ സഖ്യം വിട്ടതില്‍ പ്രതികരണവുമായി ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ. എന്‍ഡിഎ വിട്ട ടിഡിപിയുടെ തീരുമാനം ദൗര്‍ഭാഗ്യകരവും ഏകപക്ഷീയവുമായിപ്പോയെന്നാണ് അമിത് ഷാ ചൂണ്ടിക്കാണിക്കുന്നത്. ടിഡിപി തലവന്‍ ചന്ദ്രബാബു നായിഡുവിന് എഴുതിയ തുറന്ന കത്തിലാണ് ബിജെപി അധ്യക്ഷന്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. ആന്ധ്രപ്രദേശിന് പ്രത്യേക പദവി അനുവദിക്കണമെന്നുള്ള ആവശ്യങ്ങള്‍ക്ക് ഒടുവിലാണ് തെലുങ്ക് ദേശം പാര്‍ട്ടി എന്‍ഡിഎ വിടുന്നത്. മോദി സര്‍ക്കാരിനെതിരെ ടിഡിപി അവിശ്വാസ പ്രമേയം കൊണ്ടുവരാനിരിക്കെയാണ് അമിത് ഷാ ചന്ദ്രബാബു നായിഡുവിന് കത്തയയ്ക്കുന്നത്. ടിഡിപി എന്‍ഡിഎയില്‍ നിന്ന് പുറത്തുപോയത് വികസനത്തേക്കാള്‍ ഉപരി രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയാണെന്ന ആരോപണമാണ് അമിത് ഷാ ടിഡിപിയ്ക്ക് എതിരെ ഉന്നയിക്കുന്നത്.
545 അംഗ ലോക്സഭയില്‍ നിന്ന് 16 എംപിമാരെ പിന്‍വലിച്ച തെലുങ്ക് ദേശം പാര്‍ട്ടി എന്‍ഡിഎ സഖ്യത്തില്‍ തുടരില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ടിഡിപി എന്‍ഡിഎ വിട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ബിജെപി ദേശീയാധ്യക്ഷന്റെ പ്രതികരണം. നേരത്തെ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി ടിഡിപി തലവനെ അമിത് ഷാ ദില്ലിയിലേയ്ക്ക് ക്ഷണിച്ചിരുന്നു. ബിജെപിയുടെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഏറ്റവും വലിയ സഖ്യകക്ഷിയായ ടിഡിപി എതിരാളികളായ വൈഎസ്ആര്‍ കോണ്‍ഗ്രസിനൊപ്പം പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയത്തിന് ഒരുങ്ങുന്നതിനിടെയാണ് ഈ നീക്കങ്ങള്‍ നടക്കുന്നത്.

വെള്ളത്തില്‍ വരച്ച വരയോ??
ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാനുള്ള സര്‍ക്കാരിന്റെ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നാണ് ടിഡിപി ചൂണ്ടിക്കാണിക്കുന്നത്. 2014 ലെ ആന്ധ്രപ്രദേശ് റീ ഓര്‍ഗനൈസേഷന്‍ ആക്ട് അനുസരിച്ച് കേന്ദ്രം മുന്നോട്ടുവച്ച വാഗ്ദനങ്ങള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്നും ചന്ദ്രബാബു നായിഡു കൂട്ടിച്ചേര്‍ക്കുന്നു. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കുമെന്നും പോലവാരം നാഷല്‍ പ്രൊജക്ട്, വിജയവാഡയ്ക്കും വിസാഗിനും ഇടയില്‍ മെട്രോ റെയില്‍ ആരംഭിക്കുമെന്നും കേന്ദ്രം ആന്ധ്രപ്രദേശിന് ഉറപ്പു നല്‍കിയിരുന്നു. പുറമേ ദുഗ്ഗരാജപട്ടണത്ത് സീ പോര്‍ട്ട്, വിസാഗില്‍ പ്രത്യേക റെയില്‍വേ സോണ്‍, കടപ്പയില്‍ സ്റ്റീല്‍ പ്ലാന്‍റ്, ഐഐടി, ഐഐഎം തുടങ്ങിയ കേന്ദ്രസ്ഥാപനങ്ങള്‍ എന്നിവ ആരംഭിക്കുമെന്നുമായിരുന്നു കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ വാഗ്ദാനങ്ങള്‍.

ആശ്വസിപ്പിച്ച് ജെയ്റ്റ്ലി
2016 സെപ്തംബറില്‍ തന്നെ ആന്ധ്രപ്രദേശിന് പ്രത്യേക പാക്കേജ് നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ കേന്ദ്രം അംഗീകരിച്ചിരുന്നതായി അരുണ്‍ ജെയ്റ്റ്ലി ചൂണ്ടിക്കാണിച്ചിരുന്നു. 2018 ജനുവരിയില്‍ ഫണ്ടുകള്‍ ലഭ്യമാക്കുന്ന രീതിയില്‍ മാറ്റം വേണമെന്ന നിര്‍ദേശം ആന്ധ്രപ്രദേശ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുകയായിരുന്നുവെന്നാണ് ജെയ്റ്റ്ലി ചൂണ്ടിക്കാണിക്കുന്നത്. ഇതിന് മുമ്പ് കേന്ദ്രസര്‍ക്കാരുമായി ആന്ധ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറായില്ലെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ക്കുന്നു. 2014ന് ശേഷം ആന്ധ്രപ്രദേശ് നേരിട്ടുവരുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കണമെന്നുള്ള ആവശ്യം കേന്ദ്രസര്‍ക്കാര്‍ മുഖവിലയ്ക്കെടുത്താതാണ് എന്‍ഡിഎയില്‍ നിന്ന് ടിഡിപി പുറത്തുവരുന്നതിലെത്തിച്ചത്. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടുകളും ധനസഹായവും ലഭ്യമാക്കുന്നതിനുള്ള 14ാം ധനകാര്യ കമ്മീഷന്റെ അംഗീകാരം അനുസരിച്ച് ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാന്‍ കഴിയില്ലെന്നും ജെയ്റ്റ്ലി വ്യക്തമാക്കിയിരുന്നു.

മന്ത്രിമാരുടെ രാജി, എന്‍ഡിഎയില്‍ നിന്ന് പുറത്തേയ്ക്ക്!!
സിവില്‍ ഏവിയേഷന്‍ മന്ത്രി അശോക് ഗജപതി രാജുവും സയന്‍സ് ആന്‍ഡ് ടെക്നോളജി മന്ത്രി വൈഎസ് ചൗധരിയും ഉള്‍പ്പെടെ രണ്ട് മന്ത്രിമാരാണ് രാജിവെച്ചതിന് പിന്നാലെയാണ് ടിഡിപി എന്‍ഡിഎയില്‍ നിന്ന് പുറത്തുപോകുന്നത്. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ വേണ്ടരീതിയില്‍ പരിഗണിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇത്. മാര്‍ച്ച് 16നാണ് ടിഡിപി എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പുറത്തുപോകുന്നതായി പാര്‍ട്ടി തലന്‍ ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചത്. ടിഡിപിയ്ക്ക് ലോക്സഭയില്‍ 16 എംപിമാരും രാജ്യസഭയില്‍ നാല് എംപിമാരുമാണുള്ളത്.












Click it and Unblock the Notifications