തെലങ്കാന ടണൽ അപകടം; 48 മണിക്കൂർ പിന്നിട്ടിട്ടും തൊഴിലാളികൾ കാണാമറയത്ത്, സിൽക്യാര സംഘമെത്തി
ഹൈദരാബാദ്: തെലങ്കാനയിലെ തകർന്ന തുരങ്കത്തിൽ 48 മണിക്കൂറിലേറെയായി കുടുങ്ങിക്കിടക്കുന്ന എട്ട് തൊഴിലാളികളെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തനം തുടരുന്നു. നിലവിൽ വിലപ്പെട്ട സമയം പഴക്കാതെ അതിതീവ്രമായ ശ്രമമാണ് തുടരുന്നത്. ചെളിയും വെള്ളവും രക്ഷാദൗത്യത്തിന് തടസമാകുന്നതിനാൽ അവരുടെ അതിജീവന സാധ്യത കുറയുന്നതായി മന്ത്രി മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് പ്രവർത്തനം ഊർജ്ജിതമാക്കുന്നത്.
നാഗർകുർണൂലിലെ ശ്രീശൈലം അണക്കെട്ടിന് പിന്നിലെ 44 കിലോമീറ്റർ നീളമുള്ള തുരങ്കം ശനിയാഴ്‌ച രാവിലെ ചില തൊഴിലാളികൾ ചോർച്ച നന്നാക്കുന്നതിനിടെയാണ് തകർന്നു വീണത്. ഇവരിൽ ഭൂരിഭാഗവും രക്ഷപ്പെട്ടെങ്കിലും എട്ട് പേർ കുടുങ്ങിപ്പോവുകയായിരുന്നു. 48 മണിക്കൂർ പിന്നിട്ടെങ്കിലും ഇവരെകുറിക്ക് യാതൊരു വിവരവും ലഭിച്ചിട്ടില്ല.

ഇവരിൽ നാല് പേർ തൊഴിലാളികളും നാല് പേർ കൺസ്ട്രക്ഷൻ കമ്പനിയിലെ ജീവനക്കാരുമാണെന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന മന്ത്രി കൃഷ്‌ണ റാവു അറിയിച്ചിരുന്നു. കരസേനയും ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ഏജൻസികളും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. കൂടാതെ നേവി കമാൻഡോകളും അവരെ സഹായിക്കാൻ രംഗത്ത് എത്തിയിട്ടുണ്ട്.
ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ 2023ൽ ഉത്തരാഖണ്ഡിലെ സിൽക്യാര ടണൽ ഓപ്പറേഷന് പിന്നിൽ പ്രവർത്തിച്ച സംഘത്തിലെ ആറുപേരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാണ്. തുരങ്കത്തിന്റെ മുഖത്ത് നിന്ന് കുറഞ്ഞത് 13 കിലോമീറ്റർ അകലെയാണ് തകർച്ചയുണ്ടായത്. രക്ഷാപ്രവർത്തകർ അവസാന 100 മീറ്ററിൽ എത്തിയിട്ടുണ്ടെന്നും എന്നാൽ വെള്ളവും ചെളിയും രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കാൽനടയാത്ര പോലും അസാധ്യമായ രീതിയിൽ തുരങ്കത്തിനുള്ളിൽ ചെളി അടിഞ്ഞു കൂടിയിട്ടുണ്ട്. രക്ഷാപ്രവർത്തകർ സഞ്ചരിക്കാൻ ചെയ്യാൻ റബ്ബർ ട്യൂബുകളും മരപ്പലകകളും ഉപയോഗിക്കുന്നു. അതിജീവനത്തിനുള്ള സാധ്യതകൾ മങ്ങുകയാണ്, പക്ഷേ ഞങ്ങൾ പ്രതീക്ഷയിലാണ്, ഒരു ശ്രമവും പാഴാക്കാനില്ല; എന്നായിരുന്നു മന്ത്രി അറിയിച്ചത്.
കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള പോരാട്ടത്തിൽ കൂടുതൽ ഉപകരണങ്ങളുടെ ആവശ്യകതയും രക്ഷാപ്രവർത്തകർ എടുത്തു പറയുന്നുണ്ട്. വെള്ളം പുറത്തേക്ക് ഒഴുകുന്ന തുരങ്കത്തിന്റെ ഭിത്തികളിൽ വിള്ളലുകളുണ്ടെന്നാണ് കണ്ടെത്തൽ. തുരങ്കത്തിന്റെ തകർന്ന ഭാഗത്തെ മേൽക്കൂര ഇപ്പോഴും അസ്ഥിരമായി കിടക്കുകയാണ് എന്നതാണ് മറ്റൊരു ആശങ്ക.
നിലവിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരുപോലെ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി രേവന്ത് റെഡ്ഡിയുമായി നേരിട്ട് സംസാരിക്കുകയും എല്ലാവിധ സഹായ സഹകരണങ്ങൾ വാഗ്‌ദാനം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നലെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിളിച്ച് രക്ഷാപ്രവർത്തനത്തെ കുറിച്ച് ചോദിച്ചറിഞ്ഞിരുന്നു.












Click it and Unblock the Notifications