എയര്‍ ഇന്ത്യയില്‍ ബോംബ്; മലയാളികള്‍ക്കെതിരെ കേസ്?
ബാംഗ്ലൂര്‍: വിമാനത്തില്‍ ബോംബ് വെച്ചു എന്ന വ്യാജ സന്ദേശവുമായി ബന്ധപ്പെട്ട് മലയാളികൾക്കെതിരെ എയര്‍ ഇന്ത്യ കേസ് കൊടുക്കാനൊരുങ്ങുന്നു. കൊച്ചിയില്‍ നിന്നും ദില്ലിയിലേക്കുള്ള വിമാനത്തിനാണ് ഭീഷണി ഉണ്ടായത്. വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ട് എന്നായിരുന്നു സന്ദേശം. മലയാളികളാണ് സന്ദേശം അയച്ചതെന്നാണ് റിപ്പോര്‍ട്ട്. സന്ദേശത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ ബാംഗ്ലൂരില്‍ അടിയന്തിരമായി നിലത്തിറക്കി.
ദില്ലിയിലേക്ക് പോകുകയായിരുന്ന വിമാനം ബാംഗ്ലൂര്‍ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിലത്തിറക്കുകയായിരുന്നു. 156 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തില് ഉണ്ടായിരുന്നത്. തിങ്കളാഴ്ച രാത്രി 8.40 ന് കൊച്ചിയില്‍ നിന്നും ദില്ലിയിലേക്ക് പറക്കുകയായിരുന്നു എയര്‍ ഇന്ത്യയുടെ എയര്‍ബസ് 320. വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ട് അടുത്തുള്ള വിമാനത്താവളത്തില്‍ ഇറക്കാനായിരുന്നു സന്ദേശം.

ഭീഷണിസന്ദേശത്തെ തുടര്‍ന്നാണ് ബാംഗ്ലൂരില്‍ വിമാനമിറക്കിയത്. രാത്രി പത്ത് മണിയോടെയാണ് ബാംഗ്ലൂരില്‍ വിമാനം അടിയന്തിരമായി നിലത്തിറക്കിയത്. യാത്രക്കാരെ മുഴുവന്‍ പുറത്താക്കിയ ശേഷം വിമാനം പരിശോധിക്കുകയായിരുന്നു. കൊച്ചി വിമാനത്താവളത്തിലേക്കാണ് അജ്ഞാതന്‍ വിമാനത്തിന് ബോംബ് ഭീഷണിയുണ്ടെന്ന് വിളിച്ചറിയിച്ചത്.
തന്റെ പെണ്‍സുഹൃത്താണ് വിമാനത്തില്‍ ബോംബ് വെച്ച കാര്യം അറിയിച്ചെന്ന് പറഞ്ഞ് പരിഭ്രാന്തിയോടെയാണ് ഇയാള്‍ കൊച്ചി വിമാനത്താവളത്തില്‍ വിളിച്ചത്. സുഹൃത്തിന്റെ ഫോണ്‍ സ്വിച്ചോഫാണെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് അടിയന്തിര സന്ദേശമെത്തിച്ച ശേഷം വിമാനം നിലത്തിറക്കുകയായിരുന്നു. ബോംബ് സ്‌ക്വാഡും സി ഐ എസ് ഫും സംയുക്തമായി തിരച്ചില്‍ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.












Click it and Unblock the Notifications