'ദുബായില്‍ നിന്നും മകള്‍ വരുന്നു, അമ്മയ്ക്ക് വേണ്ടത് 10 കിലോ തക്കാളി': വൈറലായി സഹോദരിയുടെ ട്വീറ്റ്
രാജ്യത്തെ തക്കാളി വില താങ്ങാനാവാതെ ദുബായില്‍ നിന്നും നാട്ടിലേക്കെത്തുന്ന മകളോട് 10 കിലോ തക്കാളിയുമായി ആവശ്യപ്പെട്ട് അമ്മ. ദുബായില്‍ താമസക്കാരിയായ മകള്‍ മക്കളുടെ വേനൽ അവധി സമയത്ത് നാട്ടിലേക്ക് വരാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. വീട്ടിലേക്ക് വരുമ്പോള്‍ എന്താണ് അമ്മയ്ക്ക് കൊണ്ടു വരേണ്ടത് എന്ന് ചോദിച്ചപ്പോഴാണ് 10 കിലോ തക്കാളി കൊണ്ടു വരണമെന്ന ആവശ്യം അമ്മയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. പ്രവാസി യുവതിയടെ സഹോദരി തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഇതോടെ സംഭവം നിരവധി ദേശീയ മാധ്യമങ്ങളും ഖലീജ് ടൈംസ് അടക്കമുള്ള അറബ് മാധ്യമങ്ങളും വാർത്തയാവുകയും ചെയ്തു.
"എന്റെ സഹോദരി മക്കളുടെ വേനൽ അവധിക്ക് ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് വരികയായിരുന്നു, ദുബായിൽ നിന്ന് എന്തെങ്കിലും വേണോ എന്ന് അവൾ അമ്മയോട് ചോദിച്ചു, 10 കിലോ തക്കാളി കൊണ്ടുവരൂ എന്നായിരുന്നു അമ്മ പറഞ്ഞത്. അതിനാൽ ഇപ്പോൾ തന്നെ അവൾ 10 കിലോ തക്കാളി ഒരു സ്യൂട്ട്കേസിൽ പായ്ക്ക് ചെയ്ത് അയച്ചു, " സഹോദരി ട്വിറ്ററില്‍ കുറിച്ചു. ഈ ട്വീറ്റ് നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വലയി രീതിയില്‍ വൈറലായി മാറുകയും ചെയ്തു.

കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ തക്കാളിയുടെ വില കുതിച്ചുയർന്നിരുന്നു. ചില സ്ഥലങ്ങളിൽ കിലോയ്ക്ക് 300 രൂപ വരെ വലിയെത്തി. രാജ്യത്തിന്റെ പരമ്പരാഗത പാചകരീതികളിൽ, പ്രത്യേകിച്ച് കറികളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു, തക്കാളി ഇന്ത്യൻ വീടുകളിലെ പ്രധാന പച്ചകറികളിലൊന്നാണ്. അതുകൊണ്ട് തന്നെ വിലക്കയറ്റം കുടുംബങ്ങളുടെ പ്രതിമാസ ബഡ്ജറ്റിനെ തന്നെ താളം തെറ്റിക്കുന്നതായിരുന്നു.
യുഎഇ നിവാസികൾ പഴങ്ങളും പച്ചക്കറികളും സ്വന്തം രാജ്യങ്ങളിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നത് ഇതാദ്യമല്ല. ഈ വർഷമാദ്യം, ഫിലിപ്പീൻസിൽ ഉള്ളിയുടെ വില ക്രമാതീതമായി ഉയർന്നപ്പോൾ, പല ഫിലിപ്പിനോകളും യുഎഇയില്‍ നിന്നും നാട്ടിലേക്ക് ഉള്ളി കൊണ്ടു പോയിരുന്നു. അതേസമയം സസ്യങ്ങളും അവയുടെ ഉൽപ്പന്നങ്ങളും - പഴങ്ങളും വിത്തുകളും പോലെ - നിയന്ത്രിത ചരക്കുകളായി തരംതിരിക്കുകയും ഇവ കൊണ്ടുപോകുന്നത് ചില നിബന്ധനകൾക്ക് വിധേയവുമാണെന്നാണ് യുഎഇയിലെ ഇന്ത്യൻ എംബസി പുറപ്പെടുവിച്ച ഒരു നിർദേശം അനുസരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, രാജ്യത്ത് പലയിടത്തും തക്കാളിയുടെ വില കുറഞ്ഞ് വരുന്നുണ്ട്. വില കുറയുന്ന പ്രവണത കണക്കിലെടുത്ത് ഇന്ന് മുതൽ കിലോയ്ക്ക് 70 രൂപ നിരക്കിൽ തക്കാളി ചില്ലറ വിൽപ്പന നടത്താൻ ഉപഭോക്തൃകാര്യ വകുപ്പ് എൻ സി സിഎഫിനും നാഫെഡിനും നിർദ്ദേശം നൽകി. എൻസിസിഎഫും നാഫെഡും സംഭരിച്ച തക്കാളി തുടക്കത്തിൽ കിലോയ്ക്ക് 90 രൂപയ്ക്ക് ചില്ലറ വിൽപ്പന നടത്തുകയും പിന്നീട് 2023 ജൂലൈ 16 മുതൽ കിലോയ്ക്ക് 80 രൂപയായികുറയ്ക്കുകയും ചെയ്തു. കിലോഗ്രാമിന് 70 രൂപയായി കുറച്ചത് ഉപഭോക്താക്കൾക്ക് കൂടുതൽ ഗുണം ചെയ്യും.












Click it and Unblock the Notifications