'ഇവരുടെ പ്രശ്നം ഇതാണ്'; മധ്യപ്രദേശില്‍ 150 സീറ്റെന്ന രാഹുലിന്റെ അവകാശ വാദത്തെ പരിഹസിച്ച് സിന്ധ്യ
ഭോപ്പാല്‍: ഈ വർഷാവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മധ്യപ്രദേശിൽ 230ൽ 150 സീറ്റുകളും കോണ്‍ഗ്രസ് നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചതിന് പിന്നാലെ രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബി ജെ പി നേതാവും കേന്ദ്ര മന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യ. മധ്യപ്രദേശിനായി ഡൽഹിയിൽ യോഗങ്ങൾ നടക്കുന്നതാണ് കോൺഗ്രസിന്റെ പ്രശ്‌നമെന്നാണ് ജ്യോതിരാദിത്യ സിന്ധ്യ അഭിപ്രായപ്പെട്ടത്.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷത്തോടെ ബി ജെ പി മധ്യപ്രദേശില്‍ സർക്കാർ രൂപീകരിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നും മുന്‍ കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേർത്തു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലേറിയിരുന്നെങ്കിലും ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലുണ്ടായ വിമത നീക്കത്തെ തുടർന്ന് സർക്കാർ വീഴുകയായിരുന്നു. തുടർന്ന് സംസ്ഥാനത്ത് ബി ജെ പി അധികാരം പിടിച്ചു.

സംസ്ഥാനത്ത് 150 സീറ്റെന്ന് രാഹുൽ ഗാന്ധി സ്വപ്നം കാണുകയാണെന്ന് പരിഹസിച്ച് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയും രംഗത്ത് വന്നു. കടങ്ങൾ എഴുതിത്തള്ളുമെന്നും തൊഴിലില്ലായ്മ വേതനം നൽകുമെന്നും അവർ വാഗ്ദാനം ചെയ്തു, അതിന് എന്ത് സംഭവിച്ചുവെന്ന് ഞങ്ങൾ എല്ലാവരും കണ്ടു. 150 സീറ്റുകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശവും അതുപോലെ തന്നെയായിരിക്കുമെന്നും നരോത്തം മിശ്ര പറഞ്ഞു.
അതേസമയം, വരാനിരിക്കുന്ന മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കർണാടകയിലെ വിജയമാതൃക ആവർത്തിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. സംസ്ഥാനത്ത് ഇത്തവണ പാർട്ടിക്ക് വലിയ വിജയ സാധ്യതയുണ്ടെന്നാണ് കഴിഞ്ഞ ദിവസം എ ഐ സി സി അധ്യക്ഷന്‍ മല്ലികാർജ്ജുന്‍ ഖാർഗെയുടെ നേതൃത്വത്തില്‍ ചേർന്ന യോഗത്തില്‍ വിലയിരുത്തപ്പെട്ടത്.
യോഗത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് പുറമെ രാഹുൽ ഗാന്ധിയും കമൽനാഥും ദിഗ്‌വിജയ സിംഗും ഉൾപ്പെടെ സംസ്ഥാനത്തെ ഉന്നത നേതാക്കളുമായി ചർച്ച നടത്തി. പ്രചാരണത്തിന്റെ മുഖമായി സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കമൽനാഥിന്റെ കാര്യത്തിൽ ഏകാഭിപ്രായമുണ്ടെങ്കിലും അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പാർട്ടി അദ്ദേഹത്തെ ഔദ്യോഗികമായി പ്രഖ്യാപിക്കുമോയെന്ന ചോദ്യത്തില്‍ ഇതുവരെ ഉത്തരമായിട്ടില്ല.
2017-ൽ പഞ്ചാബ് ഒഴികെ, തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് അടുത്തകാലത്തൊന്നും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. മധ്യപ്രദേശിന്റെ കാര്യത്തിൽ, പാർട്ടി നേതൃത്വത്തിന് പതിവില്‍ നിന്നും മാറി കമൽനാഥിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മറ്റ് എതിരാളികളൊന്നും തന്നെ ഇല്ലെന്നതാണ് കമല്‍നാഥിന്റെ അനുകൂല ഘടകം.












Click it and Unblock the Notifications