ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ അഞ്ചു വനിതകള്‍; പ്രചോദനമേകും ഇവരുടെ കഠിനാധ്വാനം
നൂറ് കോടിയിലേറെ ജനങ്ങള്‍ അധിവസിക്കുന്ന ഇന്ത്യയില്‍ ശതകോടീശ്വര പട്ടികയില്‍ ഇടംപിടിക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ സ്ത്രീകള്‍ നിര്‍ണായക ശക്തിയായി വളര്‍ന്നുവരുന്നുവെന്ന സൂചനകളാണ് ഏറ്റവും പുതിയ ഫോബ്‌സിന്റെ റിപ്പോര്‍ട്ട് നല്‍കുന്നത്. വ്യവസായ മേഖലകളില്‍ നേതൃസ്ഥാനേത്തക്ക് നിരവധി വനിതകളാണ് സമീപ കാലത്തായി എത്തുന്നത്. ഇന്ത്യയിലെ മാറിയ സാമൂഹിക സാഹചര്യങ്ങള്‍ സ്ത്രീകള്‍ക്ക് അനുകൂലമായതിനൊപ്പം അവരുടെ കഠിനാധ്വനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ഫലം കൂടിയാണ് ശതകോടീശ്വര പദവി. സാമ്പത്തിക വളര്‍ച്ചയെ പിന്തുണച്ചും തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും സ്ത്രീകള്‍ തങ്ങളുടെ മേഖലയില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
ഫോബ്‌സ് മാഗസിന്റെ കണക്കുകള്‍ അനുസരിച്ച്, ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ ചെയര്‍പേഴ്‌സണ്‍ ഇമരിറ്റസും ഹരിയാന എംഎല്‍എയുമായ സാവിത്രി ജിന്‍ഡാലാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ സ്ത്രീ. 34.3 ബില്യണ്‍ ഡോളര്‍ ആസ്തിയുമായാണ് 74 കാരിയായ സാവിത്രി ജിന്‍ഡാല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. സ്റ്റീല്‍, ഊര്‍ജം, അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ജിന്‍ഡാല്‍ ഗ്രൂപ്പിനെ മുന്നോട്ട് നയിക്കുന്നതില്‍ സാവിത്രിയുടെ പങ്ക് നിര്‍ണായകമാണ്.

രേഖ ജുന്‍ജുന്‍വാല
ഫോബ്‌സിന്റെ റിയല്‍ ടൈം ബില്യണയര്‍ റാങ്കിങ് പട്ടിക പ്രകാരം ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ രണ്ടാമത്തെ സ്ത്രീ രേഖ ജുന്‍ജുന്‍വാലയാണ്. ഭര്‍ത്താവ് രാകേഷിന്റെ മരണശേഷമാണ് രേഖ കോടികള്‍ മൂല്യമുള്ള സ്വത്തിന് അവകാശിയായിത്തീര്‍ന്നത്. ടൈറ്റന്‍, ടാറ്റ മോട്ടോഴ്‌സ് എന്നിങ്ങനെ പ്രമുഖ കമ്പനികളില്‍ വലിയ നിക്ഷേപമാണ് രേഖ ജുന്‍ജുന്‍വാലയ്ക്കുള്ളത്. 76,840 കോടിയാണ് ഇവരുടെ ആസ്തി.
വിനോദ് ഗുപ്തയാണ് ഫോബ്‌സ് പട്ടികയില്‍ മൂന്നാമതുള്ളത്. ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്നാണ് വിനോദ് ഗുപ്ത ഹാവല്‍സ് എന്ന ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഇലക്ട്രിക്കല്‍ ഉപകരണ കമ്പനിയുടെ നിയന്ത്രണം ഏറ്റെടുത്തത്. കമ്പനിയെ പുതിയ ഉയരങ്ങളിലേക്ക് വിനോദ് ഗുപ്ത എത്തിച്ചു. 79 വയസുള്ള വിനോദ് ഗുപ്തയുടെ ആസ്തി 55,123 കോടി രൂപയാണ്. ഇന്ത്യയിലെ ഏറ്റവുമധികം സമ്പത്തുള്ള മൂന്നാമത്തെ വനിതയാണ് വിനോദ് ഗുപ്ത.

രേണുക ജഗത്യാനി
ദുബായി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റീട്ടെയില്‍ ഭീമനായ ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പിന്റെ ചെയര്‍വുമണും സിഇഒയുമായ രേണുക ജഗത്യാനിയാണ് ഇന്ത്യയിലെ നാലാമത്തെ സമ്പന്നയായ വനിത. 40,089 കോടി രൂപയാണ് ഇവരുടെ ആസ്തി. കമ്പനിയുടെ വികസനത്തിലും വിജയത്തിലും രേണുകയുടെ പങ്ക് നിര്‍ണായകമാണ്. ലോകമെമ്പാടും 50,000-ത്തിലധികം ജീവനക്കാരാണ് രേണുകയുടെ കീഴിലുള്ളത്. ഭര്‍ത്താവ് മിക്കി ജഗത്യാനിയാണ് 1973ല്‍ കമ്പനി സ്ഥാപിച്ചത്. 2023 ല്‍ അദ്ദേഹത്തിന്റെ മരണശേഷമാണ് രേണുക ജഗത്യാനി കമ്പനി ഏറ്റെടുത്തത്.
പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഊര്‍ജ രംഗത്തെ കമ്പനിയായ തെര്‍മാക്‌സിന്റെ മുന്‍ മേധാവി അനു ആഗയാണ് പട്ടികയില്‍ അഞ്ചാമത്. 2004 ല്‍ മകള്‍ക്ക് ഭരണം കൈമാറുന്നതു വരെ അനു തെര്‍മാക്സിന്റെ ചെയര്‍മാനായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു. കമ്പനിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കാണ് അനുവിനുള്ളത്. 82-കാരിയായ അനുവിന്റെ ആസ്തി 40 കോടി രൂപയിലേറെയാണ്.












Click it and Unblock the Notifications