മണിപ്പൂരില്‍ അടവ് മാറ്റി ബിജെപി; ഒടുവില്‍ അഫ്‌സ്പയുടെ കാര്യത്തില്‍ നിലപാടെടുത്തു
ഇംഫാല്‍: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മണിപ്പൂരില്‍ സുപ്രധാന വിഷയമാണ് അഫ്‌സ്പ. സൈനികര്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന നിയമമാണിത്. അഫ്‌സ്പ പിന്‍വലിക്കണമെന്നാണ് മിക്ക പാര്‍ട്ടികളുടെയും നിലപാട്. മണിപ്പൂരില്‍ ഈ അഭിപ്രായമുള്ള നിരവധി സംഘടനകളുമുണ്ട്. എന്നാല്‍ സായുധ സംഘങ്ങള്‍ ശക്തിപ്പെടുമെന്ന ആശങ്ക ചൂണ്ടിക്കാട്ടി അഫ്‌സ്പയുടെ കാലാവധി നീട്ടിക്കൊണ്ടുപോകുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മണിപ്പൂരിലെ പാര്‍ട്ടികള്‍ അഫ്്പ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നു. എന്നാല്‍ വിഷയത്തില്‍ ബിജെപി ഇതുവരെ നിലപാട് വ്യക്തമാക്കിയിരുന്നില്ല. വിമര്‍ശനം കടുത്തതോടെ ഒടുവില്‍ ബിജെപിയും രംഗത്തുവന്നു. ഭാവിയില്‍ അഫ്‌സ്പ പിന്‍വലിക്കാന്‍ അവസരമൊരുക്കുന്ന രീതിയില്‍ സംസ്ഥാനത്ത് സമാധാന അന്തരീക്ഷമുണ്ടാക്കിയത് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ബിജെപിയുടെ ഭരണമാണ് എന്ന് മുഖ്യമന്ത്രി ബിരേന്‍ സിങ് പറഞ്ഞു.

അഫ്‌സ്പ പിന്‍വലിക്കുമെന്ന് എല്ലാ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ബിജെപിയുടെ പ്രകടന പത്രികില്‍ ഇക്കാര്യം പറഞ്ഞിരുന്നില്ല. തുടര്‍ന്നാണ് വിമര്‍ശനം ഉയര്‍ന്നതും മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരണവുമായി രംഗത്തുവന്നതും. മ്യാന്മറുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് മണിപ്പൂര്‍. അഫ്‌സ്പ പിന്‍വലിക്കുന്നതിന് മുമ്പ് കേന്ദ്ര സര്‍ക്കാരിനെ നിലവിലെ സാഹചര്യം ബോധ്യപ്പെടുത്തേണ്ടതുണ്ട്. വിമത സംഘങ്ങളുമായുള്ള ചര്‍ച്ചകള്‍കൂടി ഇതിന് ആവശ്യമാണ്. സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചയ്ക്കുള്ള സാഹചര്യം ഒരുക്കും. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇതിനുള്ള ശ്രമത്തിലാണ്. ഭാവിയില്‍ അഫ്‌സ്പ പിന്‍വലിക്കാന്‍ വേണ്ടിയുള്ള തറക്കല്ലിടലാണ് ബിജെപി നടത്തിയതെന്നും ബിരേന്‍ സിങ് പറഞ്ഞു.
മണിപ്പൂരില്‍ രണ്ടുഘട്ടങ്ങളായിട്ടാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യം ഘട്ടം തിങ്കളാഴ്ചയാണ്. ഈ മണ്ഡലങ്ങളില്‍ ഇന്ന് പരസ്യപ്രചാരണം അവസാനിച്ചു. ബിരേന്‍ സിങ് തന്നെയാണ് ബിജെപിയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. ചെറിയ യോഗങ്ങള്‍ സംഘടിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ പ്രചാരണ രീതി. ഇത്തവണയും അങ്ങനെ തന്നെയായിരുന്നു. ചെറിയ യോഗങ്ങള്‍ സംഘടിപ്പിക്കുകയും വോട്ടര്‍മാരുമായി നേരിട്ട് സംവദിക്കുകയും ചെയ്തു അദ്ദേഹം. ബിജെപി ചെയ്ത കാര്യങ്ങള്‍, ജയിച്ചാല്‍ സംസ്ഥാനത്ത് ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ എന്നിവയെല്ലാം അദ്ദേഹം വോട്ടര്‍മാരുമായി പങ്കുവച്ചു. മാത്രമല്ല, വോട്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. കഴിഞ്ഞ ഒരു മാസം ഓരോ ദിവസവും 12ഓളം ചെറുയോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു ബിരേന്‍ സിങ്.
60 അംഗ നിയമസഭയാണ് മണിപ്പൂരിലേത്. 40 സീറ്റുകള്‍ നേടി ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് ബിരേന്‍ സിങ് അവകാശപ്പെട്ടു. തിരഞ്ഞെടുപ്പിന് ശേഷം പുതിയ നേതൃത്വം വരുമെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തള്ളി. മണിപ്പൂര്‍ അസം അല്ല. അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിയാര് എന്ന് പറയുന്ന രീതി ബിജെപിക്കില്ല. കേന്ദ്ര നേതൃത്വമാണ് ഇതുസംബന്ധിച്ച് തീരുമാനം എടുക്കുക. ആ തീരുമാനം അംഗീകരിക്കാന്‍ ഞാന്‍ തയ്യാറാണ്- അസമിലെ പോലെ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് പുതിയ മുഖ്യമന്ത്രി വരുമോ എന്ന ചോദ്യത്തിന് മറുപടിയായി ബിരേന്‍ സിങ് പറഞ്ഞു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി ജയിക്കും. ജയിക്കാന്‍ വേണ്ടി മാത്രം കളിക്കുന്ന കളിയാണ് രാഷ്ട്രീയമെന്നും ബിരേന്‍ സിങ് പറഞ്ഞു. നേരത്തെ ബിഎസ്എഫിലായിരുന്നപ്പോള്‍ ഫുട്‌ബോള്‍ ടീമിലുണ്ടായിരുന്നു ബിരേന്‍ സിങ്. പിന്നീട് മാധ്യമപ്രവര്‍ത്തകനായി. ശേഷമാണ് രാഷ്ട്രയത്തിലെത്തിയത്.












Click it and Unblock the Notifications