ഒവൈസിയെ സ്വന്തം മടയില്‍ തന്നെ നേരിടാന്‍ കോണ്‍ഗ്രസ്: ചാർമിനാറില്‍ പതിറ്റാണ്ടുകളുടെ ചരിത്രം തിരുത്തി
ഹൈദരാബാദ്: അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയില്‍ പ്രവർത്തനം കൂടുതല്‍ സജീവമാക്കി കോണ്‍ഗ്രസ്. ബി ആർ എസ് പ്രമുഖ കക്ഷിയായി തുടരുമ്പോള്‍ കോണ്‍ഗ്രസിനെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് ഉയർന്ന് വരാനുള്ള ശ്രമങ്ങളാണ് ബി ജെ പി നടത്തുന്നത്. എന്നാല്‍ മികച്ച പ്രവർത്തനം കാഴ്ചവെച്ചാല്‍ ഇവർ രണ്ടിനേയും പിന്തള്ളി അധികാരത്തിലെത്താന്‍ സാധിക്കുമെന്നുമാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.
നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി തന്നെയാണ് ചാർമിനാർ നിയമസഭാ മണ്ഡലത്തിൽ ആദ്യമായി ഒരു ഓഫീസിനും ടി പി സി സി നേതൃത്വം തുടക്കം കുറിച്ചിരിക്കുന്നത്.

അസദുദ്ദിന്‍ ഒവൈസി നേതൃത്വം നല്‍കുന്ന ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീന് (എ ഐ എം ഐ എം) ശക്തമായ സാന്നിധ്യമുള്ള മണ്ഡലമാണ് ചാർമിനാർ. എന്നാല്‍ എ ഐ എം ഐ എമ്മിനോട് അതൃപ്തിയുള്ള പഴയ നഗര പ്രദേശത്തെ യുവാക്കൾ തങ്ങളെ പിന്തുണയ്ക്കുമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. എ ഐ എം ഐ എം സംസ്ഥാനത്തിന് പുറത്ത് ബി ജെ പിയുമായും തെലങ്കാനയില്‍ ബി ആർ എസുമായും രഹസ്യ സഖ്യത്തിലാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഹൈദരാബാദിലെ പഴയ നഗരത്തിൽ പാർട്ടിയുടെ സംഘടനാ ശൃംഖല ശക്തിപ്പെടുത്താനുള്ള നീക്കമാണിതെന്നും ന്യൂനപക്ഷ സമുദായം ഒവൈസിയുടെ കുതന്ത്രങ്ങള്‍ തിരിച്ചറിഞ്ഞ് ഞങ്ങളോടൊപ്പം നില്‍ക്കുമെന്നുമാണ് കോൺഗ്രസ് നേതാവ് മുഹമ്മദ് അലി ഷബീർ വ്യക്തമാക്കുന്നു.

സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ എ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കോണ്‍ഗ്രസ് എല്ലാ മുനിസിപ്പൽ വാർഡുകളിലും ഓഫീസുകൾ സ്ഥാപിക്കുമെന്നാണ് അവകാശപ്പെടുന്നത്. റെഡ്ഡി എല്ലാ വാർഡുകളിലെയും യോഗങ്ങളെ അഭിസംബോധന ചെയ്യുമെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു.
Vastu Tips for home: വീട്ടിലേക്ക് ഭാഗ്യവും ഐശ്വര്യവും വരണോ: എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കുക

1967-ൽ തന്നെ ചാർമിനാർ പ്രദേശത്ത് പാർട്ടി ഓഫീസ് തുറക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും നിലവിലെ ഹൈദരാബാദ് എംപിയും എ ഐ എം ഐഎം തലവനുമായ അസദുദ്ദീൻ ഒവൈസിയുടെ പിതാവ് സുൽത്താൻ സലാഹുദ്ദീൻ ഒവൈസി സ്വതന്ത്രനായി വിജയിച്ചതോടെ ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് ഒരു സംസ്ഥാന കോൺഗ്രസ് നേതാവിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.

1985 വരെ സ്വതന്ത്ര സ്ഥാനാർത്ഥികളും 1989 മുതൽ എ ഐ എം ഐ എമ്മും മാത്രം വിജയിച്ച് വരുന്ന സീറ്റാണ് ചാർമിനാർ. ഈ സീറ്റ് തിരിച്ച് പിടിച്ച് ഒവൈസിക്ക് സ്വന്തം തട്ടകത്തില്‍ തിരിച്ചടി നല്‍കുക എന്നുള്ളതാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. 'ഈ വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കോൺഗ്രസിന്റെ തിരിച്ചുവരവിന് സാക്ഷ്യം വഹിക്കും. രേവന്ത് റെഡ്ഡി സംസ്ഥാന തലത്തിൽ കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്താൻ കഠിനമായി പരിശ്രമിക്കുമ്പോൾ, ഞങ്ങളുടെ പ്രദേശങ്ങളിൽ പാർട്ടിയുടെ സ്വാധീനം വർദ്ധിപ്പിച്ചുകൊണ്ട് മുഴുവൻ ഹൈദരാബാദ് കോൺഗ്രസ് ടീമും അദ്ദേഹത്തിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കും, "മുതിർന്ന കോണ്‍ഗ്രസ് നേതാവ് ഹൈദരാബാദ് ജില്ലാ പ്രസിഡന്റ് സമീർ വലിയുള്ള അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications