ബാലസോറിലെ അപകടസ്ഥലത്ത് നിന്ന് പരിക്കേറ്റ യാത്രക്കാരെ കൊണ്ടുപോയ ബസ് അപകടത്തില്‍പ്പെട്ടു
ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോറിലെ ട്രെയിന്‍ അപകടത്തില്‍ പരിക്കേറ്റവരെയും കൊണ്ടുപോയ ബസ് അപകടത്തില്‍പ്പെട്ടു. ബംഗാളിലെ മേദിനിപൂരില്‍ വെച്ചാണ് അപകടമുണ്ടായത്. അതേസമയം ബസ്സിന്റെ മുന്‍ഭാഗം അപകടത്തില്‍ തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് മേദിനിപൂരിലെ ദേശീയ പാതയില്‍ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്.
ബസിന്റെ മുന്‍ ഭാഗം ഒരു പിക്കപ്പ് വാനുമായിട്ടാണ് കൂട്ടിയിടിച്ചത്. ബംഗാളിലെ വിവിധ ജില്ലകളിലേക്ക് ചികിത്സക്കായിട്ടാണ് പരിക്കേറ്റവരെ കൊണ്ടുവന്നത്. അതേസമയം അപകടത്തെ തുടര്‍ന്ന് ബസ്സിലുള്ള നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്ക് നിസ്സാരമാണെന്നാണ് സൂചന.

പരിക്കേറ്റവരെ പോലീസ് തന്നെ രക്ഷപ്പെടുത്തി, ഇവരെ വിവിധ ആശുപത്രികളിലേക്ക് അയച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബാലസോര്‍ സന്ദര്‍ശിച്ച് സാഹചര്യങ്ങള്‍ വിലയിരുത്തി.
അപകടസ്ഥലം സന്ദശിച്ച പ്രധാനമന്ത്രി ദുരിതാശ്വാസ പ്രവര്‍ത്തനം എങ്ങനെ നടക്കുന്നുവെന്നും ചോദിച്ചറിഞ്ഞു. 'ഈ ദുരന്തത്തെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല. അത്രയ്ക്കധികം വിഷമം ഇക്കാര്യത്തിലുണ്ട്. ദുരന്തം ബാധിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ഇതൊരു ബുദ്ധിമുട്ടേറിയ സമയമാണ്. ദൈവം അതിനെ നേരിടാനുള്ള കരുത്ത് നല്‍കട്ടെയെന്നും' പ്രധാനമന്ത്രി പറഞ്ഞു.
'പരിക്കേറ്റ യാത്രക്കാരെ എല്ലാ വിധ മെഡിക്കല്‍ സഹായവും നല്‍കി പരിചരിക്കും. ഇതൊരു ഗുരുതര വിഷയമാണ്. എല്ലാ കാര്യങ്ങളും പഠിച്ച് അന്വേഷണം നടത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്നും' മോദി വ്യക്തമാക്കി.
ആദ്യം അപകടസ്ഥലം സന്ദര്‍ശിച്ച പ്രധാനമന്ത്രി പിന്നീട് ബാലസോറിലെ ആശുപത്രിയിലെത്തി പരിക്കേറ്റവരെയും കണ്ടു. റെയില്‍വേ മന്ത്രിയും ഒപ്പമുണ്ടായിരുന്നു. അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ റെയില്‍വേ മന്ത്രിയുടെ രാജിക്കായി ആവശ്യപ്പെട്ടിരിക്കുകയാണ്.
എന്നാല്‍ ഇത് രാഷ്ട്രീയം കളിക്കേണ്ട സമയമല്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണോ പറഞ്ഞു.നേരത്തെ കോണ്‍ഗ്രസും, തൃണമൂല്‍ കോണ്‍ഗ്രസും അടക്കമുള്ളവര്‍ റെയില്‍വേ മന്ത്രിക്കെതിരെ രംഗത്ത് വന്നിരുന്നു.
'നമ്മുടെ റെയില്‍വേ മന്ത്രി ആവര്‍ത്തിച്ച് പറയുന്നത് നമ്മുടെ സംവിധാനങ്ങള്‍ സുരക്ഷയേറിയതാണെന്നാണ്. വലിയ അപകടങ്ങളാന്നും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഈ അപകടം എങ്ങനെയാണ് ഉണ്ടായത്. ട്രെയിന്‍ അപകടമുണ്ടായപ്പോഴാണ് ലാല്‍ ബഹാദൂര്‍ ശാസ്ത്രി രാജിവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭയില്‍ നിന്ന് ഇതൊന്നും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ റെയില്‍വേ മന്ത്രിക്ക് ഇതില്‍ നാണക്കേട് തോന്നുന്നുണ്ടെങ്കില്‍, അദ്ദേഹം രാജിവെക്കുമായിരുന്നുവെന്ന്' ദിഗ് വിജയ് സിംഗ് പറഞ്ഞു.
റെയില്‍വേ മന്ത്രാലയത്തില്‍ നിന്ന് വീഴ്ച്ച സംഭവിച്ചതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ആരോപിച്ചു. ട്രെയിന്‍ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാവുന്ന പ്രതിരോധ സംവിധാനം താന്‍ റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ ഉണ്ടായിരുന്നു. അത് ഈ സർക്കാരിന്റെ കാലത്ത് ഉണ്ടായിട്ടില്ലെന്നും മമത ആരോപിച്ചു.












Click it and Unblock the Notifications