'ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്ന് തന്നെ പഠിപ്പിക്കണം'; വിവാദ പ്രസ്താവനയുമായി നിർമല സീതാരാമൻ
26-കാരിയായ ചാർട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി നിർമല സീതാരാമൻ. ജോലി സമ്മർദ്ദത്തെ നേരിടാൻ കുട്ടികളെ വീട്ടിൽ നിന്ന് തന്നെ പഠിപ്പിക്കണം എന്നും ദൈവത്തെ ആശ്രയിച്ചാൽ ഇത്തരം സമ്മർദ്ദങ്ങളെ നേരിടാൻ സാധിക്കുമെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന. ചെന്നൈയിലെ ഒരു സ്വകാര്യ കോളേജില്‍ നടന്ന പരിപാടിയ്ക്കിടെയായിരുന്നു മന്ത്രിയുടെ പരാമർശം.
'സിഎ പഠിച്ചൊരു പെൺകുട്ടി, അവൾക്ക് ജോലി സമ്മർദ്ദം താങ്ങാൻ സാധിച്ചില്ല. രണ്ട് മൂന്ന് ദിവസം മുന്‍പ് ഒരു വാർത്ത വന്നു, സമ്മർദ്ദം താങ്ങാൻ കഴിയാതെ അവൾ മരിച്ചെന്ന്. അക്കാദമികമായി കുട്ടികളെ വളർത്തുമ്പോൾ തന്നെ അവർക്ക് ജീവിത പാഠങ്ങളും പഠിപ്പിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തയ്യാറാകണം. പ്രത്യേകിച്ച് സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള ആന്തരിക ശക്തി. കുടുംബങ്ങൾ എന്താണ് പഠിപ്പിക്കേണ്ടത്, നിങ്ങൾ എന്ത് പഠിച്ചാലും ജോലി ചെയ്താലും അതിന്റെ സമ്മർദ്ദങ്ങളെയെല്ലാം മറികടക്കാനുള്ള ആന്തരിക ശക്തി, ദൈവികതയിലൂടെ മാത്രമേ അത് ലഭിക്കൂ.

അതുകൊണ്ട് ദൈവത്തിൽ വിശ്വസിക്കൂ, ദൈവകൃപ നമ്മുക്ക് ഉണ്ടായിരിക്കണം. ദൈവത്തെ കണ്ടെത്താൻ സാധിക്കണം, നല്ല അച്ചടക്കം പാലിക്കണം. അത് നിങ്ങളുടെ ആത്മശക്തി വർധിപ്പിക്കും. ആത്മശക്തിയുണ്ടെങ്കിലെ ആത്മധൈര്യം ഉണ്ടാകൂ. ജീവിതത്തിലെ സമ്മർദങ്ങളെ നേരിടാൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിന് ദൈവികതയും ആത്മീയതയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം.അപ്പോൾ മാത്രമേ നമ്മുടെ കുട്ടികൾക്ക് ആന്തരിക ശക്തി ലഭിക്കൂ, അത് അവരുടെയും രാജ്യത്തിൻ്റെയും പുരോഗതിക്ക് സഹായിക്കുമെന്നാണ് ഞാൻ ഉറച്ച് വിശ്വസിക്കുന്നത്', നിർമല പറഞ്ഞു.
അതേസമയം മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് സംഘടന സെക്രട്ടറി കെസി വേണുഗോപാൽ രംഗത്തത്തി. മന്ത്രിയ വിമർശിച്ചുകൊണ്ടുള്ള കെസി വേണുഗോപാലിന്റെ പ്രതികരണം ഇങ്ങനെ- "വീടുകളില്‍ നിന്ന് സമ്മര്‍ദത്തെ എങ്ങനെ നേരിടണമെന്ന് പഠിപ്പിച്ച് കൊടുക്കണം. ദൈവത്തെ ആശ്രയിച്ചാൽ മാത്രമേ സമ്മർദ്ദങ്ങളെ നേരിടാനാകൂ."ജോലിഭാരം താങ്ങാനാവാതെ മരണത്തിലേക്ക് നടന്നുനീങ്ങിയ അന്നയുടെ വിഷയത്തിൽ കേന്ദ്ര ധനകാര്യ മന്ത്രിയുടെ പ്രസ്താവനയാണ്.
ശരിയാണ്. രണ്ടുമാസം ഒരവധി പോലുമില്ലാതെ ജോലി ചെയ്യേണ്ടിവന്ന, ഉറക്കമില്ലായ്മയും സമയം തെറ്റിയുള്ള ഭക്ഷണക്രമവും ശരീരത്തിന്റെ നിയന്ത്രണംവരെ വിട്ടുപോകുന്ന അവസ്ഥയിലേക്കെത്തിച്ച, ഒടുവിൽ മരണമല്ലാതെ തനിക്കൊരാശ്രയമില്ലെന്ന ഗതികേടിലേക്കെത്തിയ അന്ന സെബാസ്റ്റ്യന്മാരെ രാജ്യത്തിന്റെ ധനകാര്യ മന്ത്രിക്ക് മനസ്സിലാകണമെന്നോ, അവരുടെ യാതന ബോധ്യപ്പെടണമെന്നോ വിചാരിക്കുന്നതിൽ അർത്ഥമില്ല. നിർമലാ സീതാരാമൻ എന്ന മന്ത്രിക്ക് ബോധ്യമുള്ളത് അദാനിമാരുടെയും അംബാനിമാരുടെയും ജീവിതക്രമം മാത്രമാണ്.
സുഖശീതളിമയിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ഈ കോർപ്പറേറ്റ് ഭീമന്മാരുമായി മാത്രം ബന്ധമുള്ള വ്യക്തിയിൽ നിന്ന് ഇതിൽപ്പരം പ്രതീക്ഷിക്കാനുമില്ല. ഇതൊരു മന്ത്രിയുടെ മാത്രം ചിത്രമല്ല. ഈ രാജ്യത്തെ ഇന്നത്തെ ഭരണകൂടത്തിന്റെ മുഴുവൻ ചിത്രമാണ്. കോർപ്പറേറ്റുകളെ മാത്രം കാണുകയും അതേ അത്യാർത്തി നിറഞ്ഞ കോർപ്പറേറ്റ് സംവിധാനം ചൂഷണം ചെയ്യുന്ന അന്നയെപ്പോലുള്ളവർക്ക് നേരെ കണ്ണടയ്ക്കുകയും ചെയ്യുന്ന അനീതിയുടെ നേർസാക്ഷ്യം കൂടിയാണ് നിർമലാ സീതാരാമനെപ്പോലുള്ള കേന്ദ്രമന്ത്രിമാർ.
ഹൃദയവും ആ ഹൃദയത്തിലൊരിത്തിരി സഹാനുഭൂതിയും ഈ സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല. ഹൃദയത്തോട് ചേർത്തുപിടിച്ച് സ്നേഹിച്ച മകൾ നഷ്ടപ്പെട്ടതിന്റെ വേദനയിൽക്കഴിയുന്ന മാതാപിതാക്കളോട് സമ്മർദങ്ങളെ അതിജീവിക്കാൻ മക്കളെ പഠിപ്പിക്കണമെന്ന് പറയുന്ന ക്രൂരതയുടെ കൂടി പേരാണ് മോദി സർക്കാർ.
കോർപ്പറേറ്റ് ലോകത്തെ ചൂഷണങ്ങളിൽ നിന്ന് ഈ നാട്ടിലെ യുവാക്കളെ രക്ഷിക്കുന്നതിനും അവർക്ക് സുരക്ഷിതമായ തൊഴിലിടം സൃഷ്ടിക്കുന്നതിനും വേണ്ട കാര്യങ്ങളാണ് സർക്കാർ ചെയ്യേണ്ടത്, അടിയന്തരമായി. ശതകോടീശ്വരന്മാർക്ക് വേണ്ടി പ്രസംഗിക്കാനല്ല ജനം തെരഞ്ഞെടുത്തതെന്ന ബോധ്യം ഈ സർക്കാരിനുണ്ടാകണം. ജീവനക്കാരുടെ രക്തവും വിയർപ്പും ഊറ്റിക്കുടിച്ച് ജീവിക്കുന്ന കോർപ്പറേറ്റ് ഭീമന്മാരുടെ വക്താക്കളാകരുത് ജനാധിപത്യ സർക്കാരുകൾ എന്ന് തിരിച്ചറിഞ്ഞ് തിരുത്താൻ മന്ത്രി എത്രയും വേഗം തയ്യാറാവണം. ആ മാതാപിതാക്കളോട് മാപ്പ് ചോദിച്ചവണം, അന്നയോട് നീതി കാണിക്കേണ്ടത്.












Click it and Unblock the Notifications