കശ്മീരില്‍ സൈനിക ക്യാംപിന് നേരെ ഭീകരാക്രമണം; ഒരു സൈനികന് പരിക്കേറ്റതായി റിപ്പോര്‍ട്ട്
ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരിയിലെ ഗുന്ധ ഖവാസ് മേഖലയിലുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ ക്യാംപിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഇതിനെ തുടര്‍ന്ന് ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ സുരക്ഷാ സേന വന്‍ തിരച്ചില്‍ ആരംഭിച്ചു. വിദൂര ഗ്രാമമായ രജൗറിയില്‍ സൈനിക പിക്കറ്റിന് നേരെയുണ്ടായ വലിയ ഭീകരാക്രമണം പരാജയപ്പെടുത്തിയതായി പ്രതിരോധ വക്താവ് ലഫ്റ്റനന്റ് കേണല്‍ സുനീല്‍ ബര്‍ട്ട്വാള്‍ പറഞ്ഞു.
ഓപ്പറേഷന്‍ പുരോഗമിക്കുകയാണെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. ഒരു സൈനികന് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അധികൃതര്‍ ഇത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ജദ്ദാന്‍ ബട്ട ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളിലെ താല്‍ക്കാലിക ക്യാമ്പിന് നേരെ പുലര്‍ച്ചെ രണ്ട് മണിയോടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒരു സൈനികനെ ഹെലികോപ്റ്ററില്‍ ഉധംപൂര്‍ കമാന്‍ഡ് ആശുപത്രിയിലേക്ക് മാറ്റി എന്നാണ് വിവരം.

ജമ്മു കശ്മീര്‍ പൊലീസ്, അര്‍ധ സൈനിക വിഭാഗങ്ങള്‍, രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്നിവരുമായി നടന്ന സംയുക്ത സുരക്ഷാ അവലോകന യോഗത്തില്‍ സൈനിക മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി നിലവിലുള്ള സുരക്ഷാ സാഹചര്യം അവലോകനം ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇത്. വ്യാഴാഴ്ച ദോഡ ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു.
ബുധനാഴ്ച രാത്രി രജൗരി ജില്ലയിലെ സുന്ദര്‍ബാനി സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് (എല്‍ ഒ സി) സമീപമുള്ള ഫോര്‍വേഡ് പോസ്റ്റില്‍ സംശയാസ്പദമായ സാഹചര്യത്തെ തുടര്‍ന്ന് സുരക്ഷാ സേന വെടിയുതിര്‍ക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ നടത്തിയ തിരച്ചിലില്‍ സംശയാസ്പദമായ തെളിവുകളൊന്നും ലഭിച്ചില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ വര്‍ഷം ആദ്യം മുതല്‍, ജമ്മുവിലെ ആറ് ജില്ലകളില്‍ നടന്ന ഒരു ഡസനോളം ഭീകരാക്രമണങ്ങളില്‍ 11 സുരക്ഷാ ഉദ്യോഗസ്ഥരും ഒരു വില്ലേജ് ഡിഫന്‍സ് ഗാര്‍ഡും അഞ്ച് ഭീകരരും ഉള്‍പ്പെടെ 27 പേരാണ് കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച ദോഡ ജില്ലയില്‍ ആയുധധാരികളായ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഓഫീസര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. കത്വ ജില്ലയിലെ മച്ചേദി വനമേഖലയില്‍ ഒരാഴ്ച മുമ്പ് ഭീകരര്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് സംഭവം. ഇതില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ 32 മാസത്തിനിടെ ജമ്മു മേഖലയില്‍ 40 ല്‍ അധികം സൈനികരാണ് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications