മുന്നില്‍ നിന്ന് നയിച്ചു, ഭരണം പിടിച്ച് രേവന്ത്: പക്ഷെ മുഖ്യമന്ത്രി കസേര ഭട്ടി വിക്രമാർക്കയ്ക്കോ?
നാല് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടുകൊണ്ടിരിക്കുന്നത്. രാജസ്ഥാനിലും ഛത്തീസ്ഗഡ്ഡിലും അധികാരം നഷ്ടമായ കോണ്‍ഗ്രസിന് മധ്യപ്രദേശിലും വലിയ തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. മധ്യപ്രദേശില്‍ ആകെയുള്ള 230 സീറ്റില്‍ 162 ഉം നേടിയാണ് ബി ജെ പിയുടെ മുന്നേറ്റം.
കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറെ ആശ്വാസമായി മാറിയിരിക്കുന്നത് തെലങ്കാനയിലെ വിധി മാത്രമാണ്. ആകെയുള്ള 119 സീറ്റുകളിലെ ഫലം പുറത്ത് വന്നപ്പോള്‍ 64 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുകയാണ്. കേവല ഭൂരിപക്ഷത്തിന് 60 സീറ്റുകള്‍ മാത്രമാണ് വേണ്ടത്. കഴിഞ്ഞ രണ്ട് തവണയും തെലങ്കാനയില്‍ ഭരണത്തിലെത്തിയ ബി ആർ എസിന് 40 സീറ്റുകളില്‍ മാത്രമാണ് ലീഡ് പിിക്കാന്‍ സാധിച്ചിരിക്കുന്നത്. ഈ ലീഡ് നില നിലനിർത്താന്‍ സാധിച്ചാല്‍ സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി കോണ്‍ഗ്രസിന് ഭരണം ലഭിക്കും.

സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ചാല്‍ ആര് അധികാരത്തില്‍ എത്തുമെന്ന ചോദ്യത്തിന് ബഹുഭൂരിപക്ഷം പേരും നല്‍കുന്ന ഉത്തരം എ രേവന്ത് റെഡ്ഡി എന്നാണ്. അതിന് അദ്ദേഹത്തിന് അർഹതയുമുണ്ട്. സംഘടനപരമായി വലിയ വെല്ലുവിളികള്‍ നേരിട്ട സംസ്ഥാനത്ത് പാർട്ടിയെ മുന്നില്‍ നിന്ന് നയിച്ച് വിജയത്തിലേക്ക് എത്തിച്ച നേതാവാണ് അദ്ദേഹം.
മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെതിരെ കമ്മറെഡ്ഡിയില്‍ മത്സരിക്കാനുള്ള ചങ്കുറപ്പ് കാട്ടിയ അദ്ദേഹം അവിടെ മുന്നിട്ട് നില്‍ക്കുകയാണ്. ആറ് വർഷം മുമ്പ് മാത്രമാണ് അദ്ദേഹം പാർട്ടിയിൽ ചേർന്നതെങ്കിലും സംസ്ഥാന ഘടകത്തിന്റെ വർക്കിംഗ് പ്രസിഡന്റും എംപിയും നിലവിൽ തെലങ്കാന കോൺഗ്രസ് പ്രസിഡന്റുമായ രേവന്ത് പാർട്ടി പ്രവർത്തകരിലും ഏറെ ജനപ്രിയമാണ്.
എന്നാല്‍ 2018 ല്‍ സച്ചിന്‍ പൈലറ്റിനും ജ്യോതിരാദിത്യ സിന്ധ്യക്കും ഈ വർഷം കർണാടകയില്‍ ഡികെ ശിവകുമാറിനും ഉണ്ടായ വിധി രേവന്തിനും ഉണ്ടാവുമോയെന്നാണ് ഏവരും ചോദിക്കുന്നത്. മേല്‍ സൂചിപ്പിച്ച മൂന്ന് പേരും അതത് സംസ്ഥാനത്തെ പിസിസി അധ്യക്ഷന്മാരായിരുന്നു. തിരഞ്ഞെടുപ്പില്‍ പാർട്ടിയെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. എന്നാല്‍ അധികാരം ലഭിച്ചപ്പോള്‍ മുഖ്യമന്ത്രിയായത് മുതിർന്ന നേതാക്കളായ അശോക് ഗെലോട്ടും കമല്‍നാഥും സിദ്ധരാമയയ്യും. ഈ നീക്കമാണ് മധ്യപ്രദേശില്‍ പാതിവഴിയിലും കോണ്‍ഗ്രസ് ഭരണം വീഴാന്‍ പ്രധാന കാരണമായത്. മാത്രമവുള്ള പാർട്ടി ജനറല്‍ സെക്രട്ടറിയായ സിന്ധ്യ ബി ജെ പിയിലുമെത്തി.
തെലങ്കാനയില്‍ രേവന്തിന് ഭീഷണി ഉയർത്തുന്ന പ്രധാന നേതാവ് ഭട്ടി വിക്രമാർക്കയാണ്. മാല സമുദായത്തിൽ നിന്നുള്ള ദളിത് നേതാവായ അദ്ദേഹം. ഡെപ്യൂട്ടി സ്പീക്കർ, വിപ്പ്, അസംബ്ലി ഫ്‌ളോർ ലീഡർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച പരിചയസമ്പന്നനാണ്. എല്ലാത്തിനും ഉപരി മികച്ച പ്രതിച്ഛയായും അദ്ദേഹത്തിനുണ്ട്. നേരത്തെ ആന്ധ്രാ ബാങ്കിന്റെ ഡയറക്ടറായിരുന്ന ഭട്ടി, മധീരയിൽ നിന്ന് (2009, 2014, 2018) മൂന്ന് തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചു.
ഫലം പുറത്ത് വരുന്നതിന് മുമ്പ് ഇരുനേതാക്കളും മുഖ്യമന്ത്രിയാകാനുള്ള അവകാശവാദങ്ങള്‍ ഉന്നയിച്ച് രംഗത്ത് വരികയും ചെയ്തിരുന്നു. അധികാരം നേടിയാലും കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് തെലങ്കാനയില്‍ ഉയർന്ന് വരുന്നത്. തീരുമാനങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള പാളിച്ച ഉണ്ടായാല്‍ അത് കയ്യില്‍ കിട്ടിയ ഭരണം കൈവിടുന്നതിലേക്ക് എത്തിക്കും.












Click it and Unblock the Notifications